ശ്രീനഗര്‍: പാകിസ്ഥാന് മൂന്നായി വിഭജിക്കുന്ന കാലം വിദൂരമല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇങ്ങനെ പോയാല്‍ പാകിസ്ഥാന്റെ നിര്‍ദേശപ്രകാരം ഭാരതത്തില്‍ ഭീകരത പടര്‍ത്തുന്നവര്‍ക്ക് ശവസംസ്കാരത്തിന് സ്ഥലം പോലും ഉണ്ടാകില്ലെന്ന് യോഗി പറഞ്ഞു. ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1960ലെ സിന്ധു നദീജല ഉടമ്പടി പുനഃപരിശോധിക്കാന്‍ ഭാരതം തയാറെടുക്കുകയാണ്. ബലൂചിസ്ഥാനും പാക് അധിനിവേശ കശ്മീരും പാകിസ്ഥാന്റെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. പട്ടിണി കിടന്ന് മരിക്കുന്നതിനുപകരം ജമ്മു കശ്മീരിന്റെ ഭാഗമാകാനാണ് അവര്‍ക്ക് താത്പര്യം. അഖണ്ഡ ഭാരതം സാക്ഷാത്കരിക്കുന്നതിന് ഇവര്‍ മുന്നോട്ട് വരുന്നത് അതിമനോഹരമായ കാഴ്ചയാണെന്നും യോഗി പറഞ്ഞു. കോണ്‍ഗ്രസും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കശ്മീരിനെ മതഭ്രാന്തിന്റെ തടവറയാക്കി മാറ്റി. ഇവരുടെ തണലില്‍ ഭീകരവാദവും അഴിമതിയും പടര്‍ന്ന് പന്തലിച്ചു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതോടെ ജമ്മു കശ്മീര്‍ വികസനത്തിന്റെ രുചിയറിഞ്ഞു. ഭീകര മേഖലയില്‍ നിന്ന് ഒരു ടൂറിസം കേന്ദ്രമായി താഴ്വര മാറി. പ്രതിപക്ഷം യുവാക്കള്‍ക്ക് തോക്ക് നല്കിയപ്പോള് നരേന്ദ്ര മോദി സര്‍ക്കാര്‍ അവര്‍ക്ക് ടാബ്ലെറ്റുകള് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം 1947ല്‍ തന്നെ നിര്‍മിക്കാമായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളോളം പ്രശ്നം നീട്ടിക്കൊണ്ടുപോവുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ 65 വര്‍ഷം കോണ്‍ഗ്രസിന് സാധിച്ചില്ല. ബിജെപി അധികാരത്തില്‍ എത്തിയതോടെ 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നം പരിഹരിച്ചു. പ്രശ്നങ്ങളുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. എല്ലാ ദേശീയ പ്രശ്നങ്ങള്‍ക്കും പിറകില്‍ കോണ്‍ഗ്രസാണ്. അവര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനാണ് ശ്രമിച്ചതെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: