കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആശങ്കയില്ലാതെ ഭാരതം ഇന്ന് കാണ്‍പൂരില്‍ രണ്ടാം പോരാട്ടത്തിനിറങ്ങും. രണ്ട് മത്സരങ്ങളില്‍ ആദ്യത്തേത് ജയിച്ച് പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കിയിരിക്കയാണ് ഭാരതം. ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് ജയിക്കാനായാല്‍ പരമ്പര സമനിലയിലാക്കാം എന്ന ആത്മവിശ്വാസം ബംഗ്ലാദേശിനുണ്ട്.
പാകിസ്ഥാനെതിരെ അവരുടെ നാട്ടില്‍ രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് നേടിയ വമ്പുമായാണ് ബംഗ്ലാദേശ് ഭാരതത്തിലെത്തിയത്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഭാരതത്തെ ആറിന് 144 റണ്‍സിലെത്തിച്ച് പ്രതിസന്ധിയിലാക്കും വരെ അവര്‍ വിജയിച്ചിരുന്നു. അവിടെ നിന്നും ഭാരത ബാറ്റിങ്ങിലെ ബിലോ മിഡില്‍ ഓര്‍ഡറിന്റെ കരുത്ത് അറിയിച്ച് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നയിച്ചത് ടെസ്റ്റ് വിജയത്തിലേക്കാണ്.
ഓള് റൗണ്ട് മികവിലുള്ള വിജയമാണ് ബംഗ്ലാദേശിനെതിരെ ഭാരതം നേടിയത്. മുന്‍നിര ബാറ്റര്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും മൊത്തത്തിലുള്ള സംഭാവന വെറും 34 റണ്‍സ് ആയിരുന്നു. എന്നിട്ടും രണ്ട് ഇന്നിങ്സുകളിലായി മൂന്ന് പേര് സെഞ്ചുറി നേടിയും രണ്ട് പേര് അര്‍ദ്ധസെഞ്ചുറി നേടിയും ഭാരത ഇന്നിങ്സ് ശക്തമാക്കി.
ബൗളിങ് നിരയും പിച്ചിന്റെ ഗതി നിര്‍ണയിച്ച് തീപന്തുകളെറിഞ്ഞു. ആദ്യ ഇന്നിങ്സില്‍ പേസര്‍മാര്‍ എട്ട് ബംഗ്ലാ വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ദൗത്യം സ്പിന്നര്‍മാര്‍ ഗംഭീരമായി നിര്‍വഹിച്ചു. അപ്പോഴേക്കും ചെപ്പോക്കിലെ പിച്ച് സ്പിന്നിന് അനുകൂലമായി തിരിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റുകളാണ് ഭാരത സ്പിന്നര്‍മാര്‍ വീഴ്ത്തിയത്.
കാണ്‍പൂരിലേക്ക് വരുമ്പോള്‍ ബംഗ്ലാദേശിന് കാര്യമത്ര എളുപ്പമല്ല. പൊതുവില്‍ ഹോം ഗ്രൗണ്ടുകളില്‍ എത്ര വലിയ വമ്പന്മാരെയും കീഴ്പ്പെടുത്താനുള്ള ശേഷി ഭാരതത്തിനുണ്ട്. അത് നിലനിര്‍ത്താന്‍ കാണ്‍പൂരിലും ഭാരതത്തിന് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കാണ്‍പൂരിലെ പിച്ച് ആദ്യ ദിനം പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കും. അവസാന രണ്ട് ദിവസം സ്പിന്നിന് അനുകൂലമായി രൂപാന്തരപ്പെടും. മഴ പെയ്താല്‍ പിച്ച് ബൗളിങ്ങിന് അനുകൂലമായി മാറും. അത് ടോസ് നിര്‍ണായകമാകുന്ന സാഹചര്യത്തിന് വഴിവെക്കും.
ആദ്യ ടെസ്റ്റില്‍ കളിച്ച ഭാരത ടീമില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇന്നത്തെ മത്സരത്തിനുണ്ടാകാനിടയില്ല. പേസ് ബൗളര്‍ ആകാശ് ദീപിനെ മാറ്റി മൂന്ന് സ്പിന്നര്‍മാരെ ഇറക്കിയേക്കും. കുല്‍ദീപ് യാദവിനോ അക്ഷര്‍ പട്ടേലിനോ ആയിരിക്കും അവസരം ലഭിക്കുക.
സാധ്യതാ ഇലവന്
ടീം ഭാരതം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്. അശ്വിന്. കുല്‍ദീപ് യാദവ്/ അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്, നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ(ക്യാപ്റ്റന്‍), മോനിമുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്, ലിറ്റന്‍ ദാസ്(വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന് മിറാസ്, തൈജുല്‍ ഇസ്ലാം, ഹസന് മഹ്മൂദ്, ടാസ്കിന് അഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: