കവിത
തപ്തം
ഒ വി ഉഷ
നീയെന്റെ പേരു വിളിച്ചതോ, കാറ്റുവ-
ന്നീയെരിതീക്കനലൂതിത്തെളിച്ചതോ?
രാത്രിശലഭമോ ഞെട്ടിപ്പറന്നതെന്
ആര്‍ത്തമാം ജീവനെ കാക്കുന്ന നിദ്രയോ?
ചാരം തടയുന്നു, പൊള്ളും യുഗാന്തര-
സാരം, ഒഴുകിത്തിളയ്ക്കുന്നു ലാവയായ്!
എങ്കിലും, എന്നേയറിഞ്ഞു കഴിഞ്ഞു ഞാന്‍
നിങ്കലണഞ്ഞു പ്രകാശമായ്ത്തീരുവാന്
ഇങ്ങനെ തീയും ചുവക്കുന്ന ചാരവും
ഭംഗമില്ലാതെ തപിക്കുന്ന രീതിയും
വേണം- കടന്നു കടന്നങ്ങു പോരുവാന്‍
വേണമീ നിദ്രാവിഹീനമുണര്ച്ചയും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: