തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണം. ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമപരമായ പരമാവധി ശിക്ഷ നല്‍കണമെന്ന് തിരുപ്പതി ലളിതാപീഠത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
തിരുപ്പതിയിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി ഉയരുന്ന ആരോപണങ്ങളില്‍ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡലിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള സംന്യാസിശ്രേഷ്ഠരുടെ യോഗം കടുത്ത വേദനയും ആശങ്കയും രോഷവും പ്രകടിപ്പിച്ചു. ഇത് അതീവഗുരുതരവും ഹിന്ദുവിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നതുമാണ്. കോടാനുകോടി ഭക്തരുടെ ഏറ്റവും ആദരണീയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നിന്റെ പവിത്രതയെ തകര്‍ക്കുന്ന ആരോപണങ്ങളാണിതെന്ന് മാര്‍ഗദര്‍ശക മണ്ഡല് പ്രമേയം ചൂണ്ടിക്കാട്ടി.
ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെയും ഇതരമതസ്ഥരെ ക്ഷേത്രഭരണത്തിലെ അധികാര സ്ഥാനങ്ങളിലേക്ക് നിയമിച്ചതിന്റെയും നേരിട്ടുള്ള ഫലമായാണ് മാര്‍ഗദര്‍ശക് മണ്ഡല് ഈ സംഭവത്തെ കാണുന്നത്. ഇത്തരം നടപടികള്‍ ഹിന്ദു ദേവസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ഭക്തര്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രമേയം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ മേലുള്ള നിയന്ത്രണം ഉടന്‍ അവസാനിപ്പിക്കണം. ക്ഷേത്രങ്ങളുടെ നടത്തിപ്പ് കൈകാര്യം ചെയ്യാന്‍ ഹിന്ദു സമൂഹത്തെ അനുവദിക്കണം. വിശ്വാസത്തിന്റെയും ആത്മീയതയുടെയും കേന്ദ്രങ്ങളായി മാറുംവിധം ഹിന്ദു പാരമ്പര്യങ്ങള്‍ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമര്‍പ്പിതരായ വ്യക്തികളുടെ നിയന്ത്രണത്തിലാവണം ക്ഷേത്രങ്ങള്‍. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സ്വതന്ത്രമായി മേല്‍നോട്ടം വഹിക്കുന്ന ധാര്‍മിക പരിഷത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മാര്‍ഗദര്‍ശക് മണ്ഡല് ആവശ്യപ്പെട്ടു. സംന്യാസിമാര്‍, ഹിന്ദു സംഘടനകള്‍, പണ്ഡിതന്മാര്, ഭക്തര്‍ എന്നിവരില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാകണം ഈ ബോര്‍ഡ്. ഇത് ക്ഷേത്ര ഭരണത്തിന് ജനാധിപത്യപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമീപനം ഉറപ്പാക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
മതപരമായ അവഹേളനമോ ക്ഷേത്രകാര്യങ്ങളിലെ ഇടപെടലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: