കായിക മേഖലയില്‍ ഭാരതത്തിന്റെ നവോത്ഥാന കാലം തന്നെയാണിത്. ഒറ്റപ്പെട്ട നേട്ടങ്ങളില്‍നിന്ന് നേട്ടങ്ങളുടെ വൈവിധ്യത്തിലേക്ക് മാറാന്‍ നമുക്കു കഴിയുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചെസ് ഒളിംപ്യാഡിലെ ഇരട്ട വിജയം. ക്രിക്കറ്റ്, ഹോക്കി, അത്ലറ്റിക്സ് തുടങ്ങി ചുരുക്കം ചില ഇനങ്ങളില്‍ മാത്രം ശ്രദ്ധേയമായ അന്താരാഷ്ട്ര മികവു കാണിക്കുന്ന ഭാരതത്തെയാണ് ഏതാനും വര്‍ഷങ്ങള്‍ മുന്‍പുവരെ കണ്ടുപോന്നതെങ്കില് അതിവേഗം അതു മാറുന്ന കാഴ്ചയാണ് ഏതാണ്ട് ഒരു പതിറ്റാണ്ടിലായി കണ്ടുവരുന്നത്. കായിക-ബൗദ്ധിക വിനോദങ്ങളില്‍ ഒരുപോലെ ഈ ഉണര്‍വ് കാണാനാകുന്നത് സമീപകാല അനുഭവം. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിംപ്യാഡില്‍ ഭാരതം നേടിയ ഇരട്ട വിജയം, ആ രംഗത്ത് നാം എത്രമാത്രം ചുവടുറപ്പിച്ചു കഴിഞ്ഞു എന്നു വ്യക്തമാക്കുന്നതായി. വിശ്വനാഥന് ആനന്ദിന്റെ അഞ്ച് ലോക ചെസ് കിരീടനേട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഭാരതം ടീമെന്ന നിലയില്‍ നേടുന്ന ആദ്യ ലോക ചെസ് വിജയമാണ് അവിടെ കണ്ടത്. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും നേടിയ ലോക വിജയത്തിന്, ഒരു ടീമായി ഒരുമിച്ചു നേടിയ വിജയം എന്ന വലിയ പ്രത്യേകതയുണ്ട്. ടീം വിജയവും വ്യക്തിഗത വിജയവും തമ്മില്‍ കാര്യമായ അന്തരമുണ്ട്. ആനന്ദ് ചെസിലും പി.ടി. ഉഷയും അഞ്ജുബോബി ജോര്‍ജും അത്ലറ്റിക്സിലും ലോക നിലവാരത്തില്‍ നടത്തിയ പ്രകടനങ്ങളും നേട്ടങ്ങളും തീര്‍ച്ചയായും മറ്റു രംഗങ്ങളിലെയും ഉണര്വിന് വഴിതുറന്നിട്ടുണ്ടാകുമെന്നു തീര്‍ച്ച.
സുവര്‍ണകാലത്ത് ഹോക്കിയില്‍ കൈവരിച്ച ഒളിംപിക് നേട്ടങ്ങളും ക്രിക്കറ്റിലെ കുതിച്ചുകയറ്റവും കായികരംഗത്ത് ഭാരതം കരുത്തുകൊണ്ടു സാന്നിധ്യമറിയിച്ച സംഭവങ്ങളാണ്. ഓര്‍മയില്‍ പൂത്തുനില്ക്കുന്ന ആ നേട്ടങ്ങളുടെ തണല്പറ്റിയും പുത്തന്‍ ഉണര്‍വിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടും വര്‍ത്തമാനകാലത്ത് ഭാരതം എത്തിപ്പിടിക്കുന്ന വിജയങ്ങളുടെ പൊന്‍തിളക്കം ഭാസുരമായ ഭാവിയിലേക്കുള്ള ചൂണ്ടുപലകതന്നെയാണ്. തമിഴ്നാട്ടുകാരന് ഡി. ഗുകേഷ് ലോക ചെസ് കിരീടപ്പോരാട്ടത്തിന് ഒരുങ്ങി നില്ക്കുകയാണല്ലോ. വിശ്വനാഥന് ആനന്ദിന്റെ പിന്‍ഗാമിയെ ഗുകേഷില്‍ പ്രതീക്ഷിക്കാം. ചെസ് ഒളിംപ്യാഡിലെ സുവര്‍ണ വിജയത്തില്‍ ഗുകേഷും പങ്കാളിയായിരുന്നല്ലോ. നവംബറില്‍ സിംഗപ്പൂരില്‍ ലോക ചെസ് പോരാട്ടത്തിന് വേദിയൊരുങ്ങുമ്പോള്‍ ലോക കിരീട വിജയത്തില്‍ ആനന്ദിന് ഒരു പിന്‍ഗാമി ഗുകേഷിലൂടെ പിറക്കുമെന്നു തന്നെ കരുതാം.
കളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നതെങ്കിലും ചെസ് കായിക വിനോദമല്ല. അതു ബൗദ്ധികമാണ്, ഇന്റലക്ച്വല്‍ ഗെയിം. കളങ്ങളിലൂടെ കളിയും വിജയവും കിരീടവും വെട്ടിപ്പിടിക്കുന്ന ഈ കളിക്ക് ഒരു രാജകീയ പ്രൗഢിയുമുണ്ട്. വിജയത്തിനൊപ്പം പിടിച്ചെടുക്കുന്നതു രാജകിരീടമാണല്ലോ. വിജയി ആവേശത്തിന്റെ കൊടുമുടിയിലെത്തുന്ന വികാരം അതിലുണ്ട്. ചെസ് ഒളിംപ്യാഡില്‍ രാജാക്കന്മാരുടേയും റാണിമാരുടേയും പടയാണ് ജയിച്ചു കയറിയത്. ഇരു വിഭാഗത്തിലുമായി നാലുപേര്‍ മികച്ച താരത്തിനുള്ള സ്വര്‍ണമെഡല്‍ സ്വന്തമാക്കുകയും ചെയ്തു. പുരുഷന്മാരില് ഗുകേഷും അര്ജുന് എരിഗാസിയും വനിതകളില്‍ ദിവ്യ ദേശ്മുഖും വന്തിക അഗര്‍വാളും. പതിനൊന്നു റൗണ്ടു വീതം നീണ്ട മത്സര പരമ്പരയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഭാരതം ഒരു റൗണ്ടില്‍പോലും തോറ്റില്ല എന്നത് എടുത്തുതന്നെ പറയാം. 188 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഭാരതത്തിന്റെ അനിഷേധ്യമായ മികവായിരുന്നു ഉടനീളം എന്നു ചുരുക്കം. വ്യക്തിപരമായി ഒരു മത്സരം തോറ്റ പ്രജ്ഞാനന്ദ ഒഴിച്ചാല്‍ ആരും പരാജയമറിഞ്ഞുമില്ല. 169 രാജ്യങ്ങള്‍ പോരാടിയ വനിതാ പരമ്പരയില്‍ ഭാരതവനിതകള്‍ ഒരു കളി തോറ്റു, ഒന്നില്‍ സമനില വഴങ്ങി.
ഒളിംപ്യാഡ് കണ്ട ഏറ്റവും ശ്രദ്ധേയമായ നേട്ടം ഭാരതത്തിന്റെ യുവനിരയാണ് ഈ നേട്ടത്തിന്റെ അടിത്തറയില്‍ എന്നതാണ്. ഓപ്പണ്‍ വിഭാഗത്തില്‍ ഹരികൃഷ്ണ മാത്രമാണ് പരിചയസമ്പത്ത് അവകാശപ്പെടാവുന്ന കളിക്കാരന്. വനിതകളില്‍ വൈശാലിയും ഹരികയും. പക്ഷേ, പരിചയ സമ്പന്നര്‍ വീണിട്ടും പുതുതലമുറ പൊരുതിക്കയറി എന്നത് അതിലേറെ ശ്രദ്ധേയം. യുവരക്തമാണ് ഭാരതത്തിന്റെ കരുത്ത്, പലമേഖലകളേയും പോലെ ചെസിലെ കളിക്കളങ്ങളിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: