അഭിമുഖം
അശ്വതി വി നായര്‍ X സുധീഷ് കെ
എംടി-കലാമണ്ഡലം സരസ്വതി ദമ്പതിമാരുടെ മകളും നര്‍ത്തകിയുമായ അശ്വതി വി. നായര്‍
നൃത്തം, എഴുത്ത്, സിനിമ
തുടങ്ങിയ തന്റെ കലാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു…
എഴുത്തും നടനവും ചേര്‍ന്നൊരു കലാകുടുംബമാണ് അശ്വതിയുടെത്. അച്ഛന്‍ എം.ടി.വാസുദേവന്‍ നായര്‍, അമ്മ കലാമണ്ഡലം സരസ്വതി. വ്യത്യസ്ത കലാവഴികളിലെ വിശേഷണങ്ങള്‍ക്കതീതമായ രണ്ട് സാന്നിധ്യങ്ങള്‍. എന്നാല്‍ പത്രപ്രവര്‍ത്തനമായിരുന്നു അശ്വതിക്ക് താത്പര്യം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ജേണലിസം കോഴ്‌സില്‍ ഉപരിപഠനത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് ചില ആകസ്മികസാഹചര്യങ്ങള്‍ നൃത്തവഴിയിലേക്ക് തിരിച്ചുവിടുന്നത്. പതിനെട്ടുവര്‍ഷത്തോളം പഠിച്ച സംഗീതംപോലും മാറ്റിവച്ച് അമ്മവഴികൂടിയായ നടനലോകമായിത്തീര്‍ന്നു പിന്നീടുള്ള ജീവിതം. അച്ഛന്‍വഴിയായ സാഹിത്യത്തിലും അശ്വതി ഇപ്പോള്‍ സജീവമാണ്. അശ്വതിയുടെ ആദ്യകഥ രണ്ടുവര്‍ഷം മുമ്പ് ഭാഷാപോഷിണിയിലാണ് പ്രസിദ്ധീകരിച്ചത്. അടുത്തിടെ റിലീസായ മനോരഥങ്ങള്‍ എന്ന ആന്തോളജിയില്‍ വില്പന എന്ന ചെറുസിനിമ സംവിധാനം ചെയ്തുകൊണ്ട് അശ്വതി സിനിമയിലും കൈവച്ചിരിക്കുകയാണ്.
കലയുടെ മൂന്ന് ഭാവങ്ങളില്‍ സാന്നിധ്യമറിയിച്ച അശ്വതി മാറുന്ന കാലത്തിന്റെ പശ്ചാത്തലത്തില്‍ മാറുന്ന കലയെക്കുറിച്ച് സംസാരിക്കുന്നു:
അമ്മ അറിയപ്പെടുന്നൊരു നര്‍ത്തകിയായിരുന്നല്ലോ. എന്നിട്ടും എന്താണ് ഈ രംഗത്തേക്ക് വരാന്‍ വൈകിയത്?
ഉ: നൃത്തം പഠിച്ചിരുന്നുവെങ്കിലും അതൊരു പ്രൊഫഷനാക്കണമെന്ന് ആദ്യം തോന്നിയിരുന്നില്ല. മാത്രമല്ല, അമ്മയും മകളും എന്ന സമവാക്യം പലപ്പോഴും കുറച്ച് ബുദ്ധിമുട്ടുമായിരുന്നു. അമ്മ വളരെ കര്‍ക്കശക്കാരിയായ അദ്ധ്യാപികയായിരുന്നു. അതുകൊണ്ട് പലപ്പോഴും ശിക്ഷ കൂടുമ്പോള്‍ ക്ലാസില്‍നിന്ന് മാറിനില്‍ക്കും. വഴക്കുകൂടി ക്ലാസില്‍ പോകില്ല. അങ്ങനെയൊക്കെയായിരുന്നു ആ കാലത്തെ പഠനം. ചെറുപ്പത്തില്‍ അങ്ങനെയാണല്ലോ. എപ്പോഴും തന്റെ ശിഷ്യരോടായിരുന്നു അമ്മയ്‌ക്ക് മുന്‍ഗണനയും പരിഗണനയും. എന്നേക്കാള്‍ ശ്രദ്ധ അവരെയായിരുന്നു. അതുകൊണ്ട് നൃത്തം ഒരു പ്രൊഫഷനായി സ്വീകരിക്കണമെന്ന വിചാരമോ അതിനോട് പ്രത്യേകിച്ചൊരു മമതയോ ഉണ്ടായിരുന്നില്ല. പിന്നീട് ഡിഗ്രി കഴിഞ്ഞ് പിജിക്ക് ചേരേണ്ട സമയത്താണ് അമ്മയുടെ നൃത്തവിദ്യാലയത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുക്കേണ്ട ഒരു സാഹചര്യം ഉണ്ടായത്. അങ്ങനെയാണിതിലേക്ക് മുഴുവന്‍ സമയമായി വരുന്നത്. ഒരു സംഗതി തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ നൂറുശതമാനം നന്നാക്കി ചെയ്യണമല്ലോ. അതിനുവേണ്ടി നൃത്തം സീരിയസായി പഠിക്കാനും പരിശീലിക്കാനും തുടങ്ങി.
അമ്മ തുടങ്ങിയ കലാസ്ഥാപനം, നൃത്യാലയ അമ്പത് വര്‍ഷം പിന്നിട്ടു. കഴിഞ്ഞ വര്‍ഷമാണ് സുവര്‍ണ്ണജൂബിലി ആഘോഷിച്ചത്. ഇപ്പോള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തുമാണ് അതിന്റെ സാരഥികള്‍. പുതിയ തലമുറ എങ്ങനെയാണ് നൃത്തപഠനത്തെ കാണുന്നത്? പഠനത്തിലും ശിക്ഷണത്തിലും വരുന്ന വ്യത്യാസത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? നൃത്തരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് നല്‍കാനുള്ള സന്ദേശം എന്താണ്?
ഉ: തലമുറകളുടെ മാറ്റം മാത്രമല്ല, കോവിഡാനന്തരമുണ്ടായ മാറ്റംകൂടി നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. മുമ്പ് രക്ഷിതാക്കളും അദ്ധ്യാപകരും തമ്മില്‍ സുദൃഢമായൊരു സ്‌നേഹബന്ധമുണ്ടായിരുന്നു. അതവരുടെ കുട്ടികളുടെ പെരുമാറ്റത്തിലും പ്രകടമായിരുന്നു. ഗുരുക്കന്മാരുടെ സമര്‍പ്പണബോധം കുട്ടികള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ അത് വളരെ കുറവാണ്. പഠിപ്പിക്കുന്നതിനപ്പുറം അദ്ധ്യാപകര്‍ക്ക് അവരുടെ ജീവിതത്തില്‍ യാതൊരു പങ്കുമില്ലാതായി. അപ്പോള്‍ സമര്‍പ്പണത്തോടെ നൃത്തം അഭ്യസിക്കുന്ന കുട്ടികള്‍ കുറയുന്നു. യുവജനോത്സവം മാത്രം ഉദ്ദേശിച്ചു പഠിക്കുന്നത് അതിലേറെ അപകടം ചെയ്യും. നൃത്തം ഒരു സാധനയായി തീരണമെങ്കില്‍ അതില്‍ ഡിസിപ്ലിന്‍ ഉണ്ടാവണം, പഠിപ്പിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനം ഏറെ പ്രചാരം നേടിയിരിക്കുന്നു. നമ്മള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ട് പോകേണ്ടത് ആവശ്യമാണ്. പക്ഷേ, മാറ്റങ്ങള്‍ ഔചിത്യത്തോടെ സ്വീകരിക്കാന്‍ശ്രദ്ധിക്കണം.
നൃത്തകലയെ അടുത്തറിയാന്‍, പഠിക്കാന്‍ താത്പര്യമുള്ളവര്‍ ആദ്യം നല്ലൊരു ഗുരുവിനെ കണ്ടെത്തി ഗുരുമുഖത്ത് നിന്ന് ആരംഭിക്കുന്നതാണ് അഭികാമ്യം. മനസ്സും ശരീരവും പാകപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ഇന്നത്തെ കാലത്ത് ആവശ്യം സാമ്പത്തികഭദ്രതയും മാര്‍ക്കറ്റിങ്ങുമാണ്. കാലത്തിന്റെ വേഗതക്കനുസരിച്ച് മുന്നോട്ട് പോകുമ്പോള്‍ നിങ്ങള്‍ കൈകാര്യം ചെയ്യുന്ന കലയുടെ പാരമ്പര്യവും മഹത്വവും മറക്കാതിരിക്കുക. ആത്മീയതയുടെ അംശം നഷ്ടപ്പെടാതെനോക്കുക.
ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ചോദിക്കട്ടെ, ഡിജിറ്റല്‍ യുഗത്തിന്റെ അപ്പുറവും ഇപ്പുറവും ജീവിക്കാന്‍ ഭാഗ്യമുണ്ടായവരാണ് നമ്മളെന്നുപറയാം. കല എന്ന നിലയില്‍ നൃത്തം ഏത് വിധത്തിലാണ് ഈ ഡിജിറ്റല്‍ യുഗത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്? എങ്ങനെയാണ് കലയുടെ ഡിജിറ്റലൈസേഷനെ കാണുന്നത്?
ഉ: ഡിജിറ്റല്‍യുഗം എന്നുപറയുമ്പോള്‍ അതില്‍ ഭാഗമാകാതിരിക്കാന്‍ പറ്റാത്തൊരു സ്ഥിതിയിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നൃത്തത്തെ സംബന്ധിച്ചിടത്തോളം ഡിജിറ്റലൈസേഷന്റെ വലിയൊരു ഗുണം ഞാന്‍ കണ്ടത് പല കാര്യങ്ങളും ഡിജിറ്റലി ഡോക്യുമെന്റ് ചെയ്യാന്‍ പറ്റുന്ന ഒരു അവസ്ഥ ഇന്നുണ്ട് എന്നുള്ളതാണ്. ഇതൊരു പ്രധാനപ്പെട്ട സംഗതിയാണ്. വരുംതലമുറകള്‍ക്ക് പലതും, കഥകളിയാകട്ടെ, മോഹനിയാട്ടമാകട്ടെ, ഭരതനാട്യമാകട്ടെ, അതിലെ മാസ്റ്റേഴ്‌സിനെ, ലെജന്റ്‌സിനെയൊക്കെ കൊണ്ടുവന്ന് അവതരിപ്പിച്ച് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കാം. കോവിഡ്കാലഘട്ടത്തില്‍ ഇങ്ങനെ ധാരാളം അവതരണങ്ങള്‍ ഓണ്‍ലൈനിലൂടെ ഉണ്ടാവുകയും അതൊക്കെ ആര്‍ക്കൈവ്‌സായി ഭാവിയില്‍ ഉപയോഗിക്കാവുന്നവിധത്തില്‍ ഡോക്യുമെന്റ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. അതൊരു വലിയ പോസിറ്റീവായ കാര്യമാണ്. മറുവശത്ത്, ഈ സോഷ്യല്‍മീഡിയായിലൂടെയുള്ള എക്‌സ്‌പോഷര്‍ കാരണം ആര്‍ക്കും പെര്‍ഫോമര്‍ ആകാം എന്നൊരു അവസ്ഥയുണ്ട്. ക്വാളിറ്റി കോംപ്രമൈസ് ചെയ്യപ്പെടുന്നുവെന്നൊരു സംഗതിയുണ്ട്. ഇപ്പോള്‍ ആര്‍ക്കുവേണമെങ്കിലും ഒരു അറുപത് സെക്കന്റുള്ള ഒരു വീഡിയോ ഇട്ട് അതിനു ഫോളോവേഴ്‌സിനെ ഉണ്ടാക്കുക, അതിലൂടെ പേര് സമ്പാദിക്കുക എന്നൊരു അവസ്ഥയുണ്ട്. അങ്ങനെയൊരു ട്രെന്റ് ഇപ്പോള്‍ ചെറുപ്പക്കാരുടെ ഇടയില്‍ കാണാം.
ശരിക്കുള്ള കലാസാധന എന്നത് ഇതല്ല ഇതിനപ്പുറത്തേക്കുള്ളതാണെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. എല്ലാവരും അങ്ങനെയാണെന്നല്ല. പക്ഷേ, കുറെയൊക്കെ അങ്ങനെയുള്ളൊരു പ്രവണത കോവിഡിനുശേഷം നമ്മള്‍ കണ്ടുവരുന്നു. അത് ഇതിന്റെയൊരു മോശം വശമാണെന്ന് വേണമെങ്കില്‍ പറയാം. നൃത്തം അഥവാ രംഗകലകള്‍ ഈ രീതിയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ക്വാളിറ്റി പലപ്പോഴും കോംപ്രമൈസ് ചെയ്യപ്പെടുന്നുണ്ട്. അതൊരു ആശങ്കാജനകമായ കാര്യം തന്നെയാണ്.
നൃത്തരംഗത്തേക്ക് വിപുലമായ തോതില്‍ ആളുകള്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണല്ലോ ഇത്. പഠിക്കാനുള്ള സൗകര്യം സുലഭവുമാണ്. പക്ഷേ, അതാസ്വദിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും വേണ്ട നല്ലൊരു ആസ്വാദകസംസ്‌കാരം ഇവിടെ ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാരോ മറ്റു അനുബന്ധപ്രസ്ഥാനങ്ങളോ ഇത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് പറയാന്‍ വയ്യ. കലമാണ്ഡലത്തിലൊക്കെ ചില ഹ്രസ്വകാല കോഴ്സുകള്‍ ഉണ്ടെങ്കിലും അതെത്രത്തോളം പ്രയോജനകരമാണെന്ന് നിശ്ചയമില്ല. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കലാസാക്ഷരത നല്‍കുന്നതിന് അനുയോജ്യമായ പദ്ധതികള്‍ കൂടി അക്കാദമികവിദ്യാഭ്യാസത്തോടൊപ്പം വേണ്ടണ്ടതല്ലേ?
ഉ: തീര്‍ച്ചയായും വേണ്ടതാണ്. നമ്മള്‍ എത്രയോ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. സ്‌കൂള്‍തലത്തില്‍ ഡാന്‍സ് ടീച്ചേഴ്‌സ് ഒക്കെയുണ്ടെങ്കിലും അത് മാത്രം പോരാ. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് സ്പിക് മാകേ പോലുള്ള സംഘടനകള്‍, നൃത്തവും സംഗീതവും, കര്‍ണ്ണാടകസംഗീതം, വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിപാടികള്‍ അങ്ങനെ പലതും സ്‌കൂളിലും കോളേജുകളിലും കൃത്യമായി കൊണ്ടുവന്നിരുന്നു. നമുക്കത് ആസ്വദിക്കാനുള്ള അവസരങ്ങളുണ്ടായി. അതിപ്പോള്‍ കുറവാണെന്ന് തോന്നുന്നു, പ്രത്യേകിച്ച് കേരളത്തില്‍. കുട്ടികള്‍ക്ക് നല്ലത് കാണിച്ചുകൊടുത്താലേ അവര്‍ക്കത് ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. അത്തരമൊരു സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. അതിന് സ്‌കൂള്‍തലത്തിലും കോളേജ്തലത്തിലും, സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ക്കൂടി മാനേജ്‌മെന്റിന് ചെയ്യാവുന്നതേ ഉള്ളൂ. വര്‍ഷത്തില്‍ മൂന്ന് ടേമാണുള്ളതെങ്കില്‍ ഈ മൂന്ന് ടേമിലും ഓരോ പരിപാടിവീതം നല്ല കലാകാരന്മാരെ വച്ചുകൊണ്ട്, അത് കഥകളിയാകട്ടെ, കൂടിയാട്ടമാകട്ടെ, മോഹനിയാട്ടമോ കര്‍ണ്ണാടകസംഗീതമോ എന്തുമാകട്ടെ, കൃത്യമായി കുട്ടികള്‍ക്ക് വച്ചുകൊടുക്കുക, അതിനുശേഷം ആ കലാകാരനുമായി വിനിമയം നടത്തുവാനുള്ള അവസരം നല്‍കുക. ഇതൊക്കെ ഭാവിയില്‍ നല്ലൊരു ആസ്വാദകവൃന്ദത്തെ സൃഷ്ടിക്കാന്‍ ഉപകരിക്കും.
കേരളത്തിന് തനതായൊരു നാട്യസംസ്‌കാരമുണ്ടണ്ടല്ലോ. നമ്മുടെ മിക്കവാറും കലകള്‍ ക്ഷേത്രാനുബന്ധമായിട്ടാണ് രൂപംകൊണ്ടിട്ടുള്ളത്. അതിന്റെ ആ ഒരു സാംസ്‌കാരിക പശ്ചാത്തലവും സ്വഭാവവും ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് കൂടുതല്‍ അവതരണങ്ങളും വേദികളും കുറച്ചുകൂടി സ്വതന്ത്രമായ സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. നാട്യകലയുടെ അന്തസ്സത്തയെ ഇത് ഏതൊക്കെ രീതിയിലാണ് പരിവര്‍ത്തിപ്പിച്ചതെന്ന് നിരീക്ഷിക്കാമോ?
ഉ: ക്ഷേത്രത്തിന്റെ ചുറ്റുപാടുകളില്‍ നിന്നും കുറെക്കൂടി സ്വതന്ത്രമായ വേദികളിലേക്കും ഇടങ്ങളിലേക്കും നൃത്തം മാറുമ്പോള്‍ അത് സമൂഹത്തിന്റെ പലതലങ്ങളിലുള്ള ആളുകളിലേക്ക് കൂടുതലായി എത്തിച്ചേരുന്നുവെന്നുള്ളതാണ് ഞാന്‍ കാണുന്ന ഏറ്റവും വലിയ മാറ്റം. മുമ്പ് നമ്മളൊരിക്കലും സങ്കല്പിക്കാത്ത വേദികളില്‍പോലും നൃത്തം അവതരിപ്പിക്കപ്പെടുമ്പോള്‍ ആ കലയ്‌ക്ക് കൂടുതല്‍ സ്വീകാര്യത വരുന്നതായി പറയാതെ വയ്യ. ടെമ്പിള്‍ ടു പ്രോസീനിയം എന്നത് ആ സ്റ്റേജില്‍ മാത്രമായി നില്‍ക്കാതെ മറ്റുള്ള വേദികളിലേക്കുകൂടി എത്തിപ്പെടുന്നുവെന്നത് നല്ല കാര്യമായിട്ടാണ് തോന്നുന്നത്. കൂടുതല്‍ ജനങ്ങളുമായി സംവദിച്ചാലല്ലേ ഏതൊരു കലക്കും വളര്‍ച്ചയുള്ളൂ. അതിനുള്ള വേദികള്‍ ഇന്ന് കൂടുതലായി ഉണ്ടെന്നുള്ളത് നല്ലത്. അതോടൊപ്പം തന്നെ അതിന്റെ അന്തസ്സത്ത നഷ്ടപ്പെടാതെ നോക്കേണ്ടതും ആവശ്യമാണ്.
വളരെ കര്‍ക്കശക്കാരിയായ ഒരു ഗുരുവായിരുന്നു അമ്മ എന്ന് അശ്വതി പറയുകയുണ്ടായല്ലോ. അമ്മയാകട്ടെ താന്‍ വേണ്ടവിധത്തില്‍ പരിഗണിക്കാതെപോയ ഒരു മകളും ശിഷ്യയും കൂടിയായിരുന്നു അശ്വതി എന്ന് ആത്മകഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമ്മയുടെ സ്വാധീനം ഏതൊക്കെ വിധത്തിലാണ് അശ്വതിയെ രൂപപ്പെടുത്തിയത് എന്ന് പറയാമോ?
ഉ: എനിക്ക് തോന്നുന്നു ഏറ്റവും വലിയ സ്വാധീനം അമ്മയുടെ അച്ചടക്കമാണ്. അമ്മ നല്ല കര്‍ക്കശ സ്വഭാവക്കാരിതന്നെയായിരുന്നു. പഠിപ്പിക്കുന്നകാലത്ത് നല്ലവണ്ണം കുട്ടികളെ ശിക്ഷിക്കുമായിരുന്നു. അന്നത്തെ കാലഘട്ടം അതാണല്ലോ. അവരൊക്കെയും അങ്ങനെയാണ് വളര്‍ന്നുവന്നത്. കലാമണ്ഡലത്തില്‍നിന്നൊക്കെ നല്ല ശിക്ഷകള്‍ കിട്ടിയാണ് അമ്മയൊക്കെ ആ കാലത്ത് വളര്‍ന്നുവന്നത്. 60 കള്‍ എന്നൊക്കെ പറയുമ്പോള്‍ അങ്ങനെയായിരുന്നു.
ഞങ്ങളെ പഠിപ്പിക്കുമ്പോഴും അമ്മ ഏകദേശം അങ്ങനെയൊക്കെതന്നെയാണ്. ഇപ്പോഴാണല്ലോ മാറ്റങ്ങള്‍ വന്നത്. ഇപ്പോള്‍ കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല. അതിനൊക്കെ നിയമങ്ങളുണ്ട്. ഞങ്ങള്‍ പഠിക്കുമ്പോള്‍ അത്യാവശ്യം അടിയൊക്കെ കിട്ടിതന്നെയാണ് വളര്‍ന്നത്. പക്ഷേ, അതിന്റെ അടിസ്ഥാനപരമായൊരു ഉദ്ദേശ്യം നമ്മള്‍ ചെയ്യുന്ന കലയില്‍ ഏറ്റവും കൂടുതല്‍ പെര്‍ഫെക്ഷന്‍ കൊണ്ടുവരികയെന്നുള്ളതായിരുന്നു. അല്ലാതെ ഒരു കുട്ടിയെ ശിക്ഷിക്കാന്‍ വേണ്ടി മാത്രമായി ശിക്ഷിക്കുക എന്നതായിരുന്നില്ല. അതുപോലെതന്നെ ശിക്ഷയുടെ കാര്യം മാറ്റിവച്ചാല്‍ ചെയ്യുന്ന കാര്യത്തിലൊരു അച്ചടക്കം അമ്മയ്‌ക്ക് നിര്‍ബന്ധമായിരുന്നു. അതായത് ഒരു ഐറ്റം ചെയ്യുമ്പോള്‍ അതിന്റെ ആദ്യം മുതല്‍ അവസാനം വരെ നമ്മള്‍ അതില്‍ ഹൃദിസ്ഥമായിരിക്കണം. നൂറുശതമാനവും നമ്മുടെ ശ്രദ്ധ അതില്‍തന്നെയായിരിക്കണം. വേറെങ്ങോട്ടും പോകരുത്. ഇങ്ങനെ കേന്ദ്രീകൃതമായൊരു പരിശീലനം അടിസ്ഥാനപരമായി അമ്മ തന്നതിന്റെ ഒരു ഗുണം ഉണ്ട്.
ഇപ്പോഴും അമ്മ പഠിപ്പിച്ച ചേച്ചിമാര്‍, അവരുടെ അറുപതുകളിലും അമ്പതുകളിലുമൊക്കെയുള്ളവര്‍, അവരിപ്പോഴും വന്ന് ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് അതിശയം തോന്നാറുണ്ട്. അവരുടെ കൈയിന്റെയും കാലിന്റെയുമൊക്കെ പെര്‍ഫെക്ഷന്‍, പത്തുമുപ്പത്തഞ്ച് വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും ഡാന്‍സ് ചെയ്യാന്‍ തുടങ്ങുമ്പോഴും ആ അടിസ്ഥാനത്തിന്റെ പെര്‍ഫെക്ഷന്‍ കാണുമ്പോള്‍ അത്ഭുതമാണ്. ഇപ്പോള്‍ ചിലരൊക്കെ കളിക്കുന്നുണ്ട്. സുവര്‍ണ്ണജൂബിലിക്ക് വന്ന് ചിലര്‍ പെര്‍ഫോം ചെയ്തു. അതാ കര്‍ശനമായ പരിശീലനത്തിന്റെ ഗുണം തന്നെയാണ്. യാതൊരു സംശയവുമില്ല.
യൂത്ത് ഫെസ്റ്റിവലിനുവേണ്ടണ്ടിയുള്ള നൃത്തപഠനം ഒരുകാലത്ത് തരംഗമായിരുന്നു. യൂത്ത്ഫെസ്റ്റിവലില്‍ സമ്മാനാര്‍ഹരായ വളരെ കുറച്ചുപേരെ മാത്രമേ പിന്നീട് ഈ മേഖലയില്‍ സജീവമായി കാണാറുള്ളൂ. ഇത്തരം യുവജനോത്സവമത്സരങ്ങളെയും അതിനുവേണ്ടിയുള്ള അതിരുവിട്ടുള്ള ‘കളി’കളെയും കുറിച്ചുള്ള അഭിപ്രായം എന്താണ്?
ഉ: യുവജനോത്സവങ്ങളോട് എനിക്ക് വലിയ മമതയൊന്നുമില്ല. മുമ്പ് വളരെ ആരോഗ്യകരമായ മത്സരങ്ങള്‍ നടന്നിരുന്നു. അമ്മ പഠിപ്പിച്ചിരുന്ന കാലത്ത്, അതായത് 80 കളിലൊക്കെ മത്സരങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു. പിന്നീടിങ്ങോട്ട് വളരെ മോശമായിതുടങ്ങി. ഞാനും കുറച്ചുകാലം ഇതിനുവേണ്ടി കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. പലപ്പോഴും സംഭവിക്കുന്നത് അത് വളരെ അനാരോഗ്യകരമായ മത്സരമായി മാറുന്നു. കുട്ടികളെ ഇത് വല്ലാതെ മാനസികമായി തളര്‍ത്തും. രക്ഷിതാക്കള്‍ തമ്മില്‍ സ്പര്‍ധ, പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തമ്മില്‍ അനാവശ്യമായ മത്സരം, ഇതൊക്കെ ആരോഗ്യകരമായൊരു സമൂഹത്തിന് ചേരുന്ന കാര്യങ്ങളല്ല. എന്ത് മത്സരവും ആരോഗ്യകരമായിരിക്കണം. അത് നല്ലതുമാണ്. പക്ഷേ അതവിടെനിന്നും മാറിപ്പോകുന്നിടത്ത് അതിന്റെ ലക്ഷ്യം ഇല്ലാതാവുന്നു. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇത് നടത്തുന്നത്? കുട്ടികള്‍ക്കൊരു വേദി എന്നതാണോ ഉദ്ദേശ്യം, അതല്ല മത്സരങ്ങള്‍ക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലാണോ? ഈ രണ്ട് കാര്യങ്ങളും വളരെ കൃത്യമായി ആലോചിക്കണം. ഇപ്പോഴുള്ള യുവജനോത്സവങ്ങളുടെ നടത്തിപ്പും മറ്റും കാണുമ്പോള്‍ അതുകൊണ്ടുതന്നെ എനിക്ക് ഒട്ടും താത്പര്യമില്ല. ഞാനേറെക്കുറെ അതില്‍നിന്നും മാറിനില്‍ക്കുന്നൊരു വ്യക്തിയാണ്. കുട്ടികളോട് പറയാറുണ്ട്, നിങ്ങള്‍ക്ക് വേദി ആവശ്യമുണ്ടെങ്കില്‍ സ്‌കൂളില്‍ വെറുതെ പോയി കളക്കുക. അത്രതന്നെ.
എന്താണ് സംഭവിക്കുന്നതെന്നാല്‍ ശൈലിതന്നെ മാറുകയാണ്. യുവജനോത്സവത്തിന് പഠിക്കാന്‍ ഒരു ശൈലി, പുറത്ത് കച്ചേരി ചെയ്യാന്‍ വേറൊരു ശൈലി. ഇങ്ങനെയായിരിക്കുന്നു കേരളത്തിലെ ഭരതനാട്യമൊക്കെ. ഇത് വളരെ അപഹാസ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ചിട്ടയായി പഠിപ്പിച്ച് കൊണ്ടുപോയാലും അവിടെ കാണുന്നത് വേറെ എന്തോ ഒരു ശൈലിയാണ്. അതൊരിക്കലും കലയ്‌ക്ക് ഗുണം ചെയ്യുന്നതായി എനിക്ക് തോന്നുന്നില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള യുവജനോത്സവരീതികളെക്കുറിച്ച് എനിക്ക് ഒട്ടും അഭിപ്രായമില്ല.
അടുത്തിടെ ഒരു നര്‍ത്തകി മറ്റൊരു നര്‍ത്തകന്റെ നിറത്തെ സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തുകയും അത് വലിയ വിവാദമാവുകയുമൊക്കെ ഉണ്ടായതാണല്ലോ. ഇവിടെ പറഞ്ഞുവരുന്നത് ആ നര്‍ത്തകി പ്രസ്തുത പരാമര്‍ശത്തിന് ആധാരമായി നാട്യശാസ്ത്രത്തെ ഉദ്ധരിച്ചുവെന്നുള്ളതാണ്. നൃത്തവുമായി ബന്ധപ്പെട്ട ഒരു അടിസ്ഥാനഗ്രന്ഥമെന്ന നിലയില്‍ നാട്യശാസ്ത്രം ഇപ്പോഴും വേണ്ടവിധത്തില്‍ പഠിക്കപ്പെടുന്നുണ്ടോ എന്നൊരു ചോദ്യമുണ്ട്. അതുപോലെതന്നെ ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി കാലാനുസൃതമായ പഠനങ്ങള്‍ ഉണ്ടാകുന്നതായും കാണുന്നില്ല. എന്താണ് അഭിപ്രായം?
ഉ: നാട്യശാസ്ത്രം, അഭിനയദര്‍പ്പണം ഈ രണ്ട് പാഠപുസ്തകങ്ങളാണ് ഭരതനാട്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ അഭിനയദര്‍പ്പണമാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍ അഭിനയദര്‍പ്പണം നാട്യശാസ്ത്രത്തേക്കാള്‍ താരതമ്യേന പഴക്കം കുറഞ്ഞതും ചെറിയതുമായ ഒരു ടെക്സ്റ്റാണ്. നാട്യശാസ്ത്രം വളരെ വലിയ ഗ്രന്ഥമാണ്. അത് സൂക്ഷ്മമായി പഠിച്ച ആളുകള്‍ വളരെ കുറവാണ്. അതിന്റെ പൊരുള്‍ മനസ്സിലാക്കിയാല്‍ അതിനെ ഇങ്ങനെ തെറ്റായി ധരിക്കാനൊന്നും ആളുകള്‍ക്ക് തോന്നില്ല. ഒന്നാമത് നമ്മളൊരു ടെക്സ്റ്റ് പഠിക്കുമ്പോള്‍ അതിലെ പ്രായോഗികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എന്തൊക്കെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം, എന്തൊക്കെ പഠിക്കണം, ഇതൊക്കെ കൃത്യമായി മനസ്സിലാക്കണം. പിന്നെ ഇന്ന് ജീവിക്കുന്ന സാഹചര്യമെന്താണോ അതിനനുസരിച്ചാണല്ലോ നമ്മള്‍ അവതരണങ്ങളും മറ്റും ചിട്ടപ്പെടുത്തുക. ടെക്സ്റ്റ് എന്നുപറയുന്നത് അടിസ്ഥാപരമായിട്ടുള്ള ഒരു റഫറന്‍സ് പോയിന്റാണ്. അത് നമ്മുടെ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ടതായ സംഗതിയാണ്. അതിന്റെ മുകളിലാണ് നമ്മള്‍ മറ്റെല്ലാം ഉണ്ടാക്കിയെടുക്കുന്നത്. അതിനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നതൊക്കെ വളരെ കഷ്ടമായ കാര്യമാണ്.
ഇതൊക്കെ ആധികാരികമായി പഠിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ വളരെ കുറച്ച് ആളുകളേ അതിനെ സീരിയസായി പഠിക്കുന്നുള്ളൂ എന്നത് ഒരു വസ്തുതതന്നെയാണ്. ഈ ടെക്സ്റ്റുകളും മറ്റു തീയറികളുമൊക്കെ പ്രാക്ടിക്കല്‍പോലെതന്നെ പ്രാധാന്യത്തോടെ പഠിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രാക്ടിക്കല്‍തന്നെയാണ് എപ്പോഴും മുന്നിട്ട് നില്‍ക്കുക. നമ്മുടെ പ്രാക്ടീസിലും മറ്റും പ്രാക്ടിക്കല്‍ നോളജാണ് എപ്പോഴും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. തിയറി വേണ്ട എന്നല്ല. തിയറി വേണം. പക്ഷേ അതൊരു അടിസ്ഥാനപരമായ നോളജായി അവിടെ ഉണ്ടാകണം. എനിതിംഗ് വി കാന്‍ റെഫര്‍ ബാക്ക്. നമുക്കെപ്പോഴും റഫറന്‍സിന് എടുത്തുനോക്കാവുന്ന സംഗതിയായി അതവിടെ ഉണ്ടാകണം. ഇതാണെന്റെ അഭിപ്രായം.
അടുത്തിടെ അശ്വതി ഒരു സംഭാഷണത്തില്‍ നൃത്തമൊരു ആത്മീയപ്രക്രിയയാണെന്ന് പറയുകയുണ്ടായി. ക്ഷേത്രകേന്ദ്രിത കലയായിരുന്ന അതിന്റെ ഭൂതകാലം ഏറെക്കുറെ വിസ്മരിക്കപ്പെട്ട ഒരു കാലത്താണ് നമ്മളിത് സംസാരിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. വ്യായാമത്തിന് പകരമായും വിരസത നീക്കുന്നതിനും റീല്‍സില്‍ ശ്രദ്ധിക്കപ്പെടുന്നതിനും നൃത്തം എന്ന ഒരു നിലകൂടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നൃത്തമെന്ന ആത്മീയപ്രക്രിയയെ നിര്‍വചിക്കാമോ, അതിന്റെ എല്ലാ ആധുനികമാനങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ?
ഉ: നൃത്തം എന്ന കല ഓരോരുത്തര്‍ക്കും ഓരോന്നുപോലെയാണ്. അത് പ്രാക്ടീസ് ചെയ്യുന്ന ആളെ സംബന്ധിച്ചിരിക്കും ഏത് വിധത്തില്‍ നിര്‍വചിക്കുന്നുവെന്നുള്ളത്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്, ചിലര തിനെ വെറും എക്‌സര്‍സൈസായി കാണുന്നുണ്ട്. ചിലരാകട്ടെ പെട്ടെന്ന് പ്രശസ്തി നേടാനുള്ള, റീല്‍സിലൂടെയൊക്കെ പേരെടുക്കാനുള്ള ഉപാധിയായി കാണുന്നു. ഞാന്‍ ചെറുപ്പത്തില്‍ പഠിക്കുന്ന സമയത്ത് അത്ര സീരിയസായിരുന്നില്ല. പക്ഷേ, പിന്നീടതിനെ ഗൗരവമായി കാണുവാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലായത് അതൊരു സാധനയാണ്. സാധനയായി കാണുമ്പോഴാണ് അതെന്താണെന്ന് കൃത്യമായി മനസ്സിലാവുകയുള്ളൂ.
പ്രായത്തോടൊപ്പമാണ് നമുക്ക് വിവേകബുദ്ധിയും മറ്റും ഉണ്ടാവുക. അപ്പോഴാണ് ഇതിലുള്ള വലിയ വശങ്ങള്‍ മനസ്സിലാവുക. അതില്‍ എത്രമാത്രം ആത്മീയത കലര്‍ന്നിട്ടുണ്ടെന്ന തിരിച്ചറിവുണ്ടാവുക. എന്റെ അനുഭവം അങ്ങനെയാണ്. എനിക്ക് നൃത്തത്തെ ആത്മീയമായൊരു പ്രക്രിയയില്‍നിന്നും വേറിട്ട് കാണാന്‍ സാധിച്ചിട്ടില്ല. അതിപ്പോള്‍ ഏത് തരത്തിലുള്ള വിഷയങ്ങളെ പ്രതിപാദിക്കുന്ന അവതരണങ്ങളായാലും ശരി. അതിപ്പോള്‍ പ്രകൃതിയെക്കുറിച്ചുള്ളതായാലും സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളായാലും അതുമല്ലെങ്കില്‍ ഒരു പ്രത്യേക ജെന്റര്‍പൊളിറ്റിക്‌സിനെക്കുറിച്ച് പറയുന്ന വിഷയമായാലും എല്ലാതിലും ആത്മീയത ഉണ്ട്. അതിന്റെ ഒരു അംശമെങ്കിലും ഉണ്ട്. ഞാന്‍ വിശ്വസിക്കുന്നത് ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഒരനുഗ്രഹമല്ലെന്നാണ്. നൃത്തം പഠിച്ച് പരിശീലനത്തിലൂടെ വലിയ ഡാന്‍സേഴ്‌സായ എത്രയോ പേരുണ്ട്. ജന്മനാ വാസനയില്ലെങ്കില്‍പോലും ഒരുവിധം പ്രാക്ടീസിലൂടെ നന്നാക്കിയെടുക്കാന്‍ പറ്റുന്ന സംഗതി തന്നെയാണിത്. അതിനോട് ഇഷ്ടമുണ്ടെങ്കില്‍. പക്ഷേ, ജന്മനാ ഒരു വാസന കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഈശ്വരനുഗ്രഹം കൊണ്ടുമാത്രമാണ്. അപ്പോള്‍ ആ ഒരു കഴിവ് വളര്‍ത്തിയെടുക്കുമ്പോള്‍ നമ്മളാ ആത്മീയതയെ നിഷേധിക്കാന്‍ പാടില്ലെന്നാണ് എനിക്കു തോന്നുന്നത്. എനിക്കിത് തുറന്നുപറയുന്നതില്‍ സന്തോഷമേയുള്ളൂ.
ഇപ്പോള്‍ വ്യായാമത്തിനുവേണ്ടിമാത്രമായി ഡാന്‍സ് പഠിക്കുന്നവരുണ്ടാകാം. എത്രയോ സ്ഥലത്ത് ഞാനങ്ങനെ കണ്ടിട്ടുണ്ട്. മനസ്സിനും ശരീരത്തിനും ഉന്മേഷം എന്നുള്ളതാണ് അവരുടെയൊരു ടാഗ്‌ലൈന്‍തന്നെ. ഉന്മേഷം അഥവാ ആനന്ദം അവര്‍ക്ക് കിട്ടുന്നു എന്നുതന്നെ വയ്‌ക്കുക. അതൊരു ഫീലിംഗാണ്. അവരതിനെ അങ്ങനെയേ കാണുന്നുള്ളൂ. അതിനെ കുറച്ചുകൂടി ആഴത്തില്‍ കാണുമ്പോഴാണ് വേറെ മാനങ്ങളൊക്കെ ഉണ്ടാകുന്നത്. പ്രാക്ടീസ് ചെയ്യുന്ന ആളെ ബന്ധപ്പെട്ടിരിക്കും ഇതൊക്കെ.
അമേരിക്ക, കാനഡ, റിയൂണിയല്‍ ഐലന്റ്, പാരീസ്, ലണ്ടന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ അശ്വതി നൃത്തം പരിശീലിപ്പിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നമ്മുടെ നൃത്തകലാരൂപങ്ങളോടുള്ള സമീപനമെങ്ങനെയാണ്?
ഉ: വിദേശരാജ്യങ്ങളില്‍ നമ്മുടെ കലകള്‍ക്ക് നല്ല സ്വീകാര്യതയാണ്. പ്രേക്ഷകര്‍ വളരെ ബഹുമാനത്തോടെയാണ് കലാകാരന്മാരെ കാണുന്നതും നമ്മുടെ കലകളെ സമീപിക്കുന്നതും. അതുപോലെ ഒരു പരിപാടിക്കു മുമ്പേ നമ്മള്‍ കൊടുക്കുന്ന ആ അവതരണത്തെക്കുറിച്ചുള്ള ലഘുവിവരണം അവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കും. അത് മുഴുവന്‍ വായിച്ചിട്ടായിരിക്കും അവര്‍ പരിപാടി കാണാന്‍ വരുന്നത്. ഒരു ചെറിയ ശബ്ദം, അനക്കംപോലും ഇല്ലാതെ ആദ്യാവസാനം കണ്ട് ആസ്വദിക്കും. നമുക്കതില്‍നിന്നും കിട്ടുന്ന ഭയങ്കരമായൊരു ബഹുമതി, സന്തോഷം പറയാതെ വയ്യ.
വിദേശങ്ങളില്‍ കലാകാരന്മാരോട് പൊതുവേ ആദരവ് പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്. എനിക്കുണ്ടായ അനുഭവങ്ങളൊക്കെ അങ്ങനെയാണ്. പ്രത്യേകിച്ച് യൂറോപ്പിലൊക്കെ. പറയുമ്പോള്‍ അവരുടെ ഭാഷയും സംസ്‌കാരവുമൊക്കെ വ്യത്യസ്തമാണ്. എന്നാല്‍ക്കൂടിയും നമ്മള്‍ ചെയ്യുന്നത് എന്താണെന്ന് അറിയാനുള്ളൊരു ആകാംക്ഷ, അതോടുകൂടിയിരുന്നാണ് അവരത് കാണുന്നത്. കണ്ടുകഴിഞ്ഞ് അതിലെ ചില ഭാഗങ്ങള്‍ അവര്‍ക്കിഷ്ടപ്പെട്ടുവെന്ന് വന്നുപറയുമ്പോള്‍ നമുക്കത് വലിയ സന്തോഷമാണ്. കാരണം, ഭാഷയ്‌ക്കപ്പുറം സംസ്‌കാരത്തിനപ്പുറം മനുഷ്യവികാരങ്ങളാണവിടെ അവരുടെ ഉള്ളില്‍ പോയി തൊടുന്നത്. അപ്പോളവിടെ നമ്മുടെ കല ജയിച്ചുവെന്നുവേണം പറയുവാന്‍. കലാകാരന്‍ അല്ല കലയാണ് അവിടെ ജയിക്കുന്നത്. ഹുമന്‍ ഇമോഷന്‍സ് ആര്‍ യൂണിവേഴ്‌സല്‍. ഈയൊരു ഇമോഷണല്‍ കണക്ട് (വൈകാരികബന്ധം) ഏത് രാജ്യത്തുപോയാലും ഉണ്ടാകും.
ജീവിതത്തിലും നൃത്താവതരണങ്ങളിലും അശ്വതിയുടെ സഹചാരിയായ ശ്രീകാന്ത് നടരാജന്‍ പ്രശസ്തനായൊരു ഭാഗവതമേളാ കലാകാരന്‍ കൂടിയാണ്. കുടുംബപരമായി അവര്‍ ഈ മേഖലയില്‍ ഉള്ളവരാണ്. അശ്വതിയുടെ മകന്‍ മാധവും ഭാഗവതമേളയിലെ സാന്നിധ്യമാണ്. ഇവിടെ അധികമാര്‍ക്കും അത്ര പരിചിതമല്ലാത്ത ഈ കലാരൂപത്തെക്കുറിച്ച് ഒന്ന് വ്യക്തമാക്കാമോ?
ഉ: ഭാഗവതമേള നാടകം എന്നുപറയുന്നത്, ആന്ധ്രയിലാണ് അതിന്റെ വേരുകള്‍. വിജയനഗരസാമ്രാജ്യകാലത്ത് ഭയങ്കര വെള്ളപ്പൊക്കവും മുഗള്‍ രാജാക്കന്മാരുടെ അധിനിവേശവുമൊക്കെ വന്നപ്പോള്‍ അവിടെ നില്‍ക്കാന്‍ വയ്യാതെ അഞ്ഞൂറ് ബ്രാഹ്മണകുടുംബങ്ങള്‍ തമിഴ്‌നാട്ടിലേക്ക് വന്നു. അവരെത്തിപ്പെടുന്നത് അച്യുതപ്പനായക് എന്ന രാജാവിന്റെ സമയത്താണ്. തഞ്ചാവൂരിലേക്കാണ് അവര്‍ വരുന്നത്. അഞ്ചുതപ്പ്‌നായക് മരിക്കുന്ന സമയത്ത് അവര്‍ക്ക് തഞ്ചാവൂരിനടുത്ത് ഒരു ഗ്രാമം കൊടുത്തു. ഓരോരുത്തര്‍ക്കും കൃഷി ചെയ്യാനുള്ള നിലം, ഒരു വീട് എന്നിങ്ങനെയാണ് ഓരോ കുടുംബത്തിനും കൊടുത്തത്. അദ്ദേഹം അവരോട് ആവശ്യപ്പെട്ടത് നിങ്ങളവിടെ ചെയ്തിരുന്ന കലാരൂപങ്ങളെന്താണോ അതിവിടെയും പരിപോഷിപ്പിക്കുക. ഇവിടെയും അത് കൊണ്ടുനടക്കുക. അങ്ങനെ അച്യുതപുരം എന്ന സ്ഥലത്താണ് ഭാഗവതമേള ഉണ്ടായത്. ഭാഗവതമേള നാടകം എഴുതിയത് വെങ്കിട്ടരാമശാസ്ത്രിയാണ്. മേലറ്റൂര്‍ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്താണ് അത് ഉണ്ടായത്. അദ്ദേഹം എഴുതിയ പന്ത്രണ്ട് നാടകങ്ങളും ഇന്നും അവതരിപ്പിച്ചുവരുന്നു. ആ ഒരു പരമ്പരയുടെ ഭാഗമാണ് ശ്രീകാന്ത്.
നാട്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ അതൊരു കംപ്ലീറ്റ് തീയറ്ററാണ്. കാരണം, അതില്‍ നൃത്തമുണ്ട്, അഭിനയമുണ്ട്, നാട്യമുണ്ട്, സംഗീതമുണ്ട്. പിന്നെ സംഭാഷണങ്ങള്‍. അതായത് നാടകത്തിന്റെ ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാലു ഭാഗങ്ങളും വരുന്ന കംപ്ലീറ്റ് തീയറ്റര്‍ ഫോമാണ് ഭാഗവതമേള. ആന്റ് ദാറ്റ് ഈസ് വണ്‍ ഓഫ് ദി ഓള്‍ഡസ്റ്റ് ട്രെഡീഷന്‍ വിച്ച് ഈസ് കംപ്ലീറ്റ് തീയറ്റര്‍ എന്നുവേണമെങ്കില്‍ പറയാം.
പ്രശസ്തമായ പല സാഹിത്യകൃതികളും നൃത്തശില്പങ്ങളും ആവിഷ്‌കാരങ്ങളുമായി പണ്ടുമുതലേ അവതരിപ്പിച്ചുപോന്നിരുന്നു. സമവേഷ അടക്കമുള്ള അവതരണങ്ങളിലൂടെ അശ്വതിയും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ സ്വീകാര്യതയുമായി ബന്ധപ്പെടുത്തി ഇത്തരം നൂതന പരീക്ഷണങ്ങളെക്കുറിച്ചും അതിന്റെ അനുഭവങ്ങളെക്കുറിച്ചും പറയാമോ?
ഉ: പുതിയ പരീക്ഷണങ്ങള്‍ കാലത്തിന്റെ ഒരാവശ്യകതയാണ്. വിഷയങ്ങളിലുള്ള നൂതനത്വം പ്രത്യേകിച്ചും. നമ്മള്‍ ചെയ്യുന്ന രീതി ട്രഡീഷണലാകാം. പക്ഷേ, തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ സമകാലികപ്രാധാന്യമുള്ളതായാല്‍ കുറെക്കൂടി പ്രേക്ഷക ശ്രദ്ധ നമ്മുടെ കലകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
സമവേഷ വളരെ യാദൃച്ഛികമായി സംഭവിക്കുന്നതാണ്. ശ്രീകാന്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍ജ്ജുന എന്നൊരു അവതരണം നടത്തിയിരുന്നു. മഹാഭാരതത്തിലെ അര്‍ജ്ജുനനെക്കുറിച്ചുള്ള ഒന്നരമണിക്കൂറുള്ള ഒരവതരണം. ബൃഹന്നള്ള അതിലൊരു പത്ത് മിനിട്ടേ വരുന്നുള്ളൂ. അന്ന് തോന്നിയൊരു ആശയമാണ് ബൃഹന്നളയെ കുറച്ചുകൂടി വലുതാക്കണമെന്ന്. അതിനുശേഷമാണ് ഞാന്‍ ശിഖണ്ഡിയെക്കുറിച്ച് ആലോചിക്കുന്നത്. അതീ പറഞ്ഞതുപോലെ ആദ്യം ചെറിയൊരു അവതരണമായിട്ടാണ് ചെയ്യുന്നത്. പിന്നെ വലുതാക്കണമെന്ന് തോന്നി. ഞാന്‍ അംബാശിഖണ്ഡി ചെയ്തപ്പോള്‍ ശ്രീകാന്ത് അര്‍ജ്ജുനബൃഹന്നള ചെയ്തു. ഇത് രണ്ടും മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ്. ഈ രണ്ടുപേരും ജെന്റര്‍ ഐഡന്റിറ്റി, ട്രോമ ഉള്ളവരാണ്. ഇവരെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവന്നാല്‍ നന്നായിരിക്കുമെന്ന ആലോചനയിലാണ് സമവേഷ സംഭവിക്കുന്നത്. അതിനുമുമ്പും പരീക്ഷണങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, സമവേഷക്ക് ഗ്ലോബലി വലിയ സ്വീകാര്യത ലഭിച്ചു.
അമേരിക്കയിലും യുകെയിലും ഇത് അവതരിപ്പിക്കുകയുണ്ടായി. എല്ലായിടത്തും കിട്ടിയ സ്വീകാര്യത നല്ല എന്‍കറേജിംഗായിരുന്നു. എല്ലാവര്‍ക്കും ഒരുപോലെ റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നുള്ളതാണ് പ്രധാന കാര്യം. കഴിഞ്ഞ അമേരിക്കന്‍ യാത്രയില്‍, പരിപാടി കഴിഞ്ഞ് ഒരുപാട് ആളുകള്‍ കാണാനും
സംസാരിക്കാനും വരികയുണ്ടായി. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഒരാള്‍ പതുക്കെ ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞു, താങ്ക്‌യു സോ മച്ച് നിങ്ങളിങ്ങനെ ഒരു വിഷയമെടുത്ത് ചെയ്തതിന്. ഞങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പലര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ നിങ്ങളത് അവതരിപ്പിച്ചു. അതിന് നിങ്ങളോട് നന്ദി പറയുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. അത് വലിയൊരു ഇന്‍സെന്റീവാണ്. നമ്മുടെ കലയിലൂടെ ജന്റര്‍ ഐഡന്റിറ്റി ക്രൈസിസിലൂടെ കടന്നുപോകുന്നൊരാള്‍ക്ക് കുറച്ചെങ്കിലും ഒരു ധൈര്യം നല്‍കാന്‍ സാധിച്ചു, സാന്ത്വനമായി എന്നൊക്കെ പറയുമ്പോള്‍ അതൊരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. അന്നവിടെ വന്ന പത്തഞ്ഞൂറുപേരില്‍ ആ ഒരാളുടെ മനസ്സ് നിറഞ്ഞു. അത് മതി ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ഒരു പരിപാടി സഫലമായി എന്ന് തോന്നാന്‍. അങ്ങനെ ഒരുപാട് വേദികളില്‍ ഞങ്ങള്‍ക്കാ എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ട്. സോ ഐ തിങ്ക് സമവേഷ ഹാസ് ബീന്‍ ദ ബെസ്റ്റ് ഓഫ് അവര്‍ പ്രൊഡക്ഷന്‍ സോ ഫാര്‍.
അതിനുമുമ്പ് ചെയ്തതില്‍ വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമായ ഒന്നാണ് അമൃതവര്‍ഷിണി. അത് മഴയെക്കുറിച്ചായിരുന്നു. ഹിന്ദി, ബ്രജ്, തമിഴ്, മലയാളം, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായിരുന്നു ഇത്. മഴയുടെ എല്ലാ സ്വഭാവവുമുള്ളൊരു അവതരണം. അതും എനിക്ക് വളരെ ഇഷ്ടമാണ്. ഇതും എല്ലായിടത്തും വളരെ സ്വീകാര്യതയുണ്ടായൊരു അവതരണമാണ്.
ഇങ്ങനെയുള്ള വിഷയങ്ങളും ആവശ്യമാണ്. സ്ഥിരം കാണുന്ന നൃത്തയിനങ്ങളില്‍നിന്നും വളരെ വ്യത്യസ്തമായി നമ്മളിങ്ങനെ ചിന്തിക്കുമ്പോഴാണ് ആളുകള്‍ക്ക് വന്ന് കാണാനും മറ്റും പ്രചോദനമുണ്ടാവുക.
കലാനിരൂപണം എന്ന രീതിയില്‍ അവതരണങ്ങളെ വിലയിരുത്തുന്ന ഗൗരവമായ പഠനങ്ങളും നിരൂപണങ്ങളുമൊക്കെ നേരത്തെ ഇവിടെയുണ്ടായിരുന്നു. സാഹിത്യംപോലെതന്നെ പ്രാധാന്യത്തോടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ഇവ പ്രസിദ്ധീകരിച്ചുപോരികയും ചെയ്തിരുന്നു. എന്നാല്‍ ചില മുഖസ്തുതികള്‍ക്കോ അടച്ചാക്ഷേപങ്ങള്‍ക്കോ അപ്പുറം കലാനിരൂപണം എന്ന ശാഖതന്നെ ഇന്ന് കുറ്റിയറ്റുപോയിരിക്കുന്നുവെന്ന് പറയാം. ശുദ്ധമായ, കലര്‍പ്പില്ലാത്ത ഒരു കലാനിരൂപണസംസ്‌കാരം വേണ്ടതല്ലേ?
ഉ: കലാനിരൂപണം എന്ന സംഗതിതന്നെ ഇപ്പോള്‍ ഇല്ലാതായെന്ന് ഏറെക്കുറെ പറയാം. പണ്ട് ഈ പറഞ്ഞതുപോലെ ആധികാരികമായി എഴുതാനാവുന്ന ആളുകളുണ്ടായിരുന്നു. നല്ല പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. ഇന്നും ചിലരൊക്കെ ഉണ്ട്. പക്ഷേ, അവര്‍ എഴുതുന്നില്ല എന്നാണെനിക്ക് തോന്നുന്നത്. എഴുതാന്‍ കഴിവുള്ള ആളുകള്‍ അതിനെ ഗൗരവമായി എടുക്കുന്നില്ല. അതേസമയം വേറെച്ചിലര്‍ അരമുറി അറിവുവച്ച് സോഷ്യല്‍മീഡിയയിലും മറ്റും ഭയങ്കര നിരൂപണം എഴുതിവിടുന്നുമുണ്ട്. അതെത്രത്തോളം ഗുണം ചെയ്യുമെന്ന് അറിഞ്ഞുകൂടാ.
കലയെക്കുറിച്ച് എഴുതണമെങ്കില്‍ അതില്‍ അല്ല അറിവുവേണം. കണ്ടിട്ടുള്ള അറിവു മാത്രമല്ല, അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊക്കെ വായിച്ചുള്ള അറിവും ആവശ്യമാണ്. അങ്ങനെയുള്ള എത്രപേര്‍ ഇന്ന് എഴുതുന്നുണ്ടെന്ന ചോദ്യം പ്രസക്തമാണ്. ആ ശാഖ ഒന്ന് ഉദ്ധരിച്ചെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
അശ്വതിയുടെ ചില കഥകള്‍ അടുത്തിടെ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ജീവിതത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്ന പ്രമേയങ്ങള്‍, യാതൊരുവിധ ആഖ്യാനനാട്യങ്ങളുമില്ലാതെയാണ് അശ്വതി പറഞ്ഞത്. എഴുതണം എന്ന് തോന്നാനിടയായത് എങ്ങനെയാണ്? എഴുത്തില്‍, വായനയില്‍ അച്ഛന്റെ സ്വാധീനങ്ങള്‍ ഏതൊക്കെ രീതിയിലാണ്?
ഉ: എഴുത്ത്, പ്രത്യേകിച്ച് കഥകള്‍ വളരെ യാദൃച്ഛികമായി എഴുതിത്തുടങ്ങിയതാണ്. ചില സംഭവങ്ങള്‍ നമ്മുടെ മനസ്സിനെ വല്ലാതെ ഉലയ്‌ക്കുന്നു. കുറെ ദിവസം അത് നമ്മുടെ ഉറക്കം കെടുത്തുന്നു എന്ന രീതിയിലാകുമ്പോള്‍ എങ്ങനെയെങ്കിലും അതിനെ പുറന്തള്ളണം എന്നതിനുള്ള ഒരു വഴിയാണ് എനിക്ക് എഴുത്ത് എന്നാണ് തോന്നിയിട്ടുള്ളത്. ചില സംഭവങ്ങള്‍ നമ്മുടെ ഉപബോധതലത്തില്‍ കിടന്ന് ഇങ്ങനെ നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കും. ആ സമയത്ത് നമുക്കത് എഴുതിയേ തീരൂ എന്ന അവസ്ഥ വരുമ്പോള്‍ എഴുതും. അങ്ങനെയേ എഴുതാറുള്ളൂ. അല്ലാതെ ഒരു കഥ തരണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ എനിക്ക് പറ്റില്ല. എനിക്ക് ഫീല്‍ ചെയ്ത, അല്ലെങ്കില്‍ മനസ്സിനെ തൊടുന്ന ഒരു സംഭവം നടന്നാല്‍, അത് എന്റെ ഉള്ളിലൊരു നാമ്പ് അവശേഷിപ്പിച്ചാല്‍ മാത്രമേ എനിക്ക് അതിനെക്കുറിച്ച് എഴുതാന്‍ പറ്റുകയുള്ളൂ. ഇതല്ലാതെ ലേഖനങ്ങളും മറ്റും സാഹചര്യങ്ങള്‍ക്കനുസരിച്ച് എഴുതിക്കൊടുക്കാറുണ്ട്. പക്ഷേ, കഥകളുടെ കാര്യത്തില്‍ അങ്ങനെയല്ല.
അച്ഛന്‍ എഴുതിയ ഒമ്പത് കഥകളുടെ സിനിമാരൂപമായ മനോരഥങ്ങള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. അച്ഛന്‍ ആദ്യമായിട്ടാണ് ഒരു ന്യൂജന്‍ സിനിമാപ്ലാറ്റ്ഫോമില്‍ വരുന്നത്. എങ്ങനെ കാണുന്നു ഈ സ്വീകാര്യതയെ? പ്രതീക്ഷിച്ചിരുന്നോ?
ഉ: മനോരഥങ്ങള്‍ നല്ലൊരു പ്രൊഡക്ടായി വരണമെന്നായിരുന്നു ഉദ്ദേശ്യം. അങ്ങനെതന്നെ വന്നു. പക്ഷേ, ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ച്ചയായും എംടിയുടെ സാഹിത്യകൃതികളെയും സിനിമകളെയും സ്‌നേഹിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. അവരുടെ പിന്തുണ എന്തായാലും ഉണ്ടാകുമെന്നൊരു ഉറപ്പുണ്ടായിരുന്നു. പക്ഷേ ഇത് അതില്‍നിന്നൊക്കെ മാറി പുതിയ തലമുറയിലേക്കുകൂടി എത്തിച്ചേര്‍ന്നു. അവിടെയും വലിയൊരു സ്വീകാര്യത ലഭിച്ചുവെന്നത് സന്തോഷമുള്ളൊരു കാര്യമാണ്. പത്ത് ദിവസംകൊണ്ട് നൂറ് മില്യന്‍ മിനിറ്റാണ് സ്‌ക്രീനിങ് കംപ്ലീറ്റ് ചെയ്തത്.
മലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നത് ക്രൈം സ്റ്റോറികളാണ്. അങ്ങനെയുള്ള ഓഡിയന്‍സിലേക്കുകൂടി മനോരഥങ്ങള്‍ എത്തി എന്നത് വലിയ കാര്യംതന്നെയാണ്. 190 രാജ്യങ്ങളില്‍ ആളുകള്‍ ഇത് കണ്ടു, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഒരു എഴുത്തുകാരന്റെ കഥകള്‍ ലോകത്തിന്റെ പല ഭാഗത്തുമുള്ള ആളുകളിലേക്ക് ഒരു വിഷ്വല്‍ മീഡിയത്തിലൂടെ എത്തിക്കുക എന്ന ഉദ്ദേശ്യംകൂടി ഈ സംരംഭത്തിന്റെ പിന്നിലുണ്ടായിരുന്നു. അത് നടന്നുവെന്നതില്‍ വലിയ സന്തോഷമുണ്ട്.
കാഴ്ചയും ഷെര്‍ലക്കും ഒഴികെ മനോരഥങ്ങളിലെ കഥകളെല്ലാം വളരെ പഴയ കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മനുഷ്യബന്ധങ്ങളിലെല്ലാം വലിയൊരു പരിവര്‍ത്തനം വന്നിരിക്കുന്ന ഈ കാലത് പുതിയ തലമുറ എംടി കഥകളെ എങ്ങനെയാണ് കാണുന്നതെന്ന് അശ്വതി നിരീക്ഷിച്ചിട്ടുണ്ടോ?
ഉ: പുതിയ തലമുറ എനിക്കു തോന്നുന്നു, ഈ കഥകളൊക്കെ ആദ്യമായിട്ടായിരിക്കും കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്നത്. ഈ കഥകളുടെ പൊതുവായൊരു സ്വഭാവം മനുഷ്യബന്ധങ്ങളും മാനസികാവസ്ഥയുമൊക്കെയാണ്. ഒരുപാട് മാറ്റം വന്നിട്ടുണ്ടെങ്കിലും ഉള്ളിലിപ്പോഴും അടിസ്ഥാനപരമായ നമ്മുടെയാ സ്വഭാവങ്ങളുണ്ടല്ലോ. ചില വികാരങ്ങളൊക്കെ. അത് യൂണിവേഴ്‌സലാണ്. എന്നും നിലനില്‍ക്കുന്നതാണ്. കാലാതിവര്‍ത്തിയാണ്. അതിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഏറ്റവും അടിസ്ഥാനപരമായ വികാരങ്ങളെയാണ് ഈ കഥകളിലൂടെ സംബോധന ചെയ്യുന്നത്. അത് തീര്‍ച്ചയായും ഈ പ്രേക്ഷകരിലേക്ക് എത്തിച്ചേര്‍ന്നുവെന്നത് വലിയ കാര്യമാണ്. പുതിയ തലമുറയ്‌ക്കുകൂടി അത് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. ഇതുപോലുള്ള ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് ഇതിലൂടെ അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നു.
അശ്വതി സംവിധാനം ചെയ്ത വില്പന എന്ന സിനിമയും മനോരഥങ്ങളിലുണ്ട്. ഒട്ടും സിനിമാറ്റിക് എന്ന് പറയാനാവാത്ത അച്ഛന്റെ വില്പന എന്ന കഥയിലൂടെയാണ് അശ്വതിയുടെ ആദ്യ സിനിമാഅരങ്ങേറ്റം. എങ്ങനെയാണ് ഈ വെല്ലുവിളി നേരിട്ടത്? എന്തായിരുന്നു അനുഭവം? എന്തായിരുന്നു അച്ഛന്റെ അഭിപ്രായം?
ഉ: വില്പന വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. മനോരഥങ്ങള്‍ എന്ന ആന്തോളജി ആഗസ്ത് 15 ന് റിലീസായി. അതിലെ കാഴ്ച, വില്പന ഈ രണ്ട് കഥകളും വളരെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഉള്ളതായിരുന്നു. കാഴ്ച ശ്യാമപ്രസാദ് സാറാണ് സംവിധാനം ചെയ്തത്. വില്പന എന്തോ ഒരു നിയോഗംപോലെ എന്റെ കൈയില്‍ വന്നുവീഴുകയായിരുന്നു. അത് പ്ലാന്‍ ചെയ്തതായിരുന്നില്ല. വേറെചിലര്‍ ചെയ്യാനിരുന്നതാണ്. പിന്നെയത് മറ്റുചില കാരണങ്ങള്‍കൊണ്ട് നടക്കാതെ പോയി. ഈ കഥതന്നെ മാറ്റിവയ്‌ക്കാമെന്നാണ് തീരുമാനിച്ചത്. അപ്പോഴാണ് പ്രൊഡ്യൂസേഴ്‌സ് അതെന്നോട് ചെയ്യാന്‍ പറയുന്നത്. ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ ഒന്ന് ശ്രമിക്കാമെന്ന് തോന്നി. വളരെ ഭയത്തോടുകൂടിയാണ് ഞാനിതിനെ സമീപിച്ചത്.
എനിക്കിഷ്ടപ്പെട്ട കഥകളിലൊന്നായിരുന്നു വില്പന. അച്ഛന്‍ അതിന്റെ സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ കൂടെ ഇരുന്നിരുന്നു. ഓരോ സീനും വിഷ്വലൈസ് ചെയ്യുമ്പോള്‍ അതെന്റെ മനസ്സില്‍ തങ്ങിനിന്നിരുന്നു. അതൊരു ഗുണമായെന്നുപറയാം. അതങ്ങനെ സംഭവിച്ചതാണ്. വലിയൊരു പഠനംതന്നെയായിരുന്നു. എനിക്ക് ഷൂട്ടിംഗ് കണ്ടിട്ടേ ശീലമുള്ളൂ. പക്ഷേ, ഇവിടെ നല്ലൊരു ടീമിനെ കിട്ടി. ധൈര്യം നല്‍കിയത് സന്തോഷ് ശിവനാണ്. സന്തോഷേട്ടനാണ് വാസ്തവത്തില്‍ നല്ലൊരു ടീമിനെ, നല്ലൊരു ഡിഒപിയെ ഒക്കെ നി
ര്‍ദ്ദേശിക്കുന്നത്. ചെയ്താല്‍ നന്നാവും, എന്തായാലും ചെയ്യണം എന്നൊക്കെയുള്ള ധൈര്യം തന്നത് ആ മനുഷ്യനാണ്. അദ്ദേഹത്തോട് ഇക്കാര്യത്തില്‍ എനിക്കൊരുപാട് കടപ്പാടുണ്ട്. ഒരു മെന്റര്‍ എന്ന നിലയ്‌ക്ക്, ഒരു ഗുരുസ്ഥാനത്ത് കാണുവാന്‍ ആഗ്രഹിക്കുന്നു.
എട്ട് ദിവസം കൊച്ചിയിലും ഒരു ദിവസം ചെന്നൈയിലുമായിരുന്നു ഷൂട്ട്. നന്ദിയും കടപ്പാടും ഉള്ളത് ആസിഫ് അലിയോടും സൈന്യത്തിനുയോടുമാണ്. വലിയ ആര്‍ട്ടിസ്റ്റുകളായിട്ടുപോലും അവര്‍ ഒരു തുടക്കക്കാരിയായ എന്നെ പരിഗണിച്ചു. ഞാനാവശ്യപ്പെട്ടതുപോലെയൊക്കെ സഹകരിച്ചു. അവരെന്നെ ഒട്ടും അണ്‍കംഫര്‍ട്ടബിളാക്കിയില്ല. എല്ലാ കാര്യങ്ങളിലും സ്മൂത്തായി കൂടെനിന്നു സഹകരിച്ചു. അതുപോലെ എന്റെ ടീമിലെ ഓരോരുത്തരും. ഡിഒപി ദിവാകര്‍ മണി, കോംസ്റ്റ്യൂംസിലെ എസ്.ബി. സതീഷ്, എത്രയോ നാഷണല്‍ അവാര്‍ഡൊക്കെ കിട്ടിയ ഒരു കോസ്റ്റ്യൂമറാണ്. അദ്ദേഹം എന്റെ ആദ്യത്തെ പടത്തില്‍ എന്നെ കൂട്ടിക്കൊണ്ടുപോയാണ് സാരിയും മറ്റും സെലക്ട് ചെയ്തത്. ഞാനൊരിക്കലും അങ്ങനെയൊരു പിന്തുണ പ്രതീക്ഷിച്ചില്ല. ആര്‍ട്ട് ചെയ്ത ഷിജി പട്ടണം, എഡിറ്റ് ചെയ്ത ദിലീപ്, പിന്നെ ഡയറക്ഷന്‍ ടീമില്‍ കൂടെയുണ്ടായിരുന്ന സിദ്ധാര്‍ത്ഥ്, ബിജുരാജ്, ആദര്‍ശ്, അമിത് അങ്ങനെ ഓരോരുത്തരെയും പറയാതെ പറ്റില്ല. അങ്ങനെയൊരു കൂട്ടായ പ്രവര്‍ത്തനം എന്നേ പറയാനാവൂ. വില്പന ഇവരുടെ എല്ലാവരുടെയുമാണ്. അത് വിജയിച്ചാല്‍ എനിക്ക് അത്രയും സന്തോഷമുള്ളൊരു കാര്യമാണ്.
അച്ഛന്‍ പ്രിവ്യു കണ്ടിരുന്നു. തെറ്റുകുറ്റങ്ങളൊന്നും പറഞ്ഞില്ല. വലിയ പ്രശ്‌നങ്ങളൊന്നും കണ്ടിട്ടുണ്ടാവില്ലെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍ പറയുമായിരുന്നു. പൊതുവേ അങ്ങനെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളല്ല. പ്രത്യേകിച്ച് ഞങ്ങളുടെ കാര്യത്തിലൊന്നും അങ്ങനെ അഭിപ്രായങ്ങള്‍ പറയാറില്ല.
എന്റെ ആദ്യസിനിമയുടെ മ്യൂസിക് ബിജിപാല്‍ സാര്‍ ചെയ്യണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ സാറിനെ പോയി കണ്ടു. നല്ല തിരക്കുള്ള സമയമാണെങ്കിലും എനിക്കുവേണ്ടി അതില്‍ മ്യൂസിക് ചെയ്തുതന്നു. ചെറിയൊരു പാട്ടുണ്ട്. വളരെ ഭംഗിയായി അദ്ദേഹമത് ചെയ്തു. സന്തോഷ് വര്‍മ്മയാണ് ലിറിക്‌സ്.
ഈ സിനിമയെനിക്ക് ഭയങ്കര വെല്ലുവിളിയായിരുന്നു. അതൊരു പകലില്‍ മാത്രമായി നടക്കുന്ന കഥയാണ്. ഒരുദിവസം രാവിലെ തുടങ്ങി വൈകുന്നേരത്തിനുള്ളില്‍. അപ്പോള്‍ രാത്രി ഷൂട്ട് പറ്റില്ല. പകല്‍ മാത്രം ചെയ്യണം. ഔട്ട്‌ഡോര്‍ ഇല്ല. ഒരു വീടിന്റെ അകം മാത്രമാണ്. ആളുകള്‍ക്ക് ബോറടിക്കാത്ത രീതിയില്‍ ഓരോ ഫ്രെയിമും സെറ്റ് ചെയ്യണം. ഇതെല്ലാം വളരെ വെല്ലുവിളിയായിരുന്നു. മുഖ്യ കഥാപാത്രങ്ങള്‍ രണ്ടുപേരാണ്. കൂടാതെ കുറച്ചുപേര്‍ വന്നുപോകുന്നുവെന്നുമാത്രം. ആദ്യത്തെ സിനിമയെന്ന നിലയ്‌ക്ക് ഏറ്റവും ചലഞ്ചിംഗായിട്ടുള്ള കഥയാണത്. എന്തോ ഒരു യോഗം പോലെയാണ് അതെന്റെ കൈയില്‍ വന്നത്.
മലയാളസിനിമയിലെ പുതുതലമുറയുടെ വക്താവുകൂടിയാണ് അശ്വതി എന്നുപറയാം. ഇതരഭാഷകളെ അപേക്ഷിച്ച് വലിയ തോതില്‍ സിനിമകള്‍ ഓരോ വര്‍ഷവും മലയാളത്തില്‍ ഇറങ്ങുന്നുണ്ട്. ഡയറക്ടര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ഇവരെയൊക്കെ നോക്കി സിനിമ കണ്ടിരുന്ന കാലം മാറി. മലയാളസിനിമയുടെ വര്‍ത്തമാനാവസ്ഥയെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉ: മലയാളസിനിമയിലെ പുതുതലമുറയിലെ വക്താവ് എന്നൊന്നും എന്നെ വിളിക്കാറായിട്ടില്ല. ഞാനാകെ ചെറിയൊരു സിനിമയേ സംവിധാനം ചെയ്തിട്ടുള്ളൂ. അതു വച്ചുകൊണ്ട് ഞാന്‍ പൊതുവായി സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണോയെന്ന് അറിയില്ല. പ്രമേയങ്ങളാണല്ലോ നമ്മെ പിടിച്ചിരുത്തുന്നത്. പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യയിലെ മറ്റു ഇന്റസ്ട്രികള്‍, അതിപ്പോള്‍ ബോളിവുഡ്ഡായാലും തമിഴ്, തെലുങ്ക് ഏതായാലും അതില്‍നിന്നൊക്കെ വളരെ മുന്നിട്ട് നില്‍ക്കുന്നതാണ് മലയാളസിനിമ. എന്നാല്‍ക്കൂടിയും അടുത്തകാലത്തായി വയലന്‍സിന്റെ അമിതപ്രസരമുള്ള സിനിമകള്‍ക്ക് ഇവിടെ സ്വീകാര്യത വര്‍ദ്ധിച്ചുവരുന്നുവെന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ കാണാന്‍ ജനങ്ങള്‍ കൂടുതല്‍ താത്പര്യപ്പെടുന്നുവെന്നുള്ളത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ നോര്‍മലൈസ് ചെയ്യാന്‍ പാടുള്ളതല്ല. സമൂഹത്തില്‍ അതൊരിക്കലും പാടില്ലാത്ത സംഗതിയാണ്.
സിനിമ എന്നതൊരു മാസ് മീഡിയമാണ്. അതിലൂടെ ജനങ്ങളിലേക്ക് നമ്മള്‍ എന്ത് മെസ്സേജാണ് കൊടുക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും അതില്‍ ബിസ്സിനസുണ്ട്, ശരിയാണ്. കൂടുതല്‍ ആളുകള്‍ ഇത്തരം സിനി
മകള്‍ കാണുന്നുവെന്നുള്ളത് ശരിതന്നെ. പക്ഷേ, ഇതിലും മികച്ച പ്രമേയങ്ങള്‍ കൊടുത്താല്‍ ആളുകള്‍ തീര്‍ച്ചയായും കാണാനുണ്ടാവും, സ്വീകരിക്കപ്പെടും. ഇടയ്‌ക്കൊക്കെ നല്ല പ്രമേയങ്ങള്‍ വരുന്നുമുണ്ട്. അതാണ് പ്രതീക്ഷ. അതായത് ഇങ്ങനെയും പ്രമേയങ്ങളുണ്ടാക്കാം, ഇങ്ങനെയും വളരെ ലൈറ്റായ സിനിമകള്‍ ഉണ്ടാക്കാം എന്നത് പ്രതീക്ഷനല്‍കുന്നു. അതാണ് ശരിക്കും കാലത്തിന്റെ ആവശ്യം എന്നെനിക്ക് തോന്നുന്നു.
സിനിമക്ക് തിരക്കഥയോ കഥയോതന്നെ ആവശ്യമില്ലെന്ന് പറയാവുന്ന നൂതനമായ സിനിമാനുഭവങ്ങളിലൂടെയാണ് മലയാളസിനിമ ഇന്ന് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഏറ്റവും ശക്തമായ തിരക്കഥകളിലൂടെ മലയാളസിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരാളാണ് എംടി. തിരക്കഥയുടെ ആരൂഢമായിരുന്നു ആ സിനിമകളുടെ കരുത്ത്. തിരക്കഥയിലടക്കം നടക്കുന്ന സമകാലിക പരീക്ഷണങ്ങളോട് എന്താണ് അശ്വതിയുടെ പ്രതികരണം?
ഉ: തിരക്കഥയില്‍ പരീക്ഷണങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അടുത്തിടെ വന്ന വിജയരാജ സേതുപതിയുടെ മഹാരാജ നോക്കിയാല്‍ വളരെ നോണ്‍ലീനിയറായിട്ടാണ് കഥയാണ് പറഞ്ഞുപോയിട്ടുള്ളത്. പക്ഷേ, അവസാനമാകുമ്പോഴേക്കും എല്ലാം നമുക്ക് കൃത്യമായി മനസ്സിലാകും. പരീക്ഷണങ്ങള്‍ നല്ലതുതന്നെ. നമ്മളങ്ങനെ സ്ഥിരം ഫോര്‍മാറ്റ്‌സ് ചലഞ്ച് ചെയ്തുകൊണ്ട് പോകണം. അങ്ങനെയാണല്ലോ കല വളരുക.
തിരക്കഥയില്ലാതെ സിനിമ ചെയ്യാന്‍ പറ്റുമോ എന്നുചോദിച്ചാല്‍ എനിക്കറിഞ്ഞുകൂടാ. എനിക്കത് സാധിക്കില്ലെന്നാണ് തോന്നുന്നത്. അങ്ങനെ പറ്റുന്നവരുണ്ടായിരിക്കാം. ഓരോരുത്തരുടെയും രീതിയാണത്. നമുക്കവരെ കുറ്റം പറയാന്‍ സാധിക്കില്ല. ലീനിയര്‍, നോണ്‍ ലീനിയര്‍ ഈ രണ്ടുവിധത്തിലും കഥ പറഞ്ഞുപോകാവുന്ന രീതികള്‍ ഇപ്പോഴുണ്ട്. അതിപ്പോ ഹോളിവുഡ്ഡിലായാലും ഉണ്ട്. അതിന് വേറൊരു ഭംഗിയാണ്. നമ്മളതിനെ എങ്ങനെ കാണുന്നുവെന്നുള്ളതിലാണ് കാര്യം. വളരെ ആര്‍ട്ടിസ്റ്റിക്കായി കഥ പറഞ്ഞുപോകുന്ന സിനിമകളും ഉണ്ട്.
അച്ഛന്റെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഒരു പ്രോഗ്രാം അശ്വതി ചെയ്യുകയുണ്ടായല്ലോ. അച്ഛന്റെ മിക്കവാറും സിനിമകളില്‍ ഗാനങ്ങള്‍ക്കുള്ള സ്പേസ് ഉണ്ടാകാറുണ്ട്. പെരുന്തച്ഛന്‍, സദയം പോലുള്ള അപൂര്‍വം സിനിമകളേ ഇതില്‍നിന്നും വ്യത്യസ്തമായിട്ടുള്ളൂ. ഒരു സിനിമയില്‍ അച്ഛന്‍ പാട്ട് എഴുതിയിട്ടുമുണ്ട്. പാട്ടുകളോടുള്ള അച്ഛന്റെ താത്പര്യം എന്താണെന്ന് അശ്വതി നിരീക്ഷിച്ചിട്ടുണ്ടോ? അച്ഛന്റെ സിനിമകളിലെ പാട്ടുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലെങ്ങനെയാണ്?
ഉ: സന്ദര്‍ഭത്തിന് ഉചിതമായ രീതിയില്‍ മാത്രമേ അച്ഛന്റെ സിനിമകളില്‍ പാട്ടുകള്‍ ഉപയോഗിക്കാറുള്ളൂ. പാട്ട് ആവശ്യമില്ലാത്ത സിനിമകളില്‍ അതാവശ്യമില്ല എന്നുതന്നെ അച്ഛന്‍ പറയാറുമുണ്ട്. സന്ദര്‍ഭത്തിന് ആവശ്യമെങ്കില്‍, അത് ഒന്നുകൂടി ഭംഗിയാക്കാന്‍ പാട്ടുകൊണ്ട് സാധിക്കുമെങ്കില്‍ അതുള്‍പ്പെടുത്തുക എന്നതാണ് അച്ഛന്റെ രീതിയെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പാട്ടുകളെ വിലയിരുത്താന്‍ ഞാനാരുമല്ല. ഒരുപാട് നല്ല പാട്ടുകളുണ്ട്. നിര്‍മ്മാല്യം തൊട്ട്, മുറപ്പെണ്ണ് തുടങ്ങി ഏറ്റവും ഒടുവില്‍ വന്ന മനോരഥങ്ങളില്‍ വരെ പാട്ടുകളുണ്ട്. ഡയറക്‌ടേഴ്‌സിന്റെ കൂടി സംഭാവന അതിലുണ്ടല്ലോ. അവരുടെകൂടി മ്യൂസിക്കല്‍ സെന്‍സിബിലിറ്റി അതില്‍ തീര്‍ച്ചയായും ഉണ്ടാകും. അതൊരു കൂട്ടായ പ്രയത്‌നമാണ്. തീര്‍ച്ചയായും എനിക്കിഷ്ടമുള്ള ഒരുപാട് പാട്ടുകളുണ്ട്. വിലയിരുത്താന്‍ മാത്രം ഞാനായിട്ടില്ല.
അച്ഛനെപ്പോലെ അശ്വതിയും യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഇന്ത്യയ്‌ക്കകത്തും പുറത്തും അശ്വതി ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്. ചിദംബരം, മൂകാംബിക പോലുള്ള ചില യാത്രകളെകുറിച്ച് എഴുതിയിട്ടുമുണ്ട്. അശ്വതിയുടെ യാത്രകള്‍ക്കൊരു ആത്മീയസ്വഭാവമുണ്ടോ?
ഉ: യാത്രചെയ്യാന്‍ ഒരുപാടിഷ്ടമാണ്. ഒരുപാട് നാടുകളിലേക്ക് പോകുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ജോലിയുടെ ഭാഗമായും അല്ലാതെയും. ഓരോ യാത്രയിലും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാവും. നമ്മുടെ ചിന്താഗതി, ബുദ്ധി, സമൂഹത്തോടുള്ള പ്രതിപത്തി ഒക്കെ രൂപപ്പെടുന്നത് യാത്രകളിലൂടെയാണെന്നാണ് എന്റെ അഭിപ്രായം. എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്. എന്നെ ഒരുപാടത് സഹായിച്ചിട്ടുണ്ട്. നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ യാത്രകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
എല്ലാ യാത്രകളും ആത്മീയസ്വഭാവമുള്ളതാവണമെന്നില്ല. ആത്മീയസ്വഭാവം മാത്രമുള്ള യാത്രകളും പോയിട്ടുണ്ട്. ഒരുപാട് ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട്. അത് വേറൊരു തരത്തിലുള്ള യാത്രയാണ്. അതല്ലാതെയും യാത്രകള്‍ ചെയ്തിട്ടുണ്ട്. ദേശങ്ങള്‍ കാണാന്‍. നാട് കാണാന്‍. അവിടത്തെ ആളുകളെ കാണാന്‍. ഉല്ലാസത്തിനുമാത്രമായും പോയിട്ടുണ്ട്. പക്ഷേ, എല്ലാ യാത്രകളിലും നമുക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടാവും. അതെത്ര സീസണ്‍ഡ് ട്രാവലറായാലും ശരി ദേര്‍ വില്‍ ബി ന്യൂ തിംഗ്‌സ് ടു ലേണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: