ന്യൂദല്‍ഹി: ഹിന്ദുസംസ്കാരം ക്ഷീണിച്ചതിന് കാരണം മുതിര്‍ന്നവരുടെ പാതിവെന്ത അറിവും അഹങ്കാരവും ഉറച്ചുപോയ മനോനിലകളും മൂലമെന്ന് സാമൂഹ്യനിരീക്ഷകന്‍ സായി ദീപക്. ഇനി ഹിന്ദു സംസ്കാരത്തെ രക്ഷിയ്ക്കാനുള്ള ഏക മാര്‍ഗ്ഗം കുട്ടികളെ ആ സംസ്കാരം പഠിപ്പിക്കുക എന്നത് മാത്രമാണെന്നും പക്ഷെ കുട്ടികളെ അത് പഠിപ്പിക്കുന്നതിന് മുന്‍പ് മുതിര്‍ന്നവരും അത് പഠിക്കണമെന്നും സായി ദീപക് നിര്‍ദേശിക്കുന്നു.
ധര്‍മ്മം കുട്ടികളെ ഉപദേശിക്കാന്‍ മാത്രമല്ല, ഉപദേശിക്കുന്ന മുതിര്‍ന്നവര്‍ അത് പാലിക്കണം
അതുകൊണ്ട് ഹിന്ദു സംസ്കാരത്തെ രക്ഷിയ്ക്കാനുള്ള നിക്ഷേപം ആരംഭിക്കേണ്ടത് പ്രാഥമിക തലത്തിലാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മാതാപിതാക്കള്‍ ഒരു ധര്‍മ്മം പിന്തുടരുന്നില്ല എങ്കില്‍ ആ ധര്‍മ്മം കുട്ടികള്‍ പിന്തുടരണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. – സായി ദീപക് പറയുന്നു.
മാതാപിതാക്കള്‍ ചെയ്യാതിരിക്കുന്ന ഒരു കാര്യം മക്കളോട് ചെയ്യാന്‍ പറഞ്ഞാല്‍ കുട്ടികള്‍ ചോദിക്കും, എന്താ നിങ്ങള്‍ക്ക് അത് ചെയ്തുകൂടേ എന്ന്. ഞാനും ഇതുപോലെ മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്ന ആളാണ്. അപ്പോള്‍ നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടാന്‍ കഴിഞ്ഞാല്‍ മാത്രമേ മറ്റുള്ളവരെ അത് ബോദ്ധ്യപ്പെടുത്താന്‍ സാധിക്കൂ എന്നും സായി ദീപക് പറയുന്നു.
അപ്പോള്‍ കുട്ടികളെ നന്നാക്കുന്നതിന് മുന്‍പ് നമ്മള് മുതിര്‍ന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് പല മാതാപിതാക്കള്‍ക്കും നക്ഷത്രമെന്തെന്നറിയില്ല, തിഥി എന്തെന്ന് അറിയില്ല, ആകെ മുതിര്‍ന്നവര്‍ക്ക് അറിയാവുന്നത് ഇലയിട്ടാല്‍ ഉണ്ണാന്‍ മാത്രമാണ്. സംസ്കാ-രം എന്നാല്‍ സദ്യ കൊണ്ട് തീരുന്ന ഒന്നല്ല. ഓണവും ആഘോഷങ്ങളും സദ്യയില്‍ ഒതുങ്ങുകയാണ്. ഇനി സംസ്കാരത്തെക്കുറിച്ച് കുട്ടികള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാതാപിതാക്കള്‍ ഉപദേശിക്കും- ” നീ ഇത്തരം കാര്യങ്ങളൊന്നും നോക്കേണ്ട. പഠിക്കാന്‍ നോക്കൂ” എന്ന്. അപ്പോള്‍ ആദ്യം ചെയ്യേണ്ടത് മാതാപിതാക്കളെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുക എന്നത് തന്നെയാണ്.
സനാതനധര്‍മ്മം പഠിപ്പിക്കുന്ന സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കണം
രണ്ടാമത്തെ വലിയ കാര്യം സനാതന ധര്‍മ്മം പഠിപ്പിക്കാത്ത സ്കൂളില്‍ കുട്ടികളെ പറഞ്ഞയക്കരുത് എന്നതാണ്. വേറിട്ട വ്യക്തിത്വം അംഗീകരിക്കപ്പെടാത്ത പ്രായമാണ് സ്കൂളിലേത്. അപ്പോള്‍ പല കാര്യങ്ങളിലും കുട്ടികള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങും. കുട്ടികള്‍ക്ക് ഭസ്മമോ ചന്ദനക്കുറിയോ തൊട്ട് സ്കൂളില്‍ പോകാന്‍ ബുദ്ധിമുട്ടാണ്. ഹിന്ദു സമുദായം സനാതനധര്‍മ്മം പിന്തുടരുന്ന കൂടുതല്‍ സ്കൂളുകള്‍ സ്ഥാപിക്കണം. അതിന്റെ നിലവാരം ഒട്ടും താഴേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. – സായി ദീപക് നിര്‍ദേശിക്കുന്നു.
സായിപ്പന്മാരുടെ വിദ്യാഭ്യാസരീതി അതേപടി സ്വീകരിച്ചത് ഹിന്ദു സംസ്കാരം തകര്‍ത്തു
കോളനി എന്ന നിലയില്‍ നിന്നും മാറി, സ്വതന്ത്രമായ രാജ്യങ്ങള്‍ എല്ലാം ആദ്യം ചെയ്തത് അവരുടെ പഴയ സ്കൂള്‍ സംവിധാനത്തിലേക്ക് മടങ്ങിപ്പോയി എന്നതാണ്. പക്ഷെ ഭാരതത്തില്‍ മാത്രം അത് സംഭവിച്ചില്ല. നമ്മള് നമ്മുടെ പഴയ വിദ്യാഭ്യാസസമ്പ്രദായം തൂത്തെറിഞ്ഞെന്ന് മാത്രമല്ല, ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസരീതി സ്വീകരിക്കുകയും ചെയ്തു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്താണ് സംഭവിച്ചത്? എന്തെങ്കിലും മാറ്റം ഉണ്ടായോ? പലരും കുറ്റപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിച്ചു എന്ന്. അത് കൊണ്ട് നിങ്ങള്‍ക്കെന്താ എന്ന് നമ്മള് ആരെങ്കിലും ചോദിക്കാന്‍ ധൈര്യപ്പെട്ടോ? – സായിദീപക് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: