കുരുക്ഷേത്ര: കൊള്ളത്തരവും വഞ്ചനയുമാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്ന് ആരോപിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. വാരാൻ പോകുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹരിയാനയിൽ വലിയ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നത് വ്യക്തമാണ്. കോൺഗ്രസ് കൊള്ളയുടെയും വഞ്ചനയുടെയും പാർട്ടിയാണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. കോൺഗ്രസിന് മറ്റൊരു ഉറപ്പും നൽകാനാവില്ല. കൊള്ളയടിക്കുമെന്ന ഉറപ്പ് മാത്രമാണ് അവർ നൽകുന്നത്. ഈ സാഹചര്യത്തിൽ ഹരിയാനയിലെ ജനങ്ങൾ ഇപ്പോൾ ബോധവാന്മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിൽ ഒന്നിലധികം റാലികളെ അഭിസംബോധന ചെയ്യവെ ആഭ്യന്തര മന്ത്രി അമിത് ഷായും ഹരിയാന കോൺഗ്രസിൽ ചേരിപ്പോരുണ്ടെന്നും ദൽഹിയിലെ പാർട്ടി നേതാക്കൾ സംസ്ഥാനം കൊള്ളയടിക്കാനുള്ള അവസരമാണ് നോക്കുന്നതെന്നും ആരോപിച്ചിരുന്നു.
അതേ സമയം വികസനം, തൊഴിൽ, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കായുള്ള ഭരണത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ബിജെപിയെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോൺഗ്രസ് പാർട്ടി ദളിത് നേതാക്കളോട് അനാദരവ് കാണിക്കുന്നുവെന്നും അതിനെ ദളിത് വിരുദ്ധ പാർട്ടിയെന്നും ഷാ ആരോപിച്ചു. കോൺഗ്രസ് ഭരണകാലത്ത് ദളിതർക്കെതിരെ 2005ൽ ഗൊഹാന സംഭവവും 2010ൽ മിർച്ച്പൂർ സംഭവവും അരങ്ങേറി.
അശോക് തൻവാർ , കുമാരി സെൽജ എന്നീ ദളിത് നേതാക്കളോട് കോൺഗ്രസ് എന്നും അനാദരവ് കാണിച്ചിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിലിരിക്കുന്നതുവരെ ഡോ. ബി .ആർ . അംബേദ്കറിന് ഭാരതരത്ന നൽകിയിരുന്നില്ല. എന്നാൽ തങ്ങളാകട്ടെ അംബേദ്കറെ ആദരിക്കുന്നതിനായി പഞ്ചതീർഥം സ്ഥാപിക്കുകയും സംവിധാൻ ദിവസ് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ഷാ പറഞ്ഞു.
ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 5 നാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: