ന്യൂദൽഹി : അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ട അവയവങ്ങളുമായി പൂനെയിൽ നിന്ന് ദൽഹിയിലേക്ക് എയർലിഫ്റ്റ് സംവിധാനമെരുക്കി ഇന്ത്യൻ എയർഫോഴ്സ്. എയർലിഫ്റ്റിനായി സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം എയർഫോഴ്സ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
ഇതിനു പുറമെ എയർഫോഴ്സിന്റെ ഇടപെടലിൽ ഒരു നിർണായക ജീവൻ രക്ഷാ ശസ്ത്രക്രിയ സാധ്യമാക്കിയെന്നും പോസ്റ്റിൽ പറയുന്നു. പുനെയിൽ നിന്ന് ദൽഹിയിലേക്ക് അവയവങ്ങൾ എയർലിഫ്റ്റ് ചെയ്യുന്നതിനായി വിമാനത്തിന് തടസ്സങ്ങളില്ലാത്ത പ്രത്യേക യാത്ര റൂട്ട് സംവിധാനം തന്നെയാണ് ഒരുക്കിയത്. പൂനെയിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ ഒരു ടീമുമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി വൈകി വിമാനം പുറപ്പെട്ടത്.
നേരത്തെ യാഗി ചുഴലിക്കാറ്റ് വീശിയടിച്ച് കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് നാശനഷ്ടമുണ്ടായ വിയറ്റ്നാമിൽ മാനുഷിക സഹായത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി ഇന്ത്യൻ എയർഫോഴ്സ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനം വിന്യസിച്ചിരുന്നു. ഹിൻഡാൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നുമുള്ള സി-17 ടീമാണ് ഈ ഓപ്പറേഷന് നിയന്ത്രിച്ചിരുന്നത്.
വിയറ്റ്നാമിനുള്ള ജലശുദ്ധീകരണ വസ്തുക്കൾ, പാത്രങ്ങൾ, പുതപ്പുകൾ, അടുക്കള പാത്രങ്ങൾ, സോളാർ വിളക്കുകൾ എന്നിവ ഉൾപ്പെടുന്ന 35 ടൺ സഹായമാണ് ഈ വിമാനത്തിൽ ഹനോയിൽ ഇറക്കിയത്.
വിയറ്റ്നാമിന് പുറമെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന മ്യാൻമറിലേക്ക് റേഷൻ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയുൾപ്പെടെ 10 ടൺ സഹായ സാമഗ്രികളും ഈ വിമാനത്തിൽ കയറ്റി അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: