ഒരു സര്‍ക്കാരിനെ 100 ദിവസംകൊണ്ട് വിലയിരുത്താനൊന്നും എളുപ്പമല്ല; എന്നല്ല സാധ്യമല്ല. പക്ഷേ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തുടര്‍ ഭരണം 123-ാം മാസം പിന്നിടുകയാണെന്നതിനാല്‍, ഈ മൂന്നാം ഭരണത്തെ വിലയിരുത്താന്‍ ഒരര്‍ത്ഥത്തില്‍ നൂറ് മതിയാകും. കാരണം, ചിലതിന്റെ ‘നൂറ്’അറിയാന്‍ ലക്ഷണങ്ങള്‍ മതിയല്ലോ. പുറം കണ്ടാല്‍ ഉള്ളിലെ നൂറ് (കാമ്പ്) അറിയാം. കൃഷിക്കാര്യത്തിലാണിങ്ങനെയുള്ള അറിവുരീതി ഏറെ പ്രസക്തമാകുന്നത്. മികച്ച കര്ഷകന്, ഭൂമിക്കടിയിലുള്ള വിളയുടെ പാകം പറയാന്‍ ചെടിയുടെ ഇല നോക്കിയാല്‍ മതി. ആധുനിക ശാസ്ത്രം, അതിന്റെ സാങ്കേതിക രീതികൊണ്ട് പറയുന്നതിനൊപ്പമോ അതിനേക്കാളുമോ കൃത്യമായി, കൃഷി കാര്യങ്ങളില്‍ പറയുന്ന ആ ഫലം കൃത്യമായിരിക്കുകയും ചെയ്യും. നിഴലളന്ന് സമയവും നിറവും നോക്കി ഗുണവും മണമറിഞ്ഞ് നിലവാരവും ഉള്ളം കൈയിലിട്ട് തിരുമ്മി പാകവും പറയുന്ന നാട്ടുവിദ്യകള്‍ ശീലമുള്ളവര്‍ ഇന്ന് കുറവാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വാതില്ക്കല് മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഈ പാരമ്പര്യ വഴിയൊക്കെ ആര് പിന്തുടരുന്നു, ആരോര്‍മിക്കുന്നുവെന്നായിരിക്കും ചിലര്‍ക്കെങ്കിലും മനസ്സില്‍.
സര്‍ക്കാരിന്റെ നൂറാണല്ലോ വിഷയം. രാഷ്ട്രീയ അഭിലാഷങ്ങളും വിലയിരുത്തലുകളും മാറ്റിനിര്‍ത്തി ‘നൂറ്’ നോക്കാം. ഒരു ഭരണത്തിനും സര്‍ക്കാരിനും മാര്‍ക്കിടുമ്പോള്‍ പ്രധാനമായും നാലഞ്ചു മാനദണ്ഡങ്ങള്‍ വിലയിരുത്തണം. അതില്‍ പ്രധാനം സര്‍ക്കാരിന്റെ നയമാണ്. നിലപാട്, നിര്‍വഹണരീതി, തീരുമാനത്തിലെ ഗതിവേഗം, ലക്ഷ്യബോധം, പൊതുതാല്‍പ്പര്യം എന്നിങ്ങനെ ആറ് കാര്യങ്ങളിലെ അതീവശ്രദ്ധയും താല്‍പ്പര്യവും എത്രത്തോളം എന്നത് പ്രധാനമാണ്. ഇതില്‍ ഒന്നിലും രാഷ്ട്രീയം- സങ്കുചിത, കക്ഷി രാഷ്ട്രീയം- ഉണ്ടാകാതിരിക്കുക എന്നതാണ് പ്രധാനം. എന്നാല്‍, ഭാരതത്തിലേപോലെ, ജനങ്ങള്‍ക്ക് അത്ര സങ്കീര്‍ണമായ രാഷ്ട്രീയ ചിന്തയും പ്രവര്‍ത്തന രീതിയുമുള്ള രാജ്യത്ത് രാഷ്ട്രീയ നിര്‍മുക്തമായ ഭരണമോ സര്‍ക്കാരോ അടുത്ത കാല്‍നൂറ്റാണ്ടില്‍പ്പോലും സ്വപ്നം കാണേണ്ടതില്ല. കാരണം അതിമാനുഷരൊന്നുമായിട്ടില്ല നമ്മുടെ സമൂഹം. ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും ജനസമൂഹത്തിന്റെ സംഘടിതമായ ഘടനയില്‍ അധിഷ്ഠിതമായിരിക്കെ, കക്ഷിരാഷ്ട്രീയം ഒരു കാലത്ത് പിന്‍നിരയിലേക്ക് പോയാല്പ്പോലും രാഷ്ട്രീയം പൂര്‍ണമായി അത്രവേഗം ഒഴിവാകാനിടയില്ല.
അതുകൊണ്ട്, മേല്‍പ്പറഞ്ഞ ആറ് മേഖലയിലും രാഷ്ട്രീയ നിര്‍മുക്തമായ സ്ഥിതിവിശേഷം അത്ര എളുപ്പമല്ല. എങ്കിലും രാഷ്ട്രീയാതീതമാകാന്‍ കഴിയും ഒരു പരിധിവരെ എന്നതാണ് പ്രത്യേകതയും സാധ്യതയും. അധികാരത്തിലുള്ളവരേക്കാള്‍ അവരുടെ എതിര്‍പക്ഷത്തുള്ളവരുടെ നയനിലപാടുകള്‍ക്ക് അനുസരിച്ചായിരിക്കും അത് നടപ്പിലാകുകയെന്നതാണ് വാസ്തവം. അങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാരുകളെ, അവയുടെ പ്രവര്‍ത്തനത്തെ, വിലയിരുത്താന്‍ സാമാന്യ ജനങ്ങള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ടാണല്ലോ ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ ‘ജനവിധി’ ഉണ്ടാകുന്നത്. ഒരു സ്ഥാനാര്‍ത്ഥിയും പൊതുതെരഞ്ഞെടുപ്പില്‍ തൊട്ടു മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ലഭിച്ച അതേ എണ്ണം വോട്ട് നേടി വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? (പലപ്പോഴും പ്രകടിപ്പിക്കുന്നതല്ലല്ലോ വാസ്തവം, പക്ഷേ, മിക്കവാറും ‘പ്രകടനം’ വിലയിരുത്താനാണ് പൊതുജനങ്ങള്‍ക്ക് വിധി. ജനവിധിയെന്നൊക്കെ വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പു വേളയിലും ”പ്രകടനത്തെ വിലയിരുത്തി വിധിയെഴുതൂ” എന്നാണല്ലോ അഭ്യര്‍ത്ഥനകളും.)
രാഷ്ട്രീയമായാലും ഭരണനിര്‍വഹണമായാലും ഇന്ന് അതീവ വസ്തുനിഷ്ഠമായി വിശകലനം ചെയ്യപ്പെടുന്നുണ്ട്. അതിവിദഗ്ധന്മാരെപ്പോലെ, കണക്കും ശാസ്ത്രവും ഒന്നും അടിസ്ഥാനമാക്കിയായിരിക്കില്ല സാധാരണക്കാരുടെ വിലയിരുത്തലെന്നു മാത്രം. പക്ഷേ, അവര്‍ രാഷ്ട്രീയമായിപ്പോലും നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക്, മുമ്പ് പറഞ്ഞതുപോലെ ‘എ ഐ’യുടെ ശാസ്ത്രബലം തോന്നിക്കില്ലെങ്കിലും പാരമ്പര്യ കര്‍ഷകനെപ്പോലെ ‘പുറംകണ്ട് അകംതിരിച്ചറിയുന്ന ജ്ഞാനബോധവും അനുഭവപരിചയവും കൊണ്ട് കഴമ്പുള്ളതാകും.
ആ വിലയിരുത്തലില്‍ അവര്‍ 75 വര്‍ഷത്തെ സ്വതന്ത്ര ഭാരത ഭരണത്തെ മൂന്ന് ഖണ്ഡമായി തിരിക്കുന്നു. പല കാലത്തായിട്ടാണെങ്കിലും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഡോ.മന്മോഹന് സിങ് വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം- അത് അരനൂറ്റാണ്ടിലേറെ തുടര്‍ന്നു. കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ്-ലോഹ്യ പക്ഷവാദികളുടെ സര്‍ക്കാരുകള്‍ പല ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തിലേറെ ഭരിച്ചു. ചരണ്‍സിങ്, ചന്ദ്രശേഖര്‍, വി.പി. സിങ്, ദേവഗൗഡ, ഐ.കെ. ഗുജ്റാള്‍ എന്നിവരുടെ പേരുകള്‍ പ്രധാനമന്ത്രിമാരുടെ പട്ടികയിലൂടെ ചരിത്രത്തില്‍ കയറിയത് അങ്ങനെയാണ്. ജനതാ പാര്‍ട്ടി, ജനസംഘം, ബിജെപി എന്നീ പാര്‍ട്ടികളിലൂടെ മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്പേയി, നരേന്ദ്ര മോദി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളുമല്ലാത്തവരുടെ സര്‍ക്കാരുകള്‍ മൂന്നുകാലത്തായി 18 വര്‍ഷം ഭരിച്ചു. അങ്ങനെ മൂന്ന് ഖണ്ഡങ്ങളാക്കി തിരിച്ച് സ്വതന്ത്ര ഭാരതത്തിലെ ഭരണത്തെ വിലയിരുത്തിയാല്‍ ഇന്നത്തെ ഭാരതത്തിന്റെ സ്ഥിതിയും നൂറു ദിവസത്തെ ഭരണത്തിന്റെ ഗതിയും നോക്കി രാജ്യം എങ്ങോട്ട് എന്ന് സൂക്ഷ്മമായി വിലയിരുത്താനാകും.
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ രാജ്യത്തെ ഭരണ- നിര്‍വഹണ രാഷ്ട്രീയ മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഗതിവേഗം, ദിശാബോധം, നിര്‍വഹണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭരണം ചര്‍ച്ചയാകുന്നുണ്ട്. ചര്‍ച്ച ചെയ്യാന്‍ പാകത്തിന് നടപടികളിലെ സുതാര്യതയും പ്രകടമാണ്. സര്‍ക്കാര്‍ രൂപീകരിക്കും മുന്‍പ് ജനപിന്തുണ നേടാന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി എണ്ണിയെണ്ണി ക്രമപ്രകാരം നടപ്പിലാക്കുന്നു. അതായത്, പറയുന്നു, പ്രവര്‍ത്തിക്കുന്നു. ഏതുസര്‍ക്കാരിന്റെയും, അതും തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ രീതി അതായിരിക്കണം. വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ, നിരന്തരം അതിന്റെ പേരില്‍ പിന്തുണ തേടുന്നതല്ല ശരിയായ രീതി. വണ്ടിക്കാളയ്ക്ക് ഇപ്പോള്‍ കിട്ടും എന്നു പ്രതീക്ഷ നല്കി, വണ്ടിയുടെ മുന്നില്‍ വൈക്കോല്‍ക്കെട്ട് തൂക്കിയിടുന്നതുപോലെയാകരുത് ഭരണാധിപന്മാരുടെ, ഭരിക്കുന്ന പാര്‍ട്ടിയുടെ, മുന്നണിയുടെ വാഗ്ദാനം. പറയുന്നത് ചെയ്യുക, ചെയ്യുന്നത് മുന്‍കൂട്ടി പറയുക എന്നതാവണം രീതി. അത് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ തുടങ്ങിയ രീതിയല്ല. അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാര്‍ അങ്ങനെയായിരുന്നു. ബിജെപിയാകും മുമ്പ് ജനസംഘം ഘടകകക്ഷിയായിരുന്ന മൊറാര്‍ജി ദേശായിയുടെ ജനതാപാര്‍ട്ടി സര്‍ക്കാരും അങ്ങനെയായിരുന്നു. ഈ മൂന്നു സര്‍ക്കാരും അവരവരുടെ കാലത്ത് ഭരണത്തില്‍ കാലവും അവസരവും പാഴാക്കിയെന്ന് ആരും പറയില്ല. ഒരു പക്ഷേ, ജനതാ പാര്‍ട്ടി സര്‍ക്കാരിനെക്കുറിച്ച് അങ്ങനെയൊരാക്ഷേപം ഉന്നയിച്ചേക്കാം. എങ്കിലും ആ സര്‍ക്കാരും നിശ്ചയത്തില്‍ വിട്ടുവീഴ്ച വരുത്തിയില്ല അതിനാലാണല്ലോ അത് നിലതെറ്റി നിലംപതിക്കാന്‍ ഒരു കാരണമായത്.
പക്ഷേ, കോണ്‍ഗ്രസ് അരനൂറ്റാണ്ടിലേറെ ഭരിച്ച കാലത്തെ സ്ഥിതി അങ്ങനെയായിരുന്നോ. അരനൂറ്റാണ്ടില്‍ പകുതിയും പാഴാക്കുകയോ വിഫലമാക്കുകയോ ചെയ്തു. ശരിയാണ് ബ്രിട്ടീഷ് ഭരണകൂടത്തില്‍നിന്ന് നേടിയ സ്വതന്ത്ര രാജ്യത്തിന്റെ ഭരണത്തുടക്കത്തില്‍ ഒട്ടേറെ പരിചയക്കുറവും തുടക്കപ്പിഴവും പരിമിതികളുമുണ്ടായിരുന്നു. എന്നാല്‍, 12 വര്‍ഷം നെഹ്റു ഭരിച്ചപ്പോഴത്തെ മികച്ച നടപടികള്‍ കാണാതിരുന്നുകൂടാ. ഒപ്പം, സാധ്യമായിരുന്നത് പലതും ചെയ്യാതെ പോയതും നയനിലപാടുകളില്‍ ഉണ്ടായ പാകപ്പിഴകളും വിചാരണ ചെയ്യാതെ വിടുകയുമരുത്. തുടര്‍ന്നുവന്ന ഇന്ദിരാഭരണത്തിലെ 13 വര്‍ഷം സത്യസന്ധമായി വിലയിരുത്തിയാല്‍ ആ തുലാസില്‍ പരാജയത്തിന്റെ തട്ടായിരിക്കും താണുനില്‍ക്കുക. ഇന്ദിരാഗാന്ധി കൈകാര്യം ചെയ്ത, സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര യുദ്ധവിജയങ്ങളും രാജ്യം നേരിട്ട യുദ്ധങ്ങളിലെ വിജയവും ഇന്ദിരാഗാന്ധിയെ ഇതിഹാസ കഥാപാത്രമെന്നപോലെ ചരിത്രവും രാഷ്ട്രീയ ചരിത്രവും എഴുതിയവരിലൂടെ പെരുപ്പിച്ചു. മറിച്ച് ഭരണ കാര്യങ്ങളില്‍ സാധ്യതയുടെ പകുതി പോലും അവര്‍ നിര്‍വഹിച്ചില്ല. രാജീവ് ഗാന്ധിയാണ് അവസരം ഏറ്റവും പാഴാക്കിയത്. വി.പി. സിങ്ങിന്റെ ദേശീയ മുന്നണി സര്‍ക്കാരും ഐക്യമുന്നണി സര്‍ക്കാരും ഭരിച്ചകാലം വാസ്തവത്തില്‍ ഭരണനിര്‍വഹണമായിരുന്നോ എന്ന് അതിസൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ഒരുപക്ഷേ, പേരിന് സര്‍ക്കാരുണ്ടായിരുന്നു എന്നല്ലാതെ രാഷ്ട്രപുരോഗതിയും വികസനവും അണകെട്ടിയ നദിയില്‍ ഒഴുക്ക് തടസ്സപ്പെടുന്നതുപോലെ സ്തംഭിച്ച കാലമായിരുന്നു അത്; രാഷ്ട്രപുരോഗതി ഏറ്റവും പിന്നാക്കം പാഞ്ഞകാലം. ഇവിടെയാണ് മൊറാര്‍ജി- വാജ്പേയി- നരേന്ദ്ര മോദി ത്രയങ്ങളുടെ 18 വര്‍ഷ ഭരണത്തെ മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാക്കുന്ന അന്തരത്തിലെ തിരിച്ചറിവ് വ്യക്തമാകുന്നത്. മൂന്നുകാലത്തില്‍ സംഭവിച്ചതെങ്കിലും മുജ്ജന്മത്തിന്റെ ആവര്‍ത്തനം പോലുള്ള തുടര്‍ച്ചയുണ്ട് അവ തമ്മില്‍. സമസ്ത മേഖലയിലും പുതിയ സാധ്യതകളും പരീക്ഷണങ്ങളും നടന്നു. ശാസ്ത്രരംഗത്തുള്‍പ്പെടെ വലിയ കുതിപ്പുകള്‍ സമന്വയിപ്പിച്ചു. ഭാരതം ലോകരാജ്യങ്ങള്‍ക്കിടയില്‍ കരുത്തുറ്റ രാഷ്ട്രമായി. ഇതെല്ലാം -2014നുശേഷം മാത്രം രാജ്യം നേടിയതാണെന്ന വസ്തുനിഷ്ഠമല്ലാത്ത വിശകലനവും അവകാശവാദവും പ്രചാരണവും അബദ്ധമാണ്. അത് യഥാര്‍ത്ഥ നേട്ടം പോലും ശരിയായി വിലയിരുത്തപ്പെടുന്നതിന് തടസമാകും. പോരായ്മകള്‍ ഉണ്ടെങ്കില്‍ അതും വിളിച്ചുപറയാന്‍ തയാറാകണം, അത് ചര്‍ച്ചചെയ്ത് പരിഹാരം കാണണം.
മൂന്നാം നരേന്ദ്രമോദിസര്‍ക്കാര്‍ മൂന്നു മാസം പിന്നിട്ടു. ഇനിയുമുണ്ട് 57 മാസം. ആദ്യ നൂറുനാളില്‍ ആരോഗ്യം, അടിസ്ഥാന സൗകര്യം, ഗതാഗതം, കൃഷി, ആഭ്യന്തരം, വിദേശ കാര്യം, ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം, തൊഴില്‍ മേഖല എന്നിങ്ങനെ തിരിച്ചുനോക്കിയാല്‍ അവിടങ്ങളില്‍ ആവിഷ്കരിച്ച് അവതരിപ്പിച്ച പദ്ധതികളും പരിപാടികളും മികച്ച തുടക്കമാണ്. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ്, ആര് ജയിക്കുന്നു തോല്‍ക്കുന്നുവെന്നതിലല്ല പ്രധാനമാകുന്നത്. അവിടെ, അത്രയേറെ സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ പ്രദേശത്ത് സമാധാനപൂര്‍ണമായി ജനാധിപത്യപ്രക്രിയ, സുതാര്യമായി നടത്തി എന്നതാണ്. അതുമാത്രം മതി ഈ സര്‍ക്കാരിന്റെ നൂറിലൂടെ വിജയം അറിയാന്‍. ഓരോ സൂക്ഷ്മ നിരീക്ഷണത്തിനും കണക്കെടുപ്പിനും കുറഞ്ഞത് ആറുമാസമെങ്കിലും കഴിയട്ടെ…
പിന്കുറിപ്പ്:
ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനപത്രികയുടെ ഏറ്റവും മികച്ച പ്രചാരണക്കാര്‍ പാകിസ്ഥാനാണ്. ഭാരതത്തിനെ ‘ശത്രുവായി’ കാണുന്ന രാജ്യം. ജമ്മുകശ്മീരില്‍ പാകിസ്ഥാന് ഭാരതത്തോട് ശത്രുതാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയേറെ അധികാരവും അവകാശവും കൊടുത്തത് ഇന്ദിരാഗാന്ധിയുടെ ഭരണകാലമാണ്. നെഹ്റുവാണ് കശ്മീര്‍ പ്രശ്നത്തിന്റെ സ്രഷ്ടാവ്. ഇതൊക്കെ ചരിത്രമാണ്. ‘കോണ്‍ഗ്രസ് വിമുക്തഭാരതം’ എന്നു പറയുന്നത്, ഈ പ്രത്യേക മാനസികാവസ്ഥയുടെ ഇല്ലായ്മ ലക്ഷ്യമിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: