പാലക്കാട്: സര്‍പ്പപ്രീതിയിലൂടെ ആഗോള ഐശ്വര്യവും സമാധാനവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് സൈന്ധവ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാസര്‍പ്പയജ്ഞത്തിന് ഇന്ന് തുടക്കം.
പാലക്കാട് ധോണിയിലെ പഴമ്പുള്ളിയിലാണ് ഇന്നും നാളെയുമായി യജ്ഞം നടക്കുക. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന യജ്ഞത്തിന് കാര്‍മികത്വം വഹിക്കുന്നത് ഒലവക്കോട് കാവില്‍പ്പാട് ശങ്കരോടത്ത് കോവിലകത്ത് അമ്പോറ്റി തമ്പുരാനാണ്.
യജ്ഞത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ ആചാര്യവരണം, ഭൂപരിഗ്രഹം, യജ്ഞ യജമാന- യജമാനിനി ശുദ്ധി, ഭൂദാനം, ധ്വജസ്ഥാപനം, ശങ്കരോടത്ത് കോവിലകത്ത് നിന്നും ഹോമാഗ്നിയെ യജ്ഞഭൂമിയിലേക്ക് എഴുന്നെള്ളിക്കല്‍, വാസ്തുദേവപൂജ, കലാപരിപാടികള്‍ എന്നിവ നടന്നു.
ഇന്ന് രാവിലെ എട്ടിന് അഷ്ടനാഗപൂജ ആരംഭം, 11ന് കലാപരിപാടികള്‍, ഉച്ചക്ക് ശേഷം 3 ന് അരണിപൂജ, അരണി കടയല്‍, തുടര്‍ന്ന് അഗ്നി ആരാധന, ദാന പ്രായശ്ചിത്തം, നാന്ദീമുഖം, അഗ്നിദാനം എന്നിവ നടക്കും. 4.30ന് മഹാ സര്‍പ്പയജ്ഞത്തിന് ആരംഭമാവും.
നാളെ ഉച്ചക്ക് രണ്ടിന് സര്‍പ്പബലിക്ക് കൂറയിടല്‍, തുടര്‍ന്ന് വിവിധ പരിപാടികള്‍ നടക്കും. വൈകിട്ട് ആറിന് സര്‍പ്പബലി തുടങ്ങും. ആത്മീയ- സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അമേരിക്ക, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: