ചെന്നൈ: രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ഭാരതത്തെ വലിയൊരു നാണക്കേടില്‍ നിന്ന് കരകയറ്റി. ബംഗ്ലാദേശിനെതിരെ ആറിന് 144 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഭാരത ഇന്നിങ്സിനെ ഇരുവരും ചേര്‍ന്ന് രക്ഷിച്ചെടുത്തു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം കഴിയുമ്പോള്‍ ഭാരതം 80 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. കരിയറിലെ ആറാം സെഞ്ചുറി മികവുമായി ആര്. അശ്വിനും(102) അര്‍ദ്ധസെഞ്ചുറിയോടെ ജഡേജയും(86) ആണ് ക്രീസില്‍.
ചെന്നൈ നഗരത്തിന് മീതെ ഇന്നലെ രാവിലെ ചെറിയ തോതില്‍ മേഘാവൃതമായ കാലാവസ്ഥ കണ്ട ബംഗ്ലാദേശ് നായകന് നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ ടോസ് നേടിയപാടെ ഭാരതത്തിന് ബാറ്റിങ് നല്കാന് തീരുമാനിച്ചു. കളി തുടങ്ങി പിച്ചിന്റെയും പന്തിന്റെയും ഗതിയറിയും മുമ്പേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(ആറ്) വീഴ്ത്തി ബംഗ്ലാ ബൗളര്‍ ഹസന് മഹ്മൂദ് ഞെട്ടിക്കാന്‍ തുടങ്ങി. പിന്നാലെയെത്തിയ ശുഭാമാന്‍ ഗില്ലിനെ പൂജ്യനാക്കി വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന്റെ കൈകളിലെത്തിച്ച് ഹസന് ആക്രമണം തുടര്‍ന്നു. അധികം വൈകാതെ പരിചയ സമ്പന്നനായ വിരാട് കോഹ്ലിയും(ആറ്) ഹസന്റെ ബൗളിങ് വീര്യം അറിഞ്ഞു. ലിറ്റന്‍ ദാസ് ആണ് കോഹ്ലിയെയും പിടികൂടിയത്.
ഈ സമയമത്രയും ഭദ്രമായി നിലയുറപ്പിക്കാനുള്ള ഭാരത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ശ്രമം ആശങ്കയില്ലാതെ തുടര്‍ന്നുപോന്നു. അഞ്ചാമനായി ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഭാരത ഇന്നിങ്സിന് വീണ്ടും ജീവന്‍വച്ചു. പന്തും ജയ്സ്വാളും ചേര്‍ന്ന് ഭാരതത്തെ സുരക്ഷിത പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കെ രണ്ടാം സ്പെല്ലിനെത്തിയ ഹസന് മഹ്മൂദ് വീണ്ടും ഞെട്ടലേല്പ്പിച്ചു. ഇത്തവണ വീണത് ഋഷഭ്. ലിറ്റന്‍ ദാസിന് പിടി നല്കി പുറത്തേക്ക്. 52 പന്തുകള്‍ നേരിട്ട് 39 റണ്‍സെടുത്തു. നാലിന് 96 എന്ന നിലയില്‍ ഭാരതം വലിയൊരു അപകടം മുന്നില്‍ കണ്ടു. പിന്നീടെത്തിയത് കെ.എല്‍. രാഹുലാണ്.
അര്‍ദ്ധസെഞ്ചുറി നേടിയതിന് പിന്നാലെ ജയ്സ്വാളും വീണു. 118 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ ഒമ്പത് ബൗണ്ടറി സഹിതം 56 റണ്‍സെടുത്ത് നാഹിദ് റാണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പരിക്കില്‍ നിന്നും മോചിതനായി തിരികെയെത്തിയ രാഹുലിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. വ്യക്തിഗത സ്കോര്‍ 16ല്‍ നില്‍ക്കെ മെഹ്ദി ഹസന് മിറാസിന് വിക്കറ്റ് നല്കി പുറത്തായി.
പിന്നീടാണ് ജഡേജ-അശ്വിന് സഖ്യത്തിന്റെ അത്യുഗ്രന്‍ ചെറുത്തു നില്‍പ്പ് തുടങ്ങുന്നത്. പ്രതിരോധത്തിലൂന്നി നങ്കൂരമിട്ട് വിക്കറ്റ് കളയാതെ നോക്കുന്ന ശൈലിയല്ല. മറിച്ച് സ്കോറിങ്ങ് നിരക്കും കൂട്ടിക്കൊണ്ടിരുന്നു. കലുഷിതമായ സാഹചര്യത്തില്‍ ആശങ്കയുടെ ഇന്നിങ്സല്ല ചെപ്പോക്ക് സ്റ്റേഡിയം കണ്ടത്. സമാനതകളില്ലാത്ത രക്ഷാദൗത്യം ഈ രണ്ട് സ്പിന്‍ ബൗളര്‍മാരും ചേര്‍ന്ന് ഏറ്റെടുക്കുന്ന കാഴ്ച്ച മത്സരം ആവേശത്തിലാക്കി. ഒരാള്‍ സ്വന്തം നാട്ടുകാരന് കൂടിയായപ്പോള്‍ ചെപ്പോക്കിന്റെ ഗ്യാലറിയുടെ ആവേശവും ആര്‍പ്പുവിളിയും ഇരട്ടിച്ചു. ഒടുവില്‍ ആദ്യദിനം തീരുവോളം അപരാജിതമായി ഇരുവരും ഭാരത ക്രിക്കറ്റിന് എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്ന മനോഹര ഇന്നിങ്സ് സമ്മാനിച്ച് പുറത്താകാതെ നില്‍ക്കുയാണ്. ഇന്ന് വീണ്ടും തുടങ്ങാന്‍. രാവിലെ മുതല്‍ ചെപ്പോക്കില്‍ വീണ്ടും കാണാം, ഭാരതം-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: