ആലപ്പുഴ: ബീഹാറിലെ പ്രശസ്തമായ നളന്ദ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍, മലയാളി വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഓണം ആഘോഷിച്ചു.
നളന്ദ അന്താരാഷ്‌ട്ര സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പതിനൊന്ന് പേരുണ്ട്. ഇവരുടെ കൂട്ടായ്മയാണ് ആവേശവും തനിമയും ചോരാതെ കേരള സംസ്‌കാരത്തെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും വിവിധ സംസ്ഥാനങ്ങളിലെ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാര്‍ക്ക് മുന്നിലും അവതരിപ്പിച്ചത്.
ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥിനികളും പന്ത്രണ്ട് ഉത്തര ഭാരത സംസ്ഥാനങ്ങളിലെയും മലയാളി വിദ്യാര്‍ത്ഥിനികളാണ് തിരുവാതിരകളിയ്‌ക്ക് ചുവടുകള്‍ വെച്ചത്. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി പാലക്കാട് സ്വദേശിനി ജിനി ബിജുവാണ് ചുവടുകള്‍ വെയ്‌ക്കുവാനുള്ള പരിശീലനം നല്‍കിയത്. തിരുവനന്തപുരം സ്വദേശിയും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ വിഷ്ണുദാസാണ് കേരളീയ ഭക്ഷണങ്ങള്‍ വിതരണം ചെയ്യാന്‍ മുന്‍കൈയെടുത്തത്.
പട്‌നയിലെ മലയാളി സമാജത്തിന്റെ സഹായത്തോടെയാണ് ഇവ നളന്ദയില്‍ എത്തിച്ചത്. പൂക്കളം, വടംവലി, ഓണപ്പാട്ടുകളുടെ ആലാപനം എന്നിവയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സര്‍വ്വകലാശാലയിലെ ഏക മലയാളി ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ എം.വി എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചു. ആദ്യമായാണ് സര്‍വ്വകലാശാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: