ന്യൂദൽഹി : 2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതിയായ എസ്എആർ ഗീലാനിയുമായി നിയുക്ത ദൽഹി മുഖ്യമന്ത്രി അതിഷിയുടെ മാതാപിതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ രംഗത്ത്.
അതിഷി മർലീനയുടെ മാതാപിതാക്കൾക്ക് എസ്എആർ ഗീലാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പാർലമെൻ്റ് ആക്രമണത്തിൽ ഗിലാനിക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്. 2016ൽ ദൽഹി പ്രസ് ക്ലബിൽ അഫ്‌സൽ ഗുരുവിന്റെ സ്മരണയ്‌ക്കായി ഒരു പരിപാടി സംഘടിപ്പിച്ചുവെന്നും മലിവാൾ എക്‌സിന്റെ പോസ്റ്റിൽ പറഞ്ഞു.
ആ പരിപാടിയിൽ അതിഷി മർലീനയുടെ മാതാപിതാക്കളും ഗിലാനിക്കൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു. “ഒരു അഫ്‌സൽ മരിച്ചാൽ ലക്ഷങ്ങൾ ജനിക്കും”, “കശ്മീർ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു” എന്നീ മുദ്രാവാക്യങ്ങളാണ് ഈ പരിപാടിയിൽ ഉയർന്നതെന്ന് അവർ പറഞ്ഞു. ഇതിനു പുറമെ സയ്യിദ് ഗീലാനിയുടെ അറസ്റ്റും പീഡനവും എന്ന തലക്കെട്ടിൽ അതിഷി മർലീനയുടെ മാതാപിതാക്കൾ ഒരു ലേഖനം എഴുതിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാൻ അതിഷിയുടെ മാതാപിതാക്കൾ ദയാഹർജികൾ എഴുതിയിട്ടുണ്ടെന്ന് ആതിഷിയെ ചൊവ്വാഴ്ച എഎപി പാർട്ടിയുടെ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മലിവാൾ ആരോപിച്ചിരുന്നു.
അഫ്സൽ ഗുരു നിരപരാധിയാണെന്നും തൂക്കിക്കൊല്ലരുതെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും കാണിച്ച് അതിഷിയുടെ മാതാപിതാക്കൾ രാഷ്‌ട്രപതിക്ക് ദയാഹർജികൾ പലതവണ എഴുതിയെന്ന് മലിവാൾ ആരോപിച്ചിരുന്നു.
കൂടാതെ ദൽഹിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദൗർഭാഗ്യകരമായ ദിവസമാണിതെന്നും ഭീകരൻ അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ സ്വന്തം കുടുംബം ദീർഘനാളായി പോരാടിയ അതിഷിയെപ്പോലൊരു സ്ത്രീ ദൽഹി മുഖ്യമന്ത്രിയാകാൻ പോകുന്നത് ദുഃഖകരമാണെന്നും മലിവാൾ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: