ഡോ. സി. എം. ജോയി
നമ്മുടെ ഭൂമിയെ മനുഷ്യരാശിയടക്കമുള്ള ജീവജാലങ്ങള്‍ക്ക് വാസയോഗ്യമാക്കുന്ന ആഗോള സംവിധാനങ്ങളാണ് സമുദ്രങ്ങള്‍. ഭൂമിയുടെ ഉപരിതലത്തിന്റെ മുക്കാല്‍ ഭാഗവും ഭൂമിയിലെ ജലത്തിന്റെ 97 ശതമാനവും ഉള്‍ക്കൊള്ളുന്ന നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങളുടെ 99 ശതമാനം കൂടി സമുദ്രങ്ങള്‍ പ്രതിനിധീകരിക്കുന്നു. ഭൂമി എന്ന ഗ്രഹത്തിന്റെ സന്തുലിതാവസ്ഥയില്‍ സമുദ്രം പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അതിന്റെ നിഗൂഢതകളെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ല. സമുദ്രത്തിന്റെ ആഴത്തില്‍ പത്തിലൊന്ന് മാത്രമേ നമ്മള് പര്യവേക്ഷണം ചെയ്തിട്ടുള്ളൂ.
നമ്മുടെ ജീവന് നിലനിര്‍ത്തുന്ന , കുടിവെള്ളം, മഴവെള്ളം, നമ്മുടെ കാലാവസ്ഥ, തീരപ്രദേശങ്ങള്‍, ഭക്ഷണത്തിന്റെ ഭൂരിഭാഗവും, നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജന്‍ എല്ലാം ആത്യന്തികമായി നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സമുദ്രങ്ങളാണ്. ഈ ഭൂമിയുടെ സുസ്ഥിര ഭാവിയ്ക്ക് ഈ ആഗോള വിഭവത്തിനെ (സമുദ്രങ്ങള്‍) ശ്രദ്ധാപൂര്‍വ്വം പരിപാലിക്കേണ്ടത് അത്യന്താപേക്ഷികമാണ്. ഭാരതത്തിന്റെ തീരപ്രദേശം 7,500 കിലോമീറ്ററിലധികമാണ്. കേരളസംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി 576 കിലോമീറ്റര്‍ നീളത്തിലുളളതാണ് നമ്മുടെ സമുദ്ര തീരം. നിലവില്‍ സമുദ്രത്തിലെ മലിനികരണവും അമ്ലീകരണവും ആവാസവ്യവസ്ഥയുടെയും ജൈവവൈവിധ്യത്തിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇതുമൂലം 90 ശതമാനം വലിയ മത്സ്യങ്ങളുടെ എണ്ണം കുറയുകയും 50 ശതമാനം പവിഴപ്പുറ്റുകളും നശിപ്പിക്കപ്പെടുകയും ചെയ്തതോടെ, നികത്താവുന്നതിലും കൂടുതല്‍ നാം സമുദ്രത്തില്‍ നിന്ന് എടുക്കുന്നു എന്ന അവസ്ഥയിലാണിന്ന്. സമുദ്രവുമായി ഒരു പുതിയ സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കടല്‍ പരിസ്ഥിതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രധാന ആശങ്കയും അപകടവുമായി വളര്‍ന്നുവരുന്ന അന്താരാഷ്ട്ര പ്രശ്നമാണെന്നാണ് പഠനങ്ങള്‍ പറയുന്നു.
സമുദ്ര ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, മത്സ്യബന്ധനം, മനുഷ്യന്റെ ആരോഗ്യം, സമ്പദ്വ്യവസ്ഥ എന്നിവയില്‍ പ്ലാസ്റ്റിക്കിന്റെ ദോഷകരമായ സ്വാധീനം കാണിക്കുന്നു. സാധാരണയായി, കരയിലെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് കടല്‍ മാലിന്യങ്ങളില്‍ ഏറെയും. സമുദ്ര മാലിന്യങ്ങളുടെ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഓരോ വര്‍ഷവും ഏകദേശം 8 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിച്ചേരുന്നതായി പറയപ്പെടുന്നു. സമുദ്രത്തില്‍ ഉദ്ദേശം 150 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍, 2025 ആകുമ്പോഴേക്കും സമുദ്രത്തില്‍ ഓരോ 3 ടണ്‍ മത്സ്യത്തിനും 1 ടണ്‍ പ്ലാസ്റ്റിക് എന്ന തോതില്‍ കാണപ്പെടും എന്ന് കരുതുന്നു. 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കുകള്‍ സമുദ്രത്തിലെ മത്സ്യങ്ങളെക്കാള്‍ കൂടുതലായിരിക്കും എന്നും ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. സമുദ്ര അവശിഷ്ടങ്ങളുടെ 80 ശതമാനവും സമുദ്രജീവികള്‍ വലിച്ചെടുക്കുകയോ പ്ലാസ്റ്റിക്കില്‍ കുടുങ്ങിപ്പോകുകയോ ചെയ്യുന്നു. കടല്‍ പക്ഷികള്‍, തിമിംഗലങ്ങള്‍, മത്സ്യങ്ങള്‍, ആമകള്‍ തുടങ്ങിയ സമുദ്ര വന്യജീവികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇരയായി തെറ്റിദ്ധരിക്കുകയും അവയുടെ വയറ് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൊണ്ട് നിറയുകയും ശരിയായ ആഹാരമില്ലാതെ പട്ടിണി കിടന്ന് ചത്ത് പോവുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷ്യ സുരക്ഷയെയും ഗുണനിലവാരത്തെയും, കൂടാതെ മനുഷ്യന്റെ ആരോഗ്യം, തീരദേശ വിനോദസഞ്ചാരം തുടങ്ങിയവയെയും ഭീഷണിപ്പെടുത്തുന്ന നിലയിലാണിന്ന്. ‘അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം’ എല്ലാ വര്‍ഷവും സപ്തംബറിലെ മൂന്നാമത്തെ ശനിയാഴ്ച ആഗോളതലത്തില്‍ ആഘോഷിക്കുന്നു. ഈ വര്‍ഷം സപ്തംബര്‍ 21-ന്, മറ്റ് സന്നദ്ധ സംഘടനകളും പ്രാദേശിക സമൂഹവും ഭാരത സര്‍ക്കാരും ചേര്‍ന്ന് രാജ്യത്തെ മുഴുവന്‍ തീരപ്രദേശത്തും ‘സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍/ക്ലീന്‍ കോസ്റ്റ് സേഫ് സീ’ എന്ന ശുചീകരണ ക്യാമ്പയിന് നടത്തും.
ഈ ക്യാമ്പയിനില്‍ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം,കോസ്റ്റ് ഗാര്‍ഡ്, നാഷണല്‍ സര്‍വീസ് സ്കീം, പൂര്‍വ്വ സൈനിക് സേവ പരിഷത്ത്, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം, സീമ ജാഗരണ്‍ മഞ്ച്, പര്യാവരണ്‍ സംരക്ഷണ് ഗതിവിധി , ലയണ്‍സ് ക്ലബ്ബ് എന്നിവ പങ്കെടുക്കും.. ഉപജീവനത്തിനായി സമുദ്രങ്ങളെയും കടല്‍ത്തീരങ്ങളെയും ആശ്രയിക്കുന്ന പ്രാദേശിക കമ്മ്യൂണിറ്റികള്‍, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, പൊതുസമൂഹം എന്നിവരും പ്രധാന പ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതും ദൈര്‍ഘ്യമേറിയതുമായ തീരദേശ ശുചീകരണ ക്യാമ്പയിനാണിത്. ഈ കാമ്പെയ്നിലൂടെ, പ്ലാസ്റ്റിക് ഉപയോഗം നമ്മുടെ സമുദ്രജീവിതത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക വഴി ജനങ്ങളുടെ ഇടയില്‍ വന്‍തോതിലുള്ള പെരുമാറ്റ മാറ്റമാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്ര സേവനത്തിന്റെ സ്വച്ഛ് സാഗര്‍ – സുരക്ഷിത് സാഗര്‍ ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാവുക വഴി സമുദ്ര സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും.
(എറണാകുളം ജില്ലാ സാമുദ്രതീര ശുചീകരണ പരിപാടി ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: