കശ്മീര്‍ ജനത നാളെ പോളിംഗ് ബൂത്തിലേക്ക്. നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് തുടക്കം. പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനുശേഷം അവിടെ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. വികസനത്തിന്റെ പുതു ചരിത്രം രചിച്ചുകൊണ്ടിരിക്കുന്ന ജമ്മു കശ്മീരില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഉത്തരം കിട്ടാനുള്ള വോട്ടെടുപ്പ്. മനോഹരമായ കശ്മീരിനെ കുടുംബ രാഷ്ട്രീയം നശിപ്പിച്ചെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്നു കുടുംബങ്ങളും തമ്മിലാണെന്നുമുള്ള വിമര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം പ്രകടമാണ്. ഭീകരവാദം അതിന്റെ അന്ത്യനാളുകളിലാണ്. ഊര്‍ദ്ധശ്വാസം വലിക്കുകയാണ് ഭീകരത എന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. കുടുംബാധിപത്യവും ബിജെപിയും തമ്മിലുള്ള പോരാട്ടമാണിതെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ സൂചിപ്പിച്ചത്. ഇന്‍ഡി സഖ്യം 370 -ാം വകുപ്പ് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുമ്പോള്‍ ബിജെപി അത് തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ അമിത് ഷാ, ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതില്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വ്യക്തമാക്കി.
ജമ്മു കശ്മീര്‍ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയാണ്. പോലീസിനും സൈന്യത്തിനും നേരേ കല്ലെറിയുന്നത് ഇല്ലാതായി. ഭാരതം യാഥാര്‍ഥ്യമാക്കിയത് കശ്മീരിലെ ജനങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമാകുകയും കുടുംബ രാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്നു പൊള്ളയാക്കുകയും ചെയ്തു.
പ്രത്യേക പദവിയും പരിഗണനയും ഉണ്ടായിരുന്ന കാലത്ത്, പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ജമ്മു കശ്മീര്‍ വളരെ പിന്നിലായിരുന്നു. അന്നു പാരമ്പര്യാവകാശം പോലെ ഭരണം കയ്യാളിയ കുടുംബങ്ങള്‍, എല്ലാ പദ്ധതികളും അഴിമതിക്കും സര്‍ക്കാര്‍ പണം കട്ടുമുടിക്കാനുമുള്ള അവസരങ്ങളായി ഉപയോഗിച്ചു. തീവ്രവാദികള്‍ക്ക് തഴച്ചുവളരാനും ഒളിഞ്ഞിരിക്കാനും ഉള്ള സുരക്ഷിതതാവളമാക്കി കശ്മീരിനെ മാറ്റാനാണ് ഭരണകൂടങ്ങള്‍ പദവിയും പരിഗണനയും ഉപയോഗിച്ചുവന്നിരുന്നത്.
പൂവ് പറിക്കുന്ന ലാഘവത്തോടെ 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെയാണ് കശ്മീര്‍, മറ്റ് സംസ്ഥാനങ്ങളെപ്പോലെ രാജ്യത്തിന്റെ വികസനക്കുതിപ്പില്‍ ഒപ്പമോ ഒരു പടി മുന്നിലോ എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആരംഭിച്ചതോടെ ആഭ്യന്തര-പ്രതിരോധ രംഗത്തും വൈദ്യുതി ഉത്പാദന രംഗത്തും തൊഴില്‍ മേഖലകളുടെ വികസനത്തിലും ജമ്മു കശ്മീര്‍ ഏറെ മുന്നോട്ടുപോയി. സ്വാതന്ത്ര്യാനന്തര ഭാരതം പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് ഇന്നത്തെ കശ്മീരിലേത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ രംഗത്ത് കാര്യമായ ചുവടുവയ്പ്പ് നടത്താന്‍ സാധിച്ചു. അതിലേറെ ആശ്വാസകരമായിട്ടുള്ളത് കശ്മീരി യുവാക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റമാണ്. അവര്‍ വസ്തുതകളെ തിരിച്ചറിയാന്‍ തുടങ്ങി. ശത്രുരാജ്യത്തിന്റെ ചട്ടുകങ്ങളായി ഭീകരവാദികളാവുന്ന പ്രവണത അവസാനിച്ചു. നോട്ട് കെട്ടുകള്‍ക്കും ദിവസക്കൂലിക്കും വേണ്ടി മാതൃരാജ്യത്തിന്റെ പട്ടാളത്തെയും പോലീസിനെയും കല്ലെറിയുകയും അക്രമിക്കുകയും ചെയ്യുന്ന മനോനിലയില്നിന്നു മാറി. ശാന്തിയോടെയും സമാധാനത്തോടെയും ഈ രാജ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും അവര്‍ തയ്യാറായി. വ്യാവസായികരംഗത്തും ടൂറിസം രംഗത്തും കശ്മീര്‍ ഒരു നൂതന പന്ഥാവിലാണ്. പല പ്രമുഖ ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും ജമ്മു കശ്മീരിലും ലഡാക്കിലും വ്യവസായശാലകളും കമ്പനികളും ആരംഭിക്കാന്‍ തയ്യാറായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യത വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. പോലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മുകശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു.
ജമ്മുകശ്മീരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് ‘രാഷ്ട്രീയ രാജവംശങ്ങള്‍’ ചെയ്തത്. കുടുംബ രാഷ്ട്രീയക്കാര്‍ തങ്ങളുടെ മക്കളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. സാധാരണക്കാരില്‍ നിന്നു യുവജനങ്ങളെ ഉയര്‍ത്തിക്കാട്ടിയില്ല. കശ്മീരിനെ വീണ്ടും ഇരുണ്ട കാലത്തിലേക്കു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികളുടെ ശ്രമം. പ്രതിപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സ്കൂളുകള്‍ക്കു തീയിടുകയും കല്ലെറിയുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് താഴ് വര വീണ്ടും മടങ്ങും എന്നും നരേന്ദ്ര മോദി ഓര്‍മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: