ന്യൂദല്‍ഹി: വനവാസി കല്യാണാശ്രമം അഖില ഭാരതീയ കാര്യകര്‍ത്താ സമ്മേളനം ഹരിയാനയിലെ സമാല്‍ഖയില്‍ 20 മുതല്‍ 22 വരെ ചേരുമെന്ന് പ്രചാര്‍ പ്രമുഖ് പ്രമോദ് പേഥ്കര് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 21 ന് 80 വേദികളിലായി 80 വനവാസി ഗോത്ര വര്‍ഗ വിഭാഗങ്ങളുടെ അനുഷ്ഠാനങ്ങള്‍ അരങ്ങേറും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാജ്യമൊട്ടാകെയുള്ള രണ്ടായിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഏഴ് പതിറ്റാണ്ടായി വനവാസി സമൂഹത്തില്‍ സ്വത്വബോധമുണര്‍ത്തി ആത്മവിശ്വാസം വളര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് വനവാസി കല്യാണാശ്രമമെന്ന് പ്രമോദ് പേഥ്കര് പറഞ്ഞു. കായിക, വിദ്യാഭ്യാസ, ആരോഗ്യ, കൃഷി മേഖലകളില്‍ വനവാസി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി 14000 കേന്ദ്രങ്ങളില്‍ 20000 പദ്ധതികള്‍ സംഘടന നടപ്പാക്കിയിട്ടുണ്ട്. 50000 ഗ്രാമങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വനവാസി ജനതയിലെ വ്യത്യസ്തങ്ങളായ സമ്പ്രദായങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരെ ഏകതയുടെ ദേശീയ ധാരയില്‍ അണിനിരത്തുകയാണ് വനവാസി കല്യാണാശ്രമം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: