പൂനെ: എണ്പതു ലക്ഷം ടണ്‍ മാലിന്യം റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് നിര്‍മാണത്തില്‍ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ പ്രാധാന്യമുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനത്തിനായുള്ള ഗവേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
അടുത്ത 25 വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ വാഹങ്ങളും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാകും. വാഹനരംഗത്ത് ആഗോളതലത്തില്‍ ഭാരതം മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഫണ്ടിന് യാതൊരു കുറവുമില്ല. വിശ്വസ്തരും കാര്യക്ഷമതയുള്ളവരുമായ തൊഴിലാളികള്‍ക്കാണ് അഭാവമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ-ബെംഗളൂരു 14 വരിയുള്ള ദേശീയപാത യാഥാര്‍ത്ഥ്യമായാല്‍ റിങ് റോഡ് വഴി പൂനെയില്‍ എത്താമെന്നതിനാല്‍ മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ തിരക്ക് 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നും ഛത്രപതി സംഭാദജിനഗര് റോഡുമായും ഈ പാത ബന്ധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
താന്‍ മഹാരാഷ്ട്രയിലെ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് മുംബൈ-പൂനെ എക്സ്പ്രസ് വേയുടെ നിര്‍മാണം നടന്നത്. അടുത്ത അന്‍പത് വര്‍ഷം മുന്‍കൂട്ടി കണ്ടാണ് അന്നത് രൂപകല്പന ചെയ്തത്. എന്നാലും വര്‍ധിച്ചു വരുന്ന ഗതാഗതം കൈകാര്യം ചെയ്യാന്‍ ഇതപര്യാപ്തമാണ്, അതിനാലാണ് പുതിയ പാതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: