വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപിനെയും കമലാ ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ക്കുള്ള കമലാ ഹാരിസിന്റെ പിന്തുണയും ഉദ്ധരിച്ചാണ് മാര്‍പാപ്പയുടെ വിമര്‍ശനം. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും മനുഷ്യജീവനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് മാര്‍പാപ്പ പറഞ്ഞു.
12 ദിവസത്തെ ഏഷ്യന്‍ പര്യടനത്തിന് ശേഷം റോമിലേക്ക് മടങ്ങവെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഒരു അമേരിക്കക്കാരനല്ല, ഞാന്‍ അവിടെ വോട്ട് ചെയ്യുന്നില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാം, കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതും കുടിയേറ്റക്കാര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം നല്‍കാത്തതും ഗുരുതരമായ കാര്യമാണ്. അദ്ദേഹം പറഞ്ഞു.
കാത്തലിക് വിഭാഗത്തിലെ വോട്ടര്‍മാരോടാണ് തിന്മ കുറഞ്ഞവരെ തെരഞ്ഞെടുക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രംപിന്റെ കുടിയേറ്റത്തിനെതിരായ നിലപാടിനെ ഗുരുതരമായ പാപമെന്നും ഗര്‍ഭഛിദ്രത്തിന് അനുകൂലമായ കമല ഹാരിസിന്റെ നിലപാടിനെ കൊലപാതകമെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിക്കുന്നത്. ഒരാള്‍ അഭയാര്‍ത്ഥികളെ പുറത്താക്കുന്നയാളും രണ്ടാമത്തെയാള്‍ കുട്ടികളെ കൊല്ലുന്നയാളും. ഇവ രണ്ടും ജീവന് എതിരായ പ്രവര്‍ത്തിയാണെന്നാണ് മാര്‍പാപ്പ വെള്ളിയാഴ്ച പ്രതികരിച്ചത്. ഒരാള്‍ രണ്ട് തിന്മകളില് കുറഞ്ഞത് തെരഞ്ഞെടുക്കണം. ആരാണ് കുറവ് തിന്മ? ആ സ്ത്രീയോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും അവരുടെ മനസാക്ഷിക്ക് അനുസരിച്ച് ചിന്തിച്ച് ഈ തീരുമാനം എടുക്കണം. മാര്‍പാപ്പ പറഞ്ഞു.
എന്നാല്‍ പരാമര്‍ശങ്ങളില്‍ ഇരുസ്ഥാനാര്‍ത്ഥികളുടേയും പേര് മാര്‍പാപ്പ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള 1.4 ബില്യണ്‍ കത്തോലിക്കാ വിശ്വാസികളില്‍ 52 മില്യണാണ് അമേരിക്കയിലെ കത്തോലിക്കാ വിഭാഗം. എല്ലാവരോടും വോട്ട് രേഖപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് മോശമായ കാര്യമല്ല. എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കുറഞ്ഞ തിന്മയെ തെരഞ്ഞെടുക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ട്രംപും കമലാ ഹാരിസും തമ്മിലുള്ള ആദ്യ സംവാദം കഴിഞ്ഞതിന് പിന്നാലെയാണ് മാര്‍പാപ്പയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: