ന്യൂയോര്‍ക്ക്: സെപ്റ്റംബർ 22 നു ന്യൂ യോർക്കിൽ ഇന്ത്യൻ സമൂഹത്തെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വമ്പിച്ച വരവേൽപ് നൽകാൻ ഒരുക്കങ്ങൾ പൂര്‍ത്തിയായി. ലോങ്ങ് ഐലൻഡിലെ നാസാ വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ആണ് മോദി പ്രവാസികളോട് സംസാരിക്കുക.
ഇന്തോ-അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് യുഎസ്എ സംഘടിപ്പിക്കുന്ന ചടങ്ങു അദ്ദേഹം പ്രധാനമന്ത്രി ആയ ശേഷം നടത്തിയ യുഎസ് സന്ദർശനത്തിന്റെ പത്താം വാർഷികവുമാണ്. അന്നു മാഡിസൺ സ്ക്വയർ ഗാർഡനിൽ ആയിരുന്നു ചടങ്ങ്. അന്ന് 16000 പേര് പങ്കെടുത്തപ്പോൾ ഇതവണ 24000 പേരാണ് രജിസ്റ്റർ ചെയ്തത്.
“ഭാരതാംബയ്ക്കു ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ സംഘടിപ്പിക്കാനാണ് ഈ സന്ദർശനം,”പരീഖ് വേൾഡ്വൈഡ് മീഡിയ, ഐ ടി വി ഗോൾഡ് എന്നിവയുടെ സ്ഥാപകനായ പദ്മശ്രീ ഡോക്ടർ സുധിർ പരീഖ് പറഞ്ഞു.
“ഇന്ത്യയുടെ വികസനത്തിനുള്ള പ്രധാനമന്ത്രിയുടെ ദർശനം കേൾക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിപ്പാണ്.”
നാഷനൽ കൗൺസിൽ ഓഫ് ഏഷ്യൻ ഇന്ത്യൻ അസോസിയേഷൻസ് ചെയർമാൻ സുനിൽ സിംഗ് പറയുന്നത് സമൂഹത്തിലെ അംഗങ്ങൾക്കു വലിയ ആവേശമാണ് എന്നാണ്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ആളുകൾ വരുന്നു
യുഎസ്-ഇന്ത്യ ബന്ധങ്ങളിൽ പ്രവാസി സമൂഹത്തിനു നിർണായക പങ്കുണ്ടെന്നു വിർജീനിയ ഏഷ്യൻ അഡ്വൈസറി ബോർഡ് ചെയർ ശ്രീലേഖ പല്ലെ പറഞ്ഞു.
സിഖ്സ് ഓഫ് അമേരിക്ക സ്ഥാപകൻ ജെസെ സിംഗ് പറഞ്ഞു: “സിഖ് സമുദായം ഏറെ ആവേശത്തിലാണ്. മോദി ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും നടപടി എടുക്കുകയും ചെയ്യാറുണ്ട്.”
ലോകമൊട്ടാകെ ഇന്ത്യക്കാർക്ക് ലഭിക്കുന്ന അംഗീകാരത്തിനു കാരണം മോദിയാണെന്നു തെലുഗ് സമൂഹത്തിന്റെ നേതാവ് രമേശ് അന്നംറെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: