ന്യൂദല്‍ഹി: ഭാരതത്തിന്റെ ആത്മാഭിമാനത്തിന് മുമ്പില്‍ ചോദ്യ ചിഹ്നമായി നിന്ന അടിമത്വത്തിന്റെയും കൊളോണിയല്‍ കാലഘട്ടത്തിന്റെയും ശേഷിപ്പുകള്‍ ഒന്നൊന്നായി അവസാനിക്കുന്നു. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുസമൂഹത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയര്‍ ഇനി ശ്രീവിജയപുരം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലൂടെയാണ് പുനര്‍നാമകരണം ചെയ്ത വിവരം അറിയിച്ചത്.
കേന്ദ്രഭരണ പ്രദേശമാണ് ‘പോര്‍ട്ട് ബ്ലയര്‍’. ഈ പേര് കൊളോണിയല്‍ ലെഗസിയുടെ ഭാഗമാണെന്നും സ്വാതന്ത്ര്യത്തിനായി ഭാരതീയര്‍ നടത്തിയ വിജയ പോരാട്ടത്തിന്റെ പ്രതീകമായി ശ്രീവിജയ പുരം എന്ന് നാമകരണം ചെയ്യുന്നതായും അമിത് ഷാ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊളോണിയല്‍ വിമുക്ത രാഷ്ട്രമെന്ന സങ്കല്പ്പത്തിനടിസ്ഥാനമായിട്ടാണ് പോര്‍ട്ട് ബ്ലയറിന്റെ പുനര്‍നാമകരണമെന്ന് ഷാ വ്യക്തമാക്കി.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താവുന്ന സ്ഥാനമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കുള്ളത്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവികത്താവളമായിരുന്നു ഇവിടം. ഇന്ന് ഭാരതത്തിന്റെ തന്ത്രപരവും വികസനോന്മുഖവുമായ പദ്ധതികളുടെ അടിത്തറയായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മാറിയതായും അമിത് ഷാ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് ഭാരതത്തിന്റെ ത്രിവര്‍ണപതാക ആദ്യമായി അനാവരണം ചെയ്തതും വീര സവര്‍ക്കര്‍ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വതന്ത്ര ഭാരതത്തിനായി സെല്ലുലാര്‍ ജയിലുകളില്‍ പോരാടിയതും ഇവിടെയാണെന്ന് അമിത് ഷാ അനുസ്മരിച്ചു. ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന സ്വാതന്ത്ര്യ സമരചരിത്രത്തിലെ ധീരനായകന് വിപ്ലവ വീര ദാമോദര സവര്‍ക്കറെ ഇരട്ട ജീവപര്യന്തം തടവിന് വിധേയനാക്കി ജയിലിലടച്ചത് പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലിലായിരുന്നു. ജയിലിലെ ചുമരുകളില്‍ സ്വന്തം രക്തംകൊണ്ട് വിപ്ലവഗാഥകള്‍ എഴുതിയ ധീരദേശാഭിമാനിയായിരുന്നു വീര സവര്‍ക്കര്‍.
നേരത്തെ കേന്ദ്രം ആന്‍ഡമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി മാറ്റിയിരുന്നു. ഈ മൂന്ന് ദ്വീപുകളും മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും ഹാവ്ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നുമായിരുന്നു പുനര്‍നാമകരണം ചെയ്തത്. കൊളോണിയല്‍ പാരമ്പര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു. അലഹബാദ്, പ്രയാഗ്രാജായി. ഫൈസാബാദ് അയോദ്ധ്യയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: