ഗ്രെയ്റ്റര്‍ നോയിഡ: അഞ്ച് ദിവസവും കനത്ത മഴ പെയ്തതോടെ ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന് ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. സപ്തംബര്‍ ഒമ്പത് മുതല്‍ 13 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന മത്സരം ഇന്നലെ രാവിലെ ഔദ്യോഗികമായി ഉപേക്ഷിച്ചു. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു പന്ത് പോലും എറിയാനാകാതെ മുടങ്ങുന്ന എട്ടാമത്തെ മാത്രം ടെസ്റ്റ് ആണിത്.
ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏക ടെസ്റ്റ് മത്സരമാണ് നിശ്ചയിച്ചിരുന്നത്. ഇതിനുള്ള വേദിയായി നിശ്ചയിച്ചത് ഭാരതനഗരം ഗ്രെയ്റ്റര്‍ നോയിഡയിലെ സ്റ്റേഡിയത്തിലാണ്. ആദ്യ നാല് ദിവസവും മഴ കാരണം ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇന്നലെയായിരുന്നു അഞ്ചാമത്തെയും അവസാനത്തെയും ദിവസം. കളിക്കാര്‍ക്കും മാച്ച് റഫറിമാര്‍ക്കും അമ്പയര്‍മാര്‍ക്കും ആരാധകര്‍ക്കും തരിയോളം പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഇന്നലെയും മഴ ശക്തമായി തുടര്‍ന്നു. പ്രാദേശിക സമയം രാവിലെ 8.50 ആയപ്പോഴേക്കും മാച്ച് ഒഫിഷ്യലുകള്‍ കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.
ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു പന്ത് പോലും എറിയാനാകാതെ ടെസ്റ്റ് ഉപേക്ഷിക്കേണ്ടി വന്നത് 26 വര്‍ഷം മുമ്പാണ്. 1998ല്‍ അന്ന് ന്യൂസിലന്‍ഡിലെ ഡ്യൂനെഡിനില്‍ ആതിഥേയര്‍ക്കെതിരെ മത്സരിക്കേണ്ടത് ഭാരതമായിരുന്നു. പക്ഷെ സമ്പൂര്‍ണമായും ഉപേക്ഷിച്ചു. പൂര്‍ണമായും മുടങ്ങിയ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം 1890ലായിരുന്നു. അന്ന് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ട-ഓസ്ട്രേലിയ ടെസ്റ്റാണ് മുടങ്ങിയത്. പിന്നീട് ഇതേ വേദിയില്‍ ഇതേ ടീമുകളുടെ മത്സരം 1938ല്‍ ഉപേക്ഷിക്കേണ്ടിവന്നു. ഓസ്ട്രേലിയ-ഇംഗ്ലണ്ട്(1970-മെല്‍ബണ്‍), ന്യൂസിലന്‍ഡ്-പാകിസ്ഥാന്(1989-ഡ്യുനെഡിന്‍), വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട്(1990-ജോര്ജ്ടൗണ്), പാകിസ്ഥാന് സിംബാബ്വെ(1998 ഫൈസലാബാദ്) എന്നിവയാണ് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട മറ്റ് ടെസ്റ്റ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: