ചെന്നൈ: ചെറിയൊരു ഇടവേളയ്ക്ക് ശേഷം പോരാട്ടങ്ങള്‍ക്ക് സജ്ജരായി ഭാരത ക്രിക്കറ്റ് ടീം. നാട്ടിലെത്തിയ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം 19ന് ചെന്നൈയില്‍ തുടങ്ങും. ഇതിന് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും അടക്കമുള്ള ഭാരത താരങ്ങള്‍ ചെന്നൈയിലെത്തി പരിശീലനം തുടങ്ങി.
വ്യാഴാഴ്ച്ച മുതല്‍ ടീമംഗങ്ങളില്‍ പലരും വിവിധ ഇടങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ വിരാട് കോഹ്ലി ആണ് ഏറ്റവും ഒടുവില്‍ ടീമിനൊപ്പം ചേര്‍ന്നത്. ലണ്ടനില്‍ നിന്നാണ് കോഹ്ലി എത്തിയത്. വ്യാഴാഴ്ച്ച രാത്രിയായിരുന്നു രോഹിത്തിന്റെ വരവ്. പേസ് ബൗളര്‍ ജസ്പ്രീത് സിങ് ബുംറ, കെ.എല്‍. രാഹുല്‍ എന്നിവരടക്കമുള്ള ഏതാനും താരങ്ങള്‍ വ്യാഴാഴ്ച്ച പകല്‍ എത്തിയിരുന്നു. ട്വന്റി20 ലോകകപ്പിന് പിന്നാലെ ടീം അംഗങ്ങളില്‍ പലരും വിശ്രമത്തിലായിരുന്നു. ശ്രീലങ്കന്‍ പര്യടനവും മറ്റും നടന്നെങ്കിലും സമ്പൂര്‍ണ ടീം അല്ല കളിച്ചത്. ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഭാരതം.
ബംഗ്ലാദേശിനെതിരായ ടെസ്റ്റിനിറങ്ങുമ്പോള്‍ ഭാരതത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. പാകിസ്ഥാനെ അവരുടെ മണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ തറപറ്റിച്ച് യശസ്സുയര്‍ത്തി നില്‍ക്കുകയാണ് ബംഗ്ലാ പട. ആ വിജയം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ുറപ്പാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ നിലവില്‍ ഭാരതം ഒന്നാം സ്ഥാനത്താണ്. പക്ഷെ ഈ വരുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത് പുതിയ പരിശീലകന് ഗൗതം ഗംഭീറിന് കീഴിലാണ്. ലങ്കയിലേറ്റ നാണക്കേടിന്റെ ഭാരം കൂടുതലും ഗംഭീറിന്റെ ചുമലിലാണ്. ഈ പശ്ചാത്തലത്തില്‍ കരുത്താര്‍ജിച്ച് നില്ക്കുന്ന ബംഗ്ലാദേശിനെ നേരിടുകയെന്ന വലിയ വെല്ലുവിളി കൂടി ഗംഭീറിനെ പിന്തുടരുകയാണ്. പരിചയ സമ്പന്നരായ രോഹിത്തും വിരാടും ബുംറയുമെല്ലാം ടീമിനൊപ്പം ചേരുമ്പോഴുള്ള ആശ്വാസം ഫലത്തിലെത്തിയെങ്കിലേ ഭാരതത്തിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോലും തങ്ങളുടെ മുന്‍നിര സ്ഥാനം ഉറപ്പിക്കാനാകൂ. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് 27ന് കാന്‍പൂരിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഭാരതത്തിന് 68.52 ശതമാനം പോയിന്റ് ആണുള്ളത്. തൊട്ടുപിന്നിലുള്ള ഓസ്ട്രേലിയയ്ക്ക് 62.50 ശതമാനം പോയിന്റുണ്ട്. പാകിസ്ഥാനെതിരായ വിജയത്തോടെ നാലാം സ്ഥാനത്തേക്ക് മുന്നേറിയ ബംഗ്ലാദേശിന് 48.83 ശതമാനം പോയിന്റുമുണ്ട്.
ഈ പരമ്പരയിലെ രണ്ട് ടെസ്റ്റുകളടക്കം ഭാരതത്തിന് ഇക്കൊല്ലം പത്ത് ടെസ്റ്റുകളുണ്ട്. ഇതിന് ശേഷം ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ മൂന്ന് മത്സര പരമ്പര. പിന്നാലെ നവംബറില്‍ ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കായുള്ള അഞ്ച് മത്സര പരമ്പര ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: