തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയിൽ ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
‘ബ്രോ ഡാഡി’ ഹൈദരാബാദിൽ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് യുവതി പരാതിയിൽ പറയുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിച്ചുവെന്നും നഗ്നചിത്രമെടുത്തു പണംതട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് പരാതി.
2021 ഓഗസ്റ്റ് 8നായിരുന്നു സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞാണ് മൻസൂർ റഷീദ് യുവതിയെ വിളിച്ചുവരുത്തിയത്. റൂമിലെത്തിയപ്പോൾ കുടിക്കാൻ കോള നൽകി. ബോധം തെളിഞ്ഞപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. തുടർന്ന് നഗ്നചിത്രം കാണിച്ച് ഇയാൾ പലതവണ പണം വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
നിലവിൽ സംഗറെഡ്ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിൽ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: