ബംഗാള്‍: മമത ബാനര്‍ജിയ്ക്ക് ഡോക്ടര്‍മാരുടെ സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്ന് സൂചന. മിക്കവാറും മമതയ്ക്ക് രാജിവെയ്ക്കേണ്ടിവന്നേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായി പരക്കുന്നത്. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി പലകുറി അഭ്യര്‍ത്ഥിച്ചിട്ടും ചര്‍ച്ചയ്ക്കായി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളെജുകളില്‍ തിരിച്ച് കയറുന്നില്ലെന്ന് ബംഗാളിലെ ധന-കുടുംബക്ഷേമ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. എഎന്‍ഐ എന്ന വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ചന്ദ്രിമ ഭട്ടാചാര്യയുടെ ഈ വെളിപ്പെടുത്തല്‍. ശക്തമായ ജനകീയ സമരം എല്ലാ തലങ്ങളിലേക്കും വ്യാപിച്ചിട്ടും രാജിവെയ്ക്കാതെ മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണ് മമത ബാനര്‍ജി.
“ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി മെഡിക്കല്‍ കോളെജുകളിലും ആശുപത്രികളിലും ഹാജരാകാന്‍ ജൂനിയര്‍ ഡോക്ടര്‍മാരോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മമതയും സര്‍ക്കാര്‍ അഞ്ച് മണി വരെ കാത്തിരുന്നു. പിന്നീട് ഭരണഉദ്യോഗസ്ഥര് പുതിയൊരു നിര്‍ദേശം മുന്നോട്ട് വെച്ചു. പത്ത് ജൂനിയര്‍ ഡോക്ടര്‍മാരെങ്കിലും എത്തി സംസ്ഥാനത്ത ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണം എന്നതായിരുന്നു ഈ നിര്‍ദേശം. ഇതും നടന്നില്ല. വൈകീട്ട് 6.10ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇമെയില്‍ അയച്ചു. നബന്നയില്‍ വന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു അഭ്യര്‍ത്ഥന. വൈകീട്ട് 7.30 വരെ മമത നബന്നയില്‍ കാത്തിരുന്നു. സമരക്കാരായ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരും വന്നില്ല. 7.30 ആയപ്പോള്‍ മമത നബന്ന വിട്ടു. പല തവണ മമത ബാനര്‍ജി ജൂനിയര്‍ ഡോക്ടര്‍മാരോട് സര്‍വ്വീസില്‍ തിരിച്ചെത്താന്‍ അഭ്യര്‍ത്ഥിച്ചു. ആരും ജോലിക്ക് വരാന്‍ കൂട്ടാക്കുന്നില്ല”.- മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു
ഇതോടെ മമത ബാനര്‍ജി കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. അതിനിടെ മമതയ്ക്കെതിരെ പോരാടി വിജയം നേടുന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇടത് പക്ഷ സംഘടനയില്‍ ചെറുപ്പക്കാര്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന റീലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. വാസ്തവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നിരിക്കെ മമത തോല്‍ക്കുന്ന സമരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടത് സംഘടനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: