തിരുവനന്തപുരം: കുറവുകള്‍ക്ക് അതീതമായി ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹങ്ങളും ശക്തിയും ലഭിക്കുന്നതുകൊണ്ടാണ് അവരെ ദിവ്യാംഗര്‍ എന്ന് വിളിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്. സക്ഷമ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഒരുപോലെ കാണുന്ന ഓണത്തിന്റെ ഈയവസരത്തില്‍ എല്ലാവരുടെയും സന്തോഷത്തിന്റെ കൂടെ സന്തോഷിക്കുവാന്‍ സക്ഷമയുടെ കുട്ടികള്‍ക്ക് സമൂഹം അവസരമൊരുക്കുകയാണ്. ഇന്ന് സമൂഹം ഭിന്നശേഷി സൗഹൃദമായി മാറിയിട്ടുണ്ട്. ദിവ്യാംഗര്‍ക്ക് എല്ലാവിധ സന്തോഷമുണ്ടാക്കുന്നതിനും സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും സക്ഷമ ഏറെ പങ്കുവഹിക്കുന്നുണ്ട് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കിഴങ്ങു ഗവേഷണ കേന്ദ്രം റിട്ട. സയന്റിസ്റ്റ് ഡോ.രാധാകൃഷ്ണന് നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ.എസ്. രമേശന് ഓണസന്ദേശം നല്കി.
സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ.ആശ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഡോ.അഗര്‍വാള്‍ കണ്ണാശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയ്മാത്യു പെരുമാള്‍ നേത്രദാന സന്ദേശവും നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്ഖാന് ഓണക്കിറ്റ് വിതരണവും നടത്തി. സക്ഷമ ജില്ലാ സെക്രട്ടറി അജികുമാര്‍ താലൂക്ക് ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ രഘുനാഥന് നായര്‍, രാധാകൃഷ്ണന് നായര്‍ തുടങ്ങിയവരും സംസാരിച്ചു. സക്ഷമയുടെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ മഹാബലിയുടെയും വാമനന്റെയും വേഷമണിഞ്ഞ സക്ഷമയിലെ രണ്ട് മിടുക്കരാണ് സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്.
തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി. അനന്തനാണ് മഹാബലിയായത്. കെ. പ്രദീപ് കുമാറിന്റേയും (റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്) എസ്.ആര്. സുരേഖയുടേയും (ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍) മകനാണ് അനന്തന്. കുമാരപുരം ഗവ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി എസ്. അഭിനവ് കൃഷ്ണയായിരുന്നു വാമനന്. അച്ഛന്: സുധീഷ്.റ്റി (വെല്‍ഡര്‍) അമ്മ: മായ. വി. (അധ്യാപിക, കിന്റര്‍ ഗാര്‍ട്ടന്‍ സ്കൂള്‍, കുമാരപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: