ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതി 19 വര്‍ഷത്തിനുശേഷം ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടിയില്‍. കോഴിക്കോട് കസബ സ്വദേശി ഒത്മാന് ഖാമിസ് ഒത്മാന് അല്‍ ഹമാദിയെയാണ് (അറബി അബ്ദുള്‍ റഹിമാന്‍ 47) ദല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായത്.
2005 ജൂലൈ 15ന് കസബയില്‍ ദ ക്രിമിനല്‍ പത്രത്തിന്റെ ഉടമയും റിപ്പോര്‍ട്ടറുമായിരുന്ന ഷംസുദ്ദീനെ വെട്ടിപ്പരുക്കേല്പിച്ച കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ റഹിമാന്‍. ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യത്തില്‍ മൂന്നംഗ സംഘം ഷംസുദ്ദീനെ ആക്രമിക്കുകയായിരുന്നു.
നടക്കാവ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2006 ല്‍ ജാമ്യത്തിലിറങ്ങിയ അബ്ദുള്‍ റഹിമാന്‍ യുഎഇയിലേക്ക് കടക്കുകയും അവിടെവച്ച് ഒത്മാന് ഖാമിസ് ഒത്മാന് അല്‍ ഹമാദി എന്നു പേരു മാറ്റി പുതിയ പാസ്പോര്‍ട്ടും സംഘടിപ്പിച്ച് അവിടെ കഴിയുകയായിരുന്നു.
അബ്ദുള്‍ റഹിമാന്റെ പുതിയ പാസ്പോര്‍ട്ട് വിവരങ്ങള്‍ കണ്ടെത്തിയ ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശപ്രകാരം 2020 ല്‍ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ദല്‍ഹിയിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: