ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളുമായി സൈന്യം. ചുരാചന്ദ്പൂര്‍ ജില്ലയിലെ മുഅല്‍സാങ്, ലൈക മുഅല്‍സൗ ഗ്രാമങ്ങളില്‍ വെള്ളിയാഴ്ച സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ ഭീകരരുടെ മൂന്ന് ബങ്കറുകള്‍ നശിപ്പിച്ചു. ജിരിബാമില്‍ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ഒരാളെ അക്രമി സംഘങ്ങള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ ആയുധധാരികളായ ഭീകരരായിരുന്നുവെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീടിന്
നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി. ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.
17 മാസം മുമ്പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഭീകരര്‍ റോക്കറ്റ് ഉപയോഗിച്ചത് വെള്ളിയാഴ്ചയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായി ഡ്രോണുകള്‍ ഉപയോഗിച്ച് ആറ് ദിവസത്തിന് ശേഷമാണ് റോക്കറ്റാക്രമണം. കുക്കി ഭീകരര്‍ ലോങ് റേഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ചതായി മണിപ്പൂര്‍ പോലിസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വിക്ഷേപിച്ച റോക്കറ്റുകള്‍ക്ക് കുറഞ്ഞത് നാലടി നീളമുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഗാല്‍വനൈസ്ഡ് ഇരുമ്പ് (ജിഐ) പൈപ്പിലാണ് സ്ഫോടകവസ്തുക്കള്‍ നിറച്ചതെന്നാണ് സൂചന. സ്ഫോടക വസ്തുക്കളുള്ള ജിഐ പൈപ്പുകള്‍ ഒരു നാടന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചറില്‍ ഘടിപ്പിച്ച് ഒരേസമയം വെടിവയ്ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
മണിപ്പൂര്‍ ഇന്റഗ്രിറ്റി കോഓര്‍ഡിനേറ്റിങ് കമ്മിറ്റി മണിപ്പൂരില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേര്‍ന്നു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: