തൊടുപുഴ : മുംബൈ നഗിൻദാസ് ഖണ്ഡ്വാല ഓട്ടോണോമസ് കോളേജ് ദേശീയ തലത്തിൽ സംഘടിപ്പിച്ച ഭവിഷ്യ ഭാരത് 2024 ലെ ദേശീയ അവാർഡ് വേദിയിൽ മികച്ച നേട്ടം കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്. വിവിധ സാമൂഹിക ശാക്തീകരണ പ്രവർത്തന മേഖലകളിൽ കോളേജ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് ആധാരമായത്.
17 സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കോളേജുകൾ പങ്കെടുത്ത മത്സരത്തിൽ വിശപ്പ് രഹിത സമൂഹ സൃഷ്ടിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങലെ വനിതാ വിദ്യാഭ്യാസവും ശാക്തീകരണ പ്രവർത്തനങ്ങളും, മികച്ച അധ്യാപക സാമൂഹിക പ്രവർത്തകൻ എന്നീ മേഖലകളിലാണ് കോളേജ് അവാർഡുകൾ കരസ്ഥമാക്കിയത്.
ന്യൂമാൻ കോളേജ് എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഉച്ചഭക്ഷണ പരിപാടിയായ ഷെയർ എ ബ്രെഡ് പദ്ധതി വിശപ്പ് രഹിത സമൂഹ സൃഷ്ടി എന്ന വിഭാഗത്തിൽ പരിഗണിക്കപ്പെട്ടപ്പോൾ വനിതകളുടെ പഠനവും ശാക്തീകരണവുമായി ബന്ധപ്പെട്ട് കോളേജ് വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്കൊപ്പം കോളേജിലെ എൻ സി സി, എൻ എസ് എസ് സംഘടനകൾ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ചുവരുന്ന മികച്ച സംരംഭങ്ങളും വനിത ശാക്തീകരണ അവാർഡിന് കോളേജിനെ അർഹമാക്കി.
അധ്യാപനം, എൻ സി സി പ്രവർത്തനങ്ങൾ എന്നിവയ്ക്കൊപ്പം വിവിധ സാമൂഹിക വിഷയങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾക്കാണ് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡിന് കോളേജിലെ കോമേഴ്സ് ഡിപ്പാർട്മെന്റ് മേധാവിയും അസോസിയേറ്റ് എൻസിസി ഓഫീസറുമായ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു തിരഞ്ഞെടുക്കപ്പെട്ടത്.
മുംബൈയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കോളേജ് ബർസാറുമായ ഫാദർ ബെൻസൺ നിരവത്തിനാൽ , ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മികച്ച നേട്ടം കരസ്ഥമാക്കിയ ടീമിനെ കോളേജ് രക്ഷാധികാരി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ,മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഹയർ എജുക്കേഷൻ സെക്രട്ടറി റവ. ഡോ. പോൾ പാറത്താഴം കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്, എന്നിവർ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: