തിരുവനന്തപുരം: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയില്‍ പരിസരവാസികള്‍ക്ക് അപകടഭീഷണി ഉയര്‍ത്തി മൂന്ന് നില കെട്ടിടം. ചാല സഭാപതി കോവില്‍ തെരുവില്‍ ഭക്ഷ്യധാന്യ മൊത്തവ്യാപാര വിപണിയോട് ചേര്‍ന്ന് ഗാന്ധി ഹോട്ടല്‍ എന്ന ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇന്ന് ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന നിലയില്‍ സ്ഥിതിചെയ്യുന്നത്.
രണ്ട് പതിറ്റാണ്ടു മുമ്പ് ഗാന്ധി ഹോട്ടല്‍ പൂട്ടിപോയി. ഈ കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. കെട്ടിടത്തിന്റെ ഈടിന്മേല് ഉടമ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. തിരിച്ചടവില്‍ ലക്ഷങ്ങളുടെ കുടിശിക വന്നതിനാല്‍ ബാങ്ക് കെട്ടിടം അറ്റാച്ച് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ബാങ്ക്, കരൂര്‍ വൈശ്യാ ബാങ്ക് എന്നീ ബാങ്കുകളാണ് ഗാന്ധി ഹോട്ടല്‍ കെട്ടിടവും അതിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലവും അറ്റാച്ച് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥര്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. തമിഴ് നാട്ടിലെവിടെയോ ആണെന്ന് പറയുന്നു.
കാലപ്പഴക്കവും അറ്റകുറ്റപണികള്‍ നടത്താത്തതും മൂലം കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗത്തോട് ചേര്‍ന്ന് ഒരു ആല്‍മരം തഴച്ച് വളര്‍ന്നു നില്‍ക്കുന്നുണ്ട്. മറ്റ് പാഴ്മരങ്ങളും കെട്ടിടത്തിന്റെ പലഭാഗത്തായി വളര്‍ന്ന് നില്‍പ്പുണ്ട്. ചാലയ്ക്ക് സമീപമുള്ള കോളനിയില്‍ അവിടത്തെ റസിഡന്റ്സ് അസോസിയേഷന് ലഹരിമരുന്ന് വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ കര്‍ശനമായ നിലപാടെടുത്തപ്പോള്‍ ലഹരിമരുന്ന് വില്‍പ്പനക്കാര്‍ അവരുടെ താവളം ഗാന്ധി ഹോട്ടല്‍ കെട്ടിടത്തിലേക്ക് മാറ്റിയതായി നാട്ടുകാര്‍ പറയുന്നു.
ഇരുട്ടിന്റെ മറവില്‍ ഇവിടെ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും പരാതിയുണ്ട്. കെട്ടിടവും പരിസരവും മുഴുവന്‍ മാലിന്യ കൂമ്പാരമാണ്. ചാല കമ്പോളത്തിലെ മാലിന്യങ്ങള്‍ ഈ കെട്ടിടത്തിന്റെ ഉള്ളിലും പരിസരത്തും കൂട്ടിയിട്ടിരിക്കുകയാണ്. കനത്ത മഴപെയ്താല്‍ കെട്ടിടം തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണ്. സമീപത്ത് നൂറോളം വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടം തകര്‍ന്നു വീണാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. ദുരന്തം സംഭവിക്കുന്നതിന് വേണ്ടി കാത്തു നില്‍ക്കാതെ അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: