തൃശൂര്‍: ഓണം പടിവാതില്ക്കല് എത്തിയതോടെ വിപണി കീഴടക്കി വ്യാജവും മായം കലര്‍ന്നതുമായ ഉത്പന്നങ്ങള്‍. ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടാതെ കറി പൗഡറുകള്‍, വസ്ത്രങ്ങള്‍, പാല്, പാല് ഉല്പന്നങ്ങള് എന്നിവയിലുമാണ് വ്യാജന്മാരും മായം കലര്‍ത്തിയവയും കടന്നുകൂടിയിട്ടുള്ളത്. ഇത്തരത്തിലുള്ള സംഘം സജീമായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറക്കത്തിലാണ്. ഉത്പ്പന്നങ്ങളുടെ യഥാര്‍ത്ഥ വിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് ഇവ ലഭിക്കുന്നതിനാല്‍ നിരവധി ആള്‍ക്കാരാണ് ഇവ വാങ്ങുന്നത്. ഇതുമൂലം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ് ഇവര്‍ സ്വയം വിളിച്ച് വരുത്തുന്നത്.
ഇതോടൊപ്പം വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതും നിരോധിക്കപ്പെട്ടതുമായ ഉത്പന്നങ്ങള്‍ പുതിയ പേരിലും പഴയപേരിലും പ്രത്യക്ഷപ്പെടുമെന്ന ആശങ്കയുണ്ട്. കറിപൗഡറുകള്‍, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ ഉള്‍പ്പെടെ പായ്ക്കറ്റുകളിലെത്തുന്ന സാധനങ്ങളില്‍ കൃത്യമായ അളവോ നിര്‍മാണത്തിനുപയോഗിച്ച പദാര്‍ഥങ്ങളുടെ പേരോ ഇല്ലാത്തതും കാലാവധി രേഖപ്പെടുത്താത്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വസ്ത്രങ്ങളില്‍ ഖാദി ഉല്പന്നങ്ങളിലാണ് വ്യാജന് എത്തുന്നതായി പരാതിയുള്ളത്.
കറിപൗഡറുകളില്‍ ചേര്‍ക്കുന്നത് മാരക കീടനാശിനികള്‍
പാചകത്തിനായി ഉപയോഗിക്കുന്ന കറി പൗഡറുകളില്‍ കളറിനും തൂക്കത്തിനുമായി മറ്റും ചേര്‍ക്കുന്നത് കൂടിയ തോതില്‍ മാരക വിഷമുള്ള കീടനാശിനികള്‍. മാരക വിഷാംശം ഉള്ള കാഡ്മിയം, എത്തിയോണ്‍ എന്നിവയാണ് കറിമസാലകളില്‍ കൂടുതലായും ചേര്‍ക്കുന്നത്. എത്തിയോണ്‍ കൂടുതല്‍ അളവില്‍ ശരീരത്തിലെത്തുന്നത് മാരക രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുമാത്രമല്ല ചിലപ്പോള്‍ മരണം വരെ സംഭവിക്കാന്‍ എത്തിയോണ്‍ സാന്നിദ്ധ്യം കാരണമാകുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എത്തിയോണ്‍ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്നത് മുളക്പൊടി, ജീരകപ്പൊടി തുടങ്ങിയവയിലാണ്. ഇവയില്‍ എത്തിയോണ്‍ കൂടാതെ ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയുടെ അംശവും കൂടിയ തോതില്‍ കാണപ്പെടുന്നു. എത്തിയോണ്‍ ശരീരത്തിലെത്തിയാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന കീടനാശിനിയാണ് എത്തിയോണ്‍. കുട്ടികളില്‍ വിളര്‍ച്ചക്കുറവ്, ജനിതകവൈകല്യം എന്നിവ സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു.മുതിര്‍ന്നവരില്‍ മുട്ടുവേദന, കാഴ്ചശക്തി കുറയല്‍, ഓര്‍മ്മ നശിക്കല്‍ തുടങ്ങിയവയ്ക്കും എത്തിയോണ്‍ കാരണമാകുന്നു.
തമിഴ്നാട്ടില്‍ നിന്നും എത്തുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ പാല്
തമിഴ്നാട്ടില്‍ നിന്നും മറ്റും എത്തുന്ന വ്യാജ പാലിന്റെ വരവാണ് ഇപ്പോള്‍ ജനങ്ങളെ ആശങ്കയിലാക്കുന്നത്. ബ്രാന്‍ഡ് പായ്ക്കറ്റുകളില്‍ ലഭിക്കുന്ന പാലുകളില്‍ പോലും വ്യാജന്മാര് കടന്നുകൂടിയിട്ടുണ്ട്. പാല് ചൂടാക്കുമ്പോള്‍ പിരിയുന്ന സംഭവങ്ങളും നിരവധിയാണ്. തമിഴ്നാട്ടില്‍ നിന്ന് നിത്യേന എത്തുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ പാലാണ്. നഗരത്തിലെ ചില ഹോട്ടലുകളിലും തട്ടുകടകളിലും ഇത്തരം പാല്‍തന്നെയാണ് ചായ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്.
മില്‍മയുടേതിനു സമാനമായ നിറവും പായ്ക്കിംഗുമായെത്തുന്ന ഇവയ്ക്ക് കമ്മിഷന് കൂടുതലായതിനാല്‍ ഒരു വിഭാഗം വ്യാപാരികള്‍ക്കും താത്പര്യമാണ്. യൂറിയ, ഹൈഡ്രജന്‍ പൊറോക്സൈഡ് രാസപദാര്‍ഥങ്ങളും കൊഴുപ്പു കൂട്ടുന്ന മാര്‍ട്ടോ ഡെക്സ്ട്രിന്‍ എന്ന കാര്‍ബോ ഹൈഡ്രേറ്റും ഇതില്‍ കലര്‍ത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉദര – വൃക്ക രോഗങ്ങള്‍ക്ക് ഇതിടയാക്കും.
സജീവമായി മെഷീന് പപ്പടങ്ങള്‍
വ്യാജന്മാര്‍ക്കൊപ്പം മെഷീന് പപ്പടങ്ങളും സജീവമായതോടെയാണ് പപ്പട നിര്‍മാണത്തിലെ കുലത്തൊഴില്‍ അന്യമായിക്കൊണ്ടിരിക്കുന്നത്. പപ്പടങ്ങളില്‍ മൈദയും കടലമാവും അലക്കുകാരവും വരെ ചേര്‍ക്കുന്നവരുണ്ട്. ഒരേ ആള്ക്കാര് തന്നെ പല പേരുകളില്‍ പപ്പടം പായ്ക്ക് ചെയ്തും എത്തിക്കുന്നുണ്ട്. പപ്പടത്തേക്കാള്‍ വിലയാണ് സാധനങ്ങള്ക്കെന്നാണ് ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നത്.
ഉഴുന്നിന്റെ വില വര്‍ധിച്ചതോടെ പലരും പപ്പടമാവില് നിന്ന് മൈദയിലേക്ക് മാറി. പപ്പടക്കാരത്തിന് പകരം അലക്കുകാരം ഇടംപിടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമാകും. പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവര്‍ വെയിലത്തുവച്ചാണ് പപ്പടം ഉണക്കുന്നത്. എന്നാല്‍ മഴയെത്തിയതോടെ ഉത്പാദനം കുറഞ്ഞു. യന്ത്രങ്ങളുപയോഗിച്ച് നിര്‍മ്മിച്ച് പായ്ക്ക് ചെയ്ത പപ്പടങ്ങളുടെ കടന്നുവരവും പരമ്പരാഗത മേഖലയ്ക്ക് ക്ഷീണമായി. ജോലിഭാരവും തൊഴിലാളികളുടെ കുറവും കാരണമാണ് പലരും യന്ത്രങ്ങളിലേക്ക് തിരിഞ്ഞത്.
യഥാര്‍ത്ഥ വെളിച്ചെണ്ണ കണ്ടെത്തുവാന്‍ പ്രയാസം
നഗരത്തിലെ വിവിധ കടകളില്‍ ഉപ്പേരി വറുക്കാനും മറ്റുമായി ആവശ്യമുള്ള വെളിച്ചെണ്ണ വാങ്ങാന്‍ വരുന്നവരുടെ മുന്നിലേക്ക് എണ്ണിയാലൊടുങ്ങാത്ത പേരുകളുള്ള വെളിച്ചെണ്ണകളാണ് എത്തുന്നത്. യഥാര്‍ത്ഥ വെളിച്ചെണ്ണയെ വെല്ലുന്ന ഗന്ധവും നിറവുമുള്ള ഇവയില്‍ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളാണ് കലര്‍ത്തുന്നത്. കാന്‍സറിന് കാരണമായേക്കാവുന്ന പാരഫിനുകള്‍ ചേര്‍ത്ത എണ്ണയാണ് വ്യാപകമാകുന്നത്. കടലയെണ്ണയും അയഡിനും ചേര്‍ന്ന വെളിച്ചെണ്ണയും ഇതോടൊപ്പം വ്യാപകമാകുന്നുണ്ട്.
പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, പാം ഓയില്‍, ആര്ജിമോണ് ഓയില്‍ തുടങ്ങി വിലയും ഗുണവും കുറഞ്ഞ വിവിധ തരം എണ്ണകളും വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നുണ്ട്. പെട്രോളിയം സംസ്കരണത്തിനിടെ ലഭിക്കുന്ന പാരഫിന്‍ പോലുള്ള ഉപോത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. വെളിച്ചെണ്ണയുടെ അളവു കൂട്ടാനും ആട്ടുമ്പോള്‍ പരമാവധി ഊറ്റിയെടുക്കാനും ഉപയോഗിക്കുന്ന ഹെക്സൈന്‍ എന്ന രാസവസ്തുവും ഇതു പോലെ തന്നെയാണ്. കേരഫെഡിന്റെ കേരയുടെ പേരുകളില്‍ ഒട്ടനവധി ബ്രാന്‍ഡുകളാണുള്ളത്. വിലക്കുറവായതിനാല്‍ ഉപഭോക്താക്കളും ഏറെയാണ്. പായ്ക്കറ്റും, ചിഹ്നവും ഒരുപോലെയായതിനാല്‍ തിരിച്ചറിയാനും പ്രയാസമാണ്.
അച്ചാറുകളിലും വ്യാജന്‍ന്മാര്‍ സുലഭം
അച്ചാറില്ലാത്ത ഊണിനെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. ഇലയുടെ തുഞ്ചത്ത് എന്തെങ്കിലുമൊരച്ചാറുകൂടി ഇല്ലെങ്കില്‍ ഒരു സദ്യയും സദ്യയാകില്ല. അതിനാല്‍ അച്ചാറുകള്‍ക്ക് വന്‍ ഡിമാന്റാണ് ഓണം ആയതിനാല്‍. ഇത് മുതലാക്കിയാണ് വ്യാജ അച്ചാറുകളും വിപണി കീഴടക്കുന്നത്. പണ്ടൊക്കെ വീടുകളിലായിരുന്നു അച്ചാര്‍ നി ര്മ്മാണമെങ്കില് ഇന്ന് ബഹുഭൂരിപക്ഷവും പാ ക്കറ്റില് വാങ്ങലാണ്. സര്ട്ടിഫിക്കേഷന് ഇല്ലാത്ത അച്ചാറുകളില്‍ പലതിലും ചീത്തയായ പച്ചക്കറികള്‍ ഉപയോഗിക്കുന്നെന്നു മാത്രമല്ല, അതു തിരിച്ചറിയാതിരിക്കാനും ദീര്‍ഘകാലം കേടാകാതിരിക്കാനും അപകടകരമായ രാസവസ്തുക്കളും കലര്‍ത്തുന്നുണ്ട്.
പാക്കറ്റുകളില്‍ വരുന്ന വ്യാജ അച്ചാറുകളില്‍ വളരെ മോശമായതും കേടായതുമൊക്കെയായ പച്ചക്കറികളും പഴങ്ങളും മീനും ഇറച്ചിയുമൊക്കെയാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. ഇതു തിരിച്ചറിയാതിരിക്കാന്‍ എരിവിനും നിറത്തിനുമൊക്കെയായി അപായകരമായ രാസവസ്തുക്കള്‍ ചേര്‍ക്കും. നല്ലെണ്ണ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്കൊക്കെ പകരം അജിനോമോട്ടോ, മായം കലര്‍ന്ന എണ്ണയും സുഗന്ധദ്രവ്യങ്ങളും, മിനറല്‍ ഓയില്‍ എന്നിവയൊക്കെയാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഇതോടൊപ്പം അച്ചാറുകള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ ചേര്‍ക്കുന്നത് പ്രിസര്വേറ്റീവുകള്ക്കു പു റമെ ഫോര്‍മാലിന്‍, സാലിസൈക്ലിക് ആസിഡ്, ഹൈഡ്രജന്‍ പെറൊക്സൈഡ് തുടങ്ങിയവയാണ് ഇങ്ങനെ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്.
മാങ്ങയും മറ്റും അച്ചാര്‍ ലായനിയില്‍ കിടന്ന് അലുന്നുപോകാതിരിക്കാന് പൊട്ടാസ്യം അലുമിനിയം സള്‍ഫേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. കൃത്രിമ നിറങ്ങള്‍ക്കു പുറമെ ആര്‍സെനിക്, ലെഡ്, കോപ്പര്‍, സിങ്ക്, ടിന് തുടങ്ങിയ ലോഹങ്ങളുടെ അപായകരമായ സാന്നിദ്ധ്യവും അച്ചാറുകളില്‍ കണ്ടെത്തിയിട്ടുണ്ട്.
പഴകിയതും പൂപ്പലും കീടങ്ങളും ഒക്കെ ബാധിച്ചു കേടായതും ചീഞ്ഞതുമൊക്കെയായ പച്ചക്കറികളും മറ്റും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അച്ചാര്‍ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: