സിനിമയ്‌ക്ക് കഥയെഴുതുന്നയാള്‍ക്ക് ആകെയുള്ള ആശ്വാസം പണത്തേക്കാളുപരി ആ സൃഷ്ടി തന്റെ കുഞ്ഞാണെന്ന സ്വാസ്ഥ്യവും സ്വകാര്യ അഹങ്കാരവുമാണ്. അത് നഷ്ടപ്പെട്ടതിന്റെ കഥ ഈയിടെയാണ് മണിച്ചിത്രത്താഴ് എന്ന സിനിമയുടെ കഥാകൃത്ത് മധു മുട്ടം വെളിപ്പെടുത്തിയത്. തമിഴില്‍ രജനീകാന്തിനെ നായകനാക്കി മണിച്ചിത്രത്താഴ് ‘ചന്ദ്രമുഖി’ എന്ന പേരില്‍ നിര്‍മ്മിച്ചിരുന്നു. ആ തമിഴ്സിനിമ കണ്ടപ്പോള്‍ കഥാകൃത്തിന്റെ സ്ഥാനത്ത് തന്റെ പേരില്ല. മധു മുട്ടം എന്ന കഥാകൃത്ത് കരഞ്ഞുപോയ നിമിഷമായിരുന്നു അത്. ചന്ദ്രമുഖിയുടെ കഥാകൃത്തായി സ്ക്രീനില്‍ തെളിഞ്ഞുവരുന്നത് പി.വാസുവിന്റെ പേരാണ്.
തമിഴിലെ കഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വാസു. അദ്ദേഹമാണ് മലയാളത്തിലെ മണിച്ചിത്രത്താഴിന്റെ അന്യഭാഷകളിലേക്കുള്ള അവകാശം പണം നല്‍കി വാങ്ങിയത്. അക്കൂട്ടത്തില്‍ കഥയുടെ അവകാശം വരെ പി.വാസു വാങ്ങി. അങ്ങിനെ ഒരു നിര്‍മ്മാതാവ് ആ അവകാശം വില്‍ക്കാന്‍ പാടുണ്ടോ? മനസ്സ് വേദനിച്ച മധു മുട്ടം സുപ്രീംകോടതിയില്‍ വരെ കേസിന് പോയി. കഥയുടെ അവകാശം തന്റെ പേരില്‍ ആക്കിക്കിട്ടാന്‍. പക്ഷെ സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ നല്ല ചെലവുള്ളതിനാല്‍ ദാരിദ്ര്യം കാരണം മധു മുട്ടം കേസ് പാതിവഴിയില്‍ ഉപേക്ഷിച്ചു.” കോപ്പിറൈറ്റിനാണ് ഞാന്‍ സുപ്രീംകോടതിയില്‍ പോയത്. നിര്‍മ്മാതാവിന് എല്ലാ അവകാശവും എഴുതി നല്‍കുന്നതാണ് സിനിമയിലെ രീതി. എന്നാല്‍ എന്റെ കുഞ്ഞിന്റെ അവകാശം എനിക്ക് ഇല്ലാതാകുമെന്ന് കരുതിയില്ല. സ്വന്തം കുഞ്ഞ് ഉയരങ്ങളില്‍ എത്തുന്നത് സന്തോഷവും അഭിമാനവുമാണ് എന്നാല്‍ അച്ഛന്റെ പേര് മാറ്റുന്നത് സങ്കടകരമല്ലേ. ഞാന്‍ പോരാടിയത് മുഴുവന്‍ എഴുത്തുകാര്‍ക്കും വേണ്ടിയാണ്. കോപ്പിറൈറ്റ് എഴുത്തുകാരന്‍റേതാണെന്ന് വാദിച്ച് സുപ്രീംകോടതി വരെ പോയി. അപ്പോഴാണ് പണമുണ്ടെങ്കിലേ നീതിക്ക് വേണ്ടി പോകാനാകൂ എന്നകാര്യം മനസ്സിലായത്. പണമില്ലാത്തതുകൊണ്ടും ആരും സഹായിക്കാന്‍ ഇല്ലാത്തതുകൊണ്ടും കേസ് മുന്നോട്ട് കൊണ്ടുപോകാനായില്ല.”- മധു മുട്ടം ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു.
ഇനി മറ്റൊരു കാര്യം പറയാം. പി.വാസു എന്ന തമിഴിലെ എഴുത്തുകാരന്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടക്കാരനാണ്. അദ്ദേഹം മണിച്ചിത്രത്താഴിന്റെ മുഴുവന്‍ അവകാശവും മലയാളത്തില്‍ നിന്നും നല്ലൊരു തുക നല‍്കി വാങ്ങിക്കൊണ്ടുപോകാന്‍ ഒരു കാരണമുണ്ട്. ഒരു ദിവസം പി.വാസു കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുമകള്‍ അഭിരാമി വാതിലില്‍ മുട്ടിയത്രെ. ആരാത് എന്ന് വാസു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു:”നാന്‍ താന്‍ നാഗവല്ലി”. ഇതു കേട്ടപ്പോഴാണ് മണിച്ചിത്രത്താഴ് ചെറിയ കുട്ടികളെപ്പോലും എത്രത്തോളം സ്വാധീനിച്ചു എന്ന് വാസുവിന് മനസ്സിലായത്. അങ്ങിനെയാണ് അദ്ദേഹം നല്ല തുക നല്‍കി മണിച്ചിത്രത്താഴിന്റെ മുഴുവന്‍ അവകാശവും വാങ്ങിയത്. ആദ്യം കന്നഡയില്‍ വിഷ്ണുവര്‍ധനെ നായകനാക്കി ആപ്തമിത്ര എന്ന പേരില്‍ സിനിമയാക്കി. കന്നട ചിത്രം നല്ലതുപോലെ ഓടി. പിന്നീട് വാസു തന്നെ രജനീകാന്ത്രിനെ സമീപിച്ചു. ചന്ദ്രമുഖി എന്ന സിനിമ പ്രഭുവിന്റെ ശിവജി പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചത്. അതും വന്‍വിജയം. ആയിരം ദിവസം തുടര്‍ച്ചയായി ചില തിയറ്ററുകളില്‍ ചന്ദ്രമുഖി ഓടി. തെലുങ്കില്‍ ചന്ദ്രമുഖി മൊഴിമാറ്റം നടത്തിയപ്പോഴും വന്‍വിജയമായി. ഇതിന്റെ രണ്ടാം ഭാഗവും വന്‍വിജയമായി. പി. വാസു ശരിയ്‌ക്കും മണിച്ചിത്രത്താഴ് കൊണ്ട് പണമുണ്ടാക്കി.
“ഇനി മണിച്ചിത്രത്താഴിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ?”. എല്ലാവരും കാത്തിരുന്നത് ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാനാണ്. ഇതിന് മധു മുട്ടം നല്‍കുന്ന ഉത്തരം ഒന്നാം ഭാഗത്തോടെ ആ കഥ അവിടെ തീര്‍ന്നു എന്നാണ്. ഇനി മണിച്ചിത്രത്താഴിന് ഒരു രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
ആലുംമൂട്ടില്‍ മേട എന്ന ആലപ്പുഴയിലെ മുട്ടത്ത് ഉണ്ടായിരുന്ന ഒരു പഴയ തറവാട്ടിലെ കഥയാണ് മണിച്ചിത്രത്താഴ് എഴുതാന്‍ മധു മുട്ടത്തെ പ്രേരിപ്പിച്ചത്. അവിടെ നടന്ന ഒരു ഇരട്ടക്കൊലപാതകം. അവിടുത്തെ കാരണവരായ ചാന്നാനും അവിടുത്തെ വേലക്കാരിപ്പെണ്ണുമാണ് കൊലചെയ്യപ്പെട്ടത്. ചാന്നാന്‍ സ്വത്ത് മരുമക്കള്‍ക്ക് നല്‍കുന്നതിന് പകരം മക്കള്‍ക്ക് നല്‍കിയതിനല്‍ മരുമുക്കല്‍ തീര്‍ത്ത പകയാണ് ആ കൊലപാതകം എന്ന് പറയുന്നു. പക്ഷെ പിന്നീട് ഈ കൊലപാതകങ്ങളെക്കുറിച്ച് പല വിധ കഥകള്‍ പരന്നു. അത് മുട്ടം എന്ന ഗ്രാമീണവാസികളുടെ മനസ്സില്‍ മിത്തായി തലമുറകളിലൂടെ ഒഴുകി നടന്നു. ഈ അനുഭവം മണിച്ചിത്രത്താഴ് എഴുതാന്‍ മധു മുട്ടത്തെ പ്രേരിപ്പിച്ചു.
ധനമോഹിയല്ല മധു മുട്ടം. ഒരു ആത്മീയസ്വഭാവമുള്ള വ്യക്തിയാണ്. ഇപ്പോഴും രണ്ടു മുറിയുള്ള വീടാണ് ആലപ്പുഴയിലെ മുട്ടത്ത് ഉള്ളത്. വിവാഹം കഴിച്ചിട്ടില്ല. കഥയെഴുതുക, അതും ആ പ്രദേശത്തെ മനുഷ്യരുടെ കഥ എഴുതിയാണ് മധു മുട്ടം വേറിട്ട കഥാകൃത്തായി മാറിയത്. എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പുൂപ്പന്‍താടികള്‍, മണിച്ചിത്രത്താഴ്, ഭരതന്‍ ഇഫക്ട്, കാണാക്കൊമ്പത്ത് എന്നീ സിനികളുടെ കഥയും തിരക്കഥയും മധു മുട്ടത്തിന്‍റേതാണ്. മണിച്ചിത്രത്താഴിന്റെ അവകാശം പി.വാസുവിന് വന്‍തുകയ്‌ക്ക് നിര്‍മ്മാതാവ് വിറ്റപ്പോഴും മധു മുട്ടത്തിന് ഒരു ചില്ലിക്കാശ് നല്‍കിയില്ല.
പക്ഷെ വേദാന്തിയായ മധുവിന് അതില്‍ ദുഖമില്ല. പണ്ട് മധു മുട്ടത്തിന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. ഞാന്‍ പോയത് ഒരു മഴക്കാലത്താണ്. അന്നത് അവിടവിടെ ചോരുന്ന വീടായിരുന്നു. മേല്‍ക്കൂരയില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളം ശേഖരിക്കാന്‍ പാകത്തില്‍ മുറിയില്‍ അവിടവിടെ പാത്രങ്ങളും വെച്ചിരിക്കുന്നു. തൊട്ടടുത്ത ഒരു ട്യൂട്ടോറിയല്‍ കോളെജില്‍ പഠിപ്പിച്ച് കിട്ടുന്ന ശമ്പളം കൊണ്ട് സുഖമായ ജീവിതം. ധാരാളം വായന. മുറിയിലെ ഷെല്‍ഫില്‍ നിറയെ ബംഗാളി നോവലുകള്‍. ഭാരതീയ ആത്മീയതയും മധുവിന് ഏറെ പ്രിയം. മഴയുണ്ടെങ്കിലേ വെയിലുണ്ടാകൂ, ദുഖമുണ്ടെങ്കിലെ സന്തോഷമുണ്ടാകൂ…ഇതാണ് വേദാന്തത്തിന്റെ കാതല്‍. അത് നന്നായി ആത്മാവില്‍ അറിഞ്ഞ ആളാണ് മധുമുട്ടം.മണിച്ചിത്രത്താഴില്‍ മധു മുട്ടം രചിച്ച ഗാനം പോലെ…’വരുവാനില്ലാരുമിന്നൊരു നാളുമീ വഴിക്കറിയാം അതെന്നാലുമെന്നും….’ എന്ന രീതിയില്‍ ഏകാന്തനായി മധു വീട്ടില്‍ ഇരിക്കുന്നു. സിനിമകൊണ്ട് ജീവിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന മട്ടില്‍. തനിനാടനായി, ഏകാകിയായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: