ഇന്ത്യയില്‍ ഉപഭോഗം കുറയുന്നതായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ടാറ്റാ ട്രെന്റിന്റെ ഭാഗമായ സൂഡിയോ എന്ന ബ്രാന്റിനെ മാത്രം മാന്ദ്യം ബാധിക്കുന്നില്ല. തകര്‍പ്പന്‍ വില്പനയുമായി സൂഡിയോ മുന്നേറുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയും കടന്ന് അങ്ങ് ദൂബായിലേക്കും എത്തിയിരിക്കുകയാണ് സൂഡിയോ. ദുബായിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ആണ് 11000 ചതുരശ്ര അടിയിലുള്ള ആദ്യ സൂഡിയോ ഷോറൂം തുറന്നത്. ടാറ്റാ ഇന്റര്‍നാഷണല്‍ എംഡിയും ട്രെന്റിന്റെ വൈസ് പ്രസിഡന്റുമായ നോയല്‍ ടാറ്റയാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
ഓരോ മിനിറ്റിലും 90 ടീ ഷര്‍ട്ടുകളും 17 ലിപ് സ്റ്റിക്കുകളും സൂഡിയോ വിറ്റഴിക്കുന്നുവെന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) കണക്കുകള്‍. അതുപോലെ ഒരു മിനിറ്റില്‍ 20 ഡെനിമുകളും 19 ഫ്രാഗ്രന്‍സുകളും വില്‍ക്കുന്നുണ്ടത്രെ. ടാറ്റായുടെ റീട്ടെയ്ല്‍ ശൃംഖലയായ ട്രെന്റിന്റെ ഭാഗമാണ് സൂഡിയോ എന്ന ബ്രാന്റ്. ട്രെന്റിന്റെ ലാഭത്തില്‍ നല്ലൊരു പങ്ക് സംഭാവന ചെയ്തത് സൂഡിയോ ആണെന്നും പറയുന്നു. ട്രെന്റിന്റെ ലാഭം അഞ്ചിരട്ടിയായി വര്‍ധിച്ചെന്നാണ് 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ സാമ്പത്തിക പാദത്തിലെ കണക്ക്. ഇന്ത്യയിലെ 46 നഗരങ്ങളില്‍ സൂഡിയോ ഉണ്ട്. സൂഡിയോയുടെ പ്രത്യേക വിലക്കുറവ് തന്നെയാണ്. ടീനേജുകാര്‍ക്ക് പോക്കറ്റിലെ ചെറിയ പൈസയ്ക്ക് എന്തെങ്കിലും ഒക്കെ വാങ്ങാന്‍ പറ്റും എന്നതാണ് സവിശേഷത.
ബെംഗളൂരിലെ കമേഴ്സ്യല്‍ സ്ട്രീറ്റില്‍ 2016ല്‍ തുറന്നതാണ് സൂഡിയോയുടെ ആദ്യ ഷോറൂം. ഇപ്പോള്‍ ഇന്ത്യയില്‍ 46 നഗരങ്ങളില്‍ സാന്നിധ്യം. മൊത്തം 506 ഷോറൂമുകള്‍. ഇപ്പോള്‍ ദുബായില്‍ തുടങ്ങുന്ന ഈ യാത്ര ഇനി ലോകത്ത് എവിടെയെല്ലാം എത്രയെല്ലാം ഷോറൂമുകള്‍ തുറക്കുന്നതില്‍ കലാശിക്കുമെന്നത് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: