മുംബൈ: രത്തന്‍ ടാറ്റയ്ക്ക് 86 വയസ്സായി. അദ്ദേഹം പാവപ്പെട്ട ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധാരണ റോഡുകളില്‍ ഓടിച്ചുപോകാന്‍ കഴിയുന്ന കൈ പൊള്ളാത്ത ഒരു കാര്‍ വാഗ്ദാനം ചെയ്തിരുന്നു. പേര് നാനോ. വില ഒരു ലക്ഷം രൂപ. നാനോ വിപണിയില്‍ എത്തിക്കുമെന്ന് പറഞ്ഞത് 2003ല്‍ ആണെങ്കിലും അത് പുറത്തുവന്നത് 2009ല്‍ ആണ്. പക്ഷെ അത് വന്‍ പരാജയമായി. വില ഒരു ലക്ഷത്തില്‍ ഒതുക്കാന്‍ സാധിച്ചുമില്ല. ഇപ്പോഴിതാ ഈ പഴയ സ്വപ്നം രത്തന്‍ ടാറ്റയുടെ 86ാം വയസ്സില്‍ പുതിയ രൂപത്തില്‍ പുനര്ജ്ജനിക്കുമെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ ഓടുന്ന, കൈപൊള്ളാത്ത വിലയില്‍ ഒരു ഇലക്ട്രിക് കാറിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. അതായിരിക്കും ഇലക്ട്രിക് കാറിന്റെ രൂപത്തില്‍ 2024 ഒടുവില്‍ ഇറങ്ങാന്‍ പോകുന്ന നാനോ ഇലക്ട്രിക് കാര്‍ എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അങ്ങിനെ രത്തന്‍ ടാറ്റ ഒരു ലക്ഷം രൂപയ്ക്ക് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന അതേ ജനകീയ കാര്‍ ഇലക്ട്രിക് നാനോയുടെ രൂപത്തില്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണോ?
2024 ഡിസംബറിൽ ടാറ്റ നാനോ ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. 17 kWh ബാറ്ററി പാക്കിലാണ് ടാറ്റ നാനോ ഇലക്ട്രിക് കാര്‍ പ്രവര്‍ത്തിക്കുക എന്ന് പറയുന്നു. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 312 കിലോമീറ്റർ സഞ്ചരിക്കാനാവും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. 40 kW ഇലക്ട്രിക് മോട്ടോറാണ് ഇതിനുള്ളത്. ഒരു കോംപാക്റ്റ് കാറായി ഇറങ്ങുന്ന ഈ ടാറ്റാ നാനോ ഇലക്ട്രിക് കാറിന്റെ നീളം 3,164 എംഎം മാത്രമാണ്. 4 സീറ്റുകൾ ഉണ്ടായിരിക്കും.
7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി, ശക്തമായ -സ്പീക്കർ സൗണ്ട് സിസ്റ്റം, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്ക് സിസ്റ്റം എന്നിവയുണ്ടാകും. വീൽബേസ് 2,230 എംഎം, ഗ്രൗണ്ട് ക്ലിയറൻസ് 180 എംഎം എന്നിവയും പ്രത്യേകതയായിരിക്കും. കുറഞ്ഞ വിലയും ഉയർന്ന മൈലേജും ഉള്ള ഈ കാർ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോഴ്സും കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവും സംയുക്തമായാണ് ഈ കാർ നിർമ്മിക്കുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷെ ഇതുവരെ പറഞ്ഞിരിക്കുന്ന ടാറ്റാ നാനോ ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെറും വാര്‍ത്തകള്‍ മാത്രമാണ്. ഇത് സംബന്ധിച്ച് ടാറ്റാ മോട്ടോഴ്സില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വില 2.36 ലക്ഷത്തിനും 3.35 ലക്ഷത്തിനും ഇടയില്‍ ആയിരിക്കുമെന്നും കാര്‍ ദേഖോ എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: