ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടക്കുന്ന ഗോട്ട് എന്ന സംഗീത ടാലന്റ് ഷോയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ മായാ നീലകണ്ഠന് ശരിക്കും അരങ്ങു തകര്‍ത്തു. ചെന്നൈയില്‍ നിന്നും അമേരിക്കയിലെ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മായ നീലകണ്ഠന് വായിച്ചത് കര്‍ണ്ണാടകസംഗീതവും ഹെവിമെറ്റല്‍ ശൈലിയും കലര്‍ത്തിയ ഫ്യൂഷന്‍ സംഗീതം. ഗാഗ്രചോളിയണിഞ്ഞ്, നെറ്റിയില്‍ കുറി തൊട്ട്, ഇന്ത്യന്‍ ആഭരണങ്ങളിഞ്ഞ് വന്ന പെണ്‍കുട്ടി പൊടുന്നനെ പാശ്ചാത്യസംഗീതട്യൂണുകള് അനായാസം ഗിറ്റാറില്‍ വായിച്ചതോടെ സദസ്സും വിധികര്‍ത്താക്കളും ഇളകിമറിഞ്ഞു. പൊടുന്നനെ മിന്നായം പോലെ അതാ വരുന്നു കര്‍ണ്ണാടകസംഗീത ട്യൂണും. ഇതോടെ ഹാളില്‍ അത്ഭതവും കയ്യടിയും ഇരമ്പി.
മായാ നീലകണ്ഠന് എന്ന 11കാരിയായ തമിഴ് പെണ്‍കുട്ടി അമേരിക്കയിലെ ഗോട്ട് ടാലന്റ് ഷോയുടെ ക്വാര്‍ട്ടര്‍ഫൈനലില്‍ നടത്തിയ ഗിറ്റാര്‍ പ്രകടനം കാണാം:
ഇത് കേട്ട് ജഡ്ജിയായ അമേരിക്കയിലെ സുപ്രസിദ്ധ ടെലിവിഷന്‍ പേഴ്സണാലിറ്റിയായ സൈമണ്‍ കോവെല് മായ നീലകണ്ഠനെ വിശേഷിപ്പിച്ചത് ദേവതമാരുടെ നാട്ടില്‍ നിന്നും എത്തിയ റോക്ക് സംഗീതത്തിന്റെ ദേവത എന്നാണ്. “ഞാനും ഗിറ്റാര്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അത് ലോകത്തിലെ സങ്കീര്‍ണ്ണമായ ഉപകരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് ഞാനത് ഉപേക്ഷിച്ചു”-സൈമണ്‍ കോവെല് പറഞ്ഞു. .അത്രയ്ക്കും അസാധാരണമായിരുന്നു മായയുടെ ഗിറ്റാറിലുള്ള പ്രകടനം. അത്രയ്ക്കേറെ സങ്കീര്‍ണ്ണമായ മെറ്റാലിക്ക എന്ന അമേരിക്കന്‍ ഹെവിമെറ്റല്‍ ബാന്റിന്റെ ‘മാസ്റ്റര്‍ ഓഫ് പപ്പെറ്റ്സ് ‘ എന്ന ട്യൂണും കര്‍ണ്ണാടകസംഗീതത്തില്‍ നിന്നുള്ള ഒരു ക്ലാസിക്കല്‍ ട്യൂണും ആണ് ക്വാര്‍ട്ടര്‍ഫൈനലില്‍ മായ നീലകണ്ഠന് വായിച്ചത്. പപ്പ റോച്ച് എന്ന മറ്റൊരു ഹെവിമെറ്റല്‍ ബാന്റിന്റെ ലാസ്റ്റ് റിസോര്‍ട്ട് എന്ന ഒരു ഗാനവും ഇടയില്‍ വായിച്ചു. മറ്റൊരു വിധികര്‍ത്താവായ കനേഡിയന്‍ കൊമേഡിയനും ടിവി വ്യക്തിത്വവുമായ ഹൊവീ മാണ്ഡേല് പറഞ്ഞത് ഗിറ്റാറും പിന്നെ ഭാരതത്തിലെ സിറ്റാറും ഇടകലര്‍ത്തിയുള്ള പ്രകടനം അപാരമാണെന്നായിരുന്നു.
ഗോട് സംഗീത ടാലന്റ് ഷോയില്‍ മായാ നീലകണ്ഠന്റെ പ്രകടനം കേട്ട് സദസ്സും ജഡ്ജിമാരും കോരിത്തരിക്കുകയായിരുന്നു. എങ്കിലും മായയ്ക്ക് സെമിഫൈനലിലേക്ക് പ്രവേശനം ലഭിച്ചില്ല. പക്ഷെ മായ നീലകണ്ഠന് എന്ന 11 കാരി ലോകത്തിന്റെയാകെ സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് കഴിഞ്ഞു. മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര മായാ നീലകണ്ഠനെ സംഗീതപരിപാടിക്ക് ക്ഷണിച്ചുകഴിഞ്ഞു. മുംബൈയില്‍ നടക്കാന്‍ പോകുന്ന ബ്ലൂസ് ഫെസ്റ്റിവലില്‍ മായ നീലകണ്ഠനെ ക്ഷണിക്കുമെന്ന് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു.
ചെന്നൈയിലെ അണ്ണാമലപുരം സ്വദേശിനിയാണ് മായാ നീലകണ്ഠന് . അച്ഛന് നീലകണ്ഠന് ഒരു ഐടി കമ്പനി നടത്തുകയാണ്. അമ്മ ലോറിന ആസ്ത്രേല്യക്കാരിയായ വ്യവസായസംരംഭകയാണ്. മായയുടെ അച്ഛന് ആസ്ത്രേല്യയില്‍ ആസ്ട്രോഫിസിക്സ് പഠിച്ചുകൊണ്ടിരിക്കെയാണ് മായയുടെ അമ്മയെ കണ്ടുമുട്ടിയത്. മായയുടെ അച്ഛന് നീലകണ്ഠന് ഗിത്താര്‍ ആവേശമാണ്. അദ്ദേഹം സ്ഥിരമായി മെറ്റാലിക്കയുടെ റിഫുകള്‍ വായിക്കുന്ന ആളാണ്. അതാകാം മകള്‍ക്ക് ചെറിയപ്രായത്തിലെ മെറ്റാലിക്ക എന്ന ബാന്റിന്റെ അതിസങ്കീര്‍ണ്ണമായ ട്യൂണുകള്‍ വശമായത്. ആറാം വയസ്സില്‍ അച്ഛനില്‍ നിന്നാണ് മായ നീലകണ്ഠന് ഗിറ്റാര്‍ പഠിച്ചത്. ഫോര്‍ ഹൂം ബെല്‍ ടോള്‍സ് എന്ന മെറ്റാലിക്കയുടെ ഗാനമാണ് ആദ്യമായി അച്ഛനില്‍ നിന്നും മായ പഠിച്ചത്.
പിന്നീട് ന്യൂയോര്‍ക്ക് നഗരത്തിലുള്ള ഗിറ്റാര്‍ പ്രസന്ന എന്നറിയപ്പെടുന്ന പ്രസന്ന രാമസ്വാമിയില്‍ നിന്നും കൂടുതലായി ഗിറ്റാര്‍ പഠിച്ചു. ഗിറ്റാറില്‍ കര്‍ണ്ണാടകസംഗീതമാണ് ഗിറ്റാര്‍ പ്രസന്ന മായയെ പഠിപ്പിച്ചത്. തമിഴ്നാട്ടിലെ കൊളത്തൂരിലുള്ള ഒരു ആശ്രമത്തില്‍ ആദ്യമായി ഗിറ്റാറില്‍ അരങ്ങേറ്റം നടത്തി. അവിടെ കര്‍ണ്ണാടക സംഗീതം മാത്രമാണ് വായിച്ചത്. നഠഭൈരവി രാഗത്തിലുള്ള കീര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള ട്യൂണ്‍. ഈ കച്ചേരി വലിയ ശ്രദ്ധ പിടിച്ചുപറ്റി. മകള്‍ക്ക് വേണ്ടി അച്ഛന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതില്‍ പോസ്റ്റ് ചെയ്ത മായ നീലകണ്ഠന് വായിച്ച സെവന് എംപസ്റ്റ് എന്ന അമേരിക്കന്‍ സംഗീതബാന്റായ ടൂളിന്റെ ഗാനം ഏറെ ശ്രദ്ധേയമായി. ടൂള്‍ എന്ന ബാന്റിന്റെ ഗിറ്റാറിസ്റ്റായ ആഡം ജോണ്‍സ് തന്നെ മായയെ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത് തുടങ്ങി. മാത്രമല്ല, മായയ്ക്ക് ഒരു ഗിബ്സണ് കമ്പനിയുടെ വില കൂടിയ ഇലക്ട്രിക് ഗിറ്റാര്‍ സമ്മാനമായി നല്‍കുകയും ചെയ്തു.
അതിന് ശേഷമാണ് അമേരിക്കയിലെ സുപ്രസിദ്ധ മ്യൂസിക് ടാലന്റ് ഷോ ആയ ഗോട്ട് ഫെസ്റ്റിവലിനെക്കുറിച്ച് അറിഞ്ഞ് അതില്‍ പങ്കെടുത്തത്. മായ നീലകണ്ഠന്റെ ഗോട്ട് ടാലന്റില്‍ ആദ്യ ഓഡിഷന് 2024 ജൂണ്‍ 25നാണ് ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തത്. അത് വന്‍ഹിറ്റായി. അപ്പോള്‍ പത്ത് വയസ്സാണ് പ്രായം. നാഠഭൈരവി രാഗത്തില്‍ ഒരു കര്‍ണ്ണാടക സംഗീതട്യൂണാണ് മായാ നീലകണ്ഠന് വായിച്ചത്. ഗാഗ്രചോളിയിട്ട്, നെറ്റിയില്‍ പൊട്ട് തൊട്ട്, നിറയെ ഇന്ത്യന്‍ ആഭരണങ്ങളിഞ്ഞ് വന്ന കുട്ടിയെ എല്ലാവര്ക്കും ഇഷ്ടമായി. അതോടെ അവള് ഷോയില്‍ കയറി. പിന്നീട് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി തോറ്റെങ്കിലും മായ നീലകണ്ഠന് എന്ന 11 കാരി ഇന്ന് ലോകമറിയുന്ന ഗിറ്റാറിസ്റ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: