ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സിപിഎം നേതാവ് ഇ.പി. ജയരാജനെ നീക്കിയതിനു പിന്നില്‍ പാര്‍ട്ടി പറയുന്നതൊന്നുമല്ല യഥാര്‍ത്ഥകാരണമെന്ന് വ്യക്തം. ഇ.പി.ജയരാജന് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതിനാല്‍ ടി.പി. രാമകൃഷ്ണന് ആ സ്ഥാനത്തുവന്നിരിക്കുന്നുവെന്നു മാത്രമാണ് പാര്‍ട്ടി പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം സംസ്ഥാനസമിതി അംഗീകരിക്കുകയായിരുന്നുവത്രേ. സെക്രട്ടറിയേറ്റിലെ ചര്‍ച്ചക്കിടെ താന്‍ രാഷ്ട്രീയം വിടാന്‍ പോവുകയാണന്ന് പറഞ്ഞ ഇ.പി. ജയരാജന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലെ സ്വന്തം വീട്ടിലേക്കു പോവുകയായിരുന്നു എന്നാണ് വാര്‍ത്ത. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ജയരാജന് തുടരുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത്. ഇതില്‍ പല പൊരുത്തക്കേടുകളുമുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഇ.പി. സ്ഥിരീകരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും, കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ഇ.പിക്ക് പരിമതിയുണ്ടെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. അങ്ങേയറ്റം പരിഹാസ്യമായ വാദഗതിയാണിത്. ‘ബിജെപി ബന്ധത്തിന്റെ പേരില്‍’ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം വഹിക്കാന്‍ അയോഗ്യതയുള്ളയാള്‍ എങ്ങനെയാണ് പൊളിറ്റ് ബ്യൂറോ കഴിഞ്ഞാല്‍ സിപിഎമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയംഗമായിരിക്കുന്നത്? പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയരാവുന്നവരെ തരംതാഴ്ത്തുകയാണ് പതിവ്. ഇപിയുടെ കാര്യത്തില്‍ നേരെമറിച്ചാണെന്നു കരുതേണ്ടിവരും!
ബിജെപിയോടുള്ള സിപിഎമ്മിന്റെ ‘തൊട്ടുകൂടായ്മയാണ്’ ഇ.പി. ജയരാജന് വിനയായതെന്ന് അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച അത്ര വലിയ പ്രശ്നമൊന്നുമല്ലെന്നും, താനും ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പ്രതികരിച്ചതാണല്ലോ. ഇപ്പോള്‍ അതിന്റെ പേരിലാണ് ഇ.പി പുറത്തായതെന്ന് കരുതാനാവില്ല. ഇതിനെക്കാള്‍ ഗുരുതരമായ ചില പ്രശ്നങ്ങളാണ് ഇ.പി പാര്‍ട്ടിക്ക് അനഭിമതനാവാന്‍ കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു. കണ്ണൂരിലെ ജയരാജ ത്രയങ്ങളിലൊരാളായ ഇ.പി എക്കാലത്തും പിണറായി വിജയന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടത്. പിണറായിയും വി.എസ്. അച്യുതാനന്ദനും തമ്മിലെ വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്ത് പിണറായിയുടെ സ്റ്റീം റോളറായി പാര്‍ട്ടിയില്‍ വിഹരിച്ചയാളാണ് ഇപി.
വിഎസ് പക്ഷത്തെ നേതാക്കളെ വശത്താക്കാനും ജില്ലകള്‍ പിടിച്ചെടുക്കാനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചയാളുമാണ്. സ്വാഭാവികമായും ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇപി മന്ത്രിയുമായി. എന്നാല്‍ ബന്ധുനിയമനത്തിന്റെ പേരില്‍ അപ്രതീക്ഷിതമായി പുറത്തുപോകേണ്ടിവന്നു. വീണ്ടും മന്ത്രിസഭയിലെത്താന്‍ കരുനീക്കങ്ങള്‍ നടത്തിയെങ്കിലും പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപിക്ക് സീറ്റ് ലഭിച്ചില്ല. തീര്‍ച്ചയായും ഇത് പിണറായിയുടെ തീരുമാനമായിരിക്കണം. ഇതിനിടെ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായത് പലനിലയ്ക്കും ഇപിയുടെ വഴിമുടക്കി. പിണറായി ഈ നാടിന്റെ ഐശ്വര്യമാണെന്ന് പരസ്യപ്രസ്താവന നടത്തിയിട്ടും വല്യേട്ടന് കണ്ണുതുറന്നില്ല. അതിന് തക്കതായ കാരണങ്ങളുണ്ടാവാം.
അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ഇ.പി. ജയരാജനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ പേരിലാണ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നതെന്ന് പറയാനാവില്ല. കാരണം ഇപി മാത്രമല്ല പാര്‍ട്ടിയില്‍ ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. ബ്രാഞ്ച് തലം മുതല്‍ പൊളിറ്റ് ബ്യൂറോ വരെയുള്ളവര്‍ക്കെതിരെ ആരോപണങ്ങളുണ്ട്. പലരും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഗുണഭോക്താക്കളാണ്. മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രതിക്കൂട്ടിലാണ്. ഇപി മാത്രം കുറ്റക്കാരനും മറ്റുള്ളവര്‍ പുണ്യവാളന്മാരുമാകുന്നത് എങ്ങനെ? അപ്പോള്‍ പ്രശ്നം മറ്റു ചിലതാണ്. പിണറായി വിജയനെ കേന്ദ്രീകരിച്ച് സിപിഎമ്മില്‍ നടക്കുന്ന അധികാര വടംവലികളില്‍ ഇപിക്ക് കാലിടറിയിരിക്കുന്നു. പുറമേക്ക് അറിയാത്ത ചില കാരണങ്ങളാല്‍ ഇപി, പിണറായിക്ക് അനഭിമതനായിരിക്കുന്നു. ഇത് എന്താണെന്നറിയാന്‍ കാത്തിരിക്കേണ്ടിവരും. ആത്മകഥ അവസാനഘട്ടത്തിലാണെന്നും, എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ഇപി പ്രതികരിച്ചിട്ടുള്ളത് വെറുതെയാവില്ല. തീര്‍ച്ചയായും എം.വി. രാഘവന്റെയും കെ.ആര്. ഗൗരിയമ്മയുടെയുമൊക്കെ പാതയിലാണ് ഇ.പി. ജയരാജനുമെന്നു വിശ്വസിക്കാം. പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ, പ്രത്യേകിച്ച് കണ്ണൂര്‍ ലോബിയുടെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന ഒരാള്‍ക്ക് പലതും പറയാനുണ്ടാവും. അത് കോളിളക്കമുണ്ടാക്കുന്ന കാര്യങ്ങളുമായിരിക്കും. ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള ഇപിയുടെ പോക്ക് സിപിഎമ്മിലെ അധികാര വടംവലിയുടെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കാം. പാര്‍ട്ടിയില്‍ ഇനിയെത്രകാലം ഇപിക്ക് അതിജീവിക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണാം. രാഷ്ട്രീയമായി ഇപിക്കു മുന്നില്‍ മറ്റു മാര്ഗങ്ങളുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: