നെടുമങ്ങാട്: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഇറയംകോട് വാര്‍ഡിലെ മൈലം ഗവ.എല്‍പി സ്കൂളിന്റെ തിരുമുറ്റത്തെത്തുവാന്‍ ആര്‍ക്കും മോഹം തോന്നും. അത്ര ഭംഗിയായാണ് കുട്ടികളും അധ്യാപകരും ചേര്‍ന്ന് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. ചെണ്ടുമല്ലികള്‍ പൂത്തുലഞ്ച് നില്‍ക്കുകയാണ്.
അധ്യാപകര്‍, പിടിഎ, എസ്എംസി എന്നിവരുടെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അങ്കണത്തില്‍ ചെടികള്‍ നട്ടു വളര്‍ത്തിയത്. സ്കൂളിലെ പ്രഥമ അധ്യാപിക അംബിക, എസ്എംസി ചെയര്മാന് സുന്ദരനുമായി ആലോചിച്ച് പിടിഎയുടെ സഹായത്തോടെയാണ് പുഷ്പ കൃഷി ആരംഭിച്ചത്.
അരുവിക്കര കൃഷി ഭവനുമായി ബന്ധപ്പെട്ട് സൗജന്യമായി ബന്ദി തൈകള്‍ വാങ്ങി. തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സ്കൂള്‍ മുറ്റത്തെ അഞ്ച് സെന്റില്‍ തോട്ടം നിര്‍മ്മിച്ചു. സ്കൂളില്‍ എല്‍കെജി മുതല്‍ നാലാം ക്ലാസു വരെ 58 കുട്ടികളാണ് പഠിക്കുന്നത്.
6 അദ്ധ്യാപകരും ഉണ്ട്. ഇവര്‍ ചേര്‍ന്ന് പരിപാലിച്ചാണ് ബന്ദിപ്പൂക്കള്‍ വിരിയിച്ചെടുത്തത്. ബന്ദി തോട്ടത്തിന് പുറമെ പച്ചക്കറി തോട്ടവും ഇവടെയുണ്ട്. തക്കാളി, വെണ്ട, മുളക്, ചീര തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഓണ വിപണി ലക്ഷ്യമിട്ടാണ് ബന്ദി കൃഷി ചെയ്തത്. കൃഷി കുട്ടികള്‍ക്ക് ഇപ്പോള്‍ നേരറിവാണ്. എങ്ങനെ കൃഷിയിറക്കണം എന്തല്ലാം ശ്രദ്ധിക്കണം, ചെടികളെ എങ്ങനെ പരിപാലിക്കണം എന്നെല്ലാം കുട്ടികള്‍ പഠിച്ചുകഴിഞ്ഞു. ഇടവേളകളിലാണ് കൃഷി പരിപാലനം നടത്തുന്നത്. അധ്യാപകരും സഹായിക്കും. പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്.കല നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: