ജയ്പൂർ : ഇതൊരു റീൽ സീൻ അല്ല , യഥാർത്ഥ ജീവിതമാണ് . സിനിമയകളേക്കാൾ വലിയ ചില ട്വിസ്റ്റുകളാണ് പലപ്പോഴും ജീവിതത്തിൽ നടക്കാറുള്ളത് . ഇവിടെയിതാ സ്വന്തം അച്ഛനും ,അമ്മയ്ക്കും ഒപ്പം പോകില്ലെന്നും പറഞ്ഞ് തന്നെ തട്ടിക്കൊണ്ടുപോയയാളെ കെട്ടിപ്പിടിച്ച് കരയുകയാണ് രണ്ട് വയസുകാരൻ. കുട്ടിയുടെ കരച്ചിൽ കണ്ട് തട്ടിക്കൊണ്ടുപോയ യുവാവിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു .
രാജസ്ഥാനിലെ ജയ്പൂരിലെ സംഗനേർ സദർ മേഖലയിലാണ് സംഭവം. 2023 ജൂൺ 14 നാണ് തനൂജ് ചാഹർ എന്നയാൾ പൃഥ്വി എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്ന് കുട്ടിക്ക് 11 മാസം മാത്രമായിരുന്നു പ്രായം. തുടർന്ന് കുട്ടിയെ കണ്ടെത്തുന്നതിനായി പലയിടത്തും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 14 മാസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 27 ന് പോലീസ് തനൂജിനെ അലിഗഢിൽ നിന്ന് പിടികൂടി ജയ്പൂരിലേക്ക് കൊണ്ടുവന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെങ്കിലും ഇവർ കുഞ്ഞിനെ ഉപദ്രവിച്ചിലെന്ന് മാത്രമല്ല നന്നായി ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം വളർത്തുകയും ചെയ്തു. ഇതോടെ തട്ടിക്കൊണ്ടുപോയവരുമായി കുട്ടി മാനസികമായി അടുക്കുകയും ചെയ്തു . മാത്രമല്ല പൃഥ്വി തന്റെ കുട്ടിയാണെന്നും തനൂജ് പറയുന്നുണ്ട്. കുട്ടിയുടെ അമ്മയും, തനൂജും തമ്മിൽ നേരത്തെ പ്രണയബന്ധം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട് .
കുട്ടിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് തട്ടിക്കൊണ്ടുപോയയാളെ കെട്ടിപ്പിടിച്ചു കരയുന്ന സ്വന്തം കുഞ്ഞിനെയാണ്. മാതാപിതാക്കളുടെ അടുത്തേക്ക് പോകാനും കുഞ്ഞ് വിസമ്മതിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: