ആഡംബരത്തിക്കാറിന്റെ അവസാനവാക്കായിരുന്നു ഒരു കാലത്ത് റോള്‍സ് റോയ്സ്. ഇന്ത്യന്‍ റോഡുകളില്‍ അതിനാല്‍ റോള്‍സ് റോയ്സ് കാറുകള്‍ വിരളമായിരുന്നു. 2000-ത്തില്‍ യുഎഇയിലെ ദുബായിലെ റോള്‍സ് റോയ്സ് ഷോറൂം സന്ദര്‍ശിച്ച ജോയ് ആലുക്കാസ് അപമാനിക്കപ്പെട്ടു. എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നായിരുന്നു ജീവനക്കാരന്റെ ചോദ്യം. തനിക്ക് റോള്‍സ് റോയ്സ് കാറുകളോട് താല്‍പ്പര്യമുണ്ടെന്നും അവ നോക്കാന്‍ വന്നതാണെന്ന് ജോയ് ആലുക്കാസ് മറുപടി നല്കി.
താന്‍ വല്ല മിത്സുബിഷിയും പോയി നോക്കൂ എന്നായിരുന്നു റോള്‍സ് റോയ്സ് ഷോറൂം ജീവനക്കാരന്റെ പഹിഹാസം. ഇന്ത്യക്കാരനായതിനാല്‍ ഈ വിലകൂടിയ കാര്‍ വാങ്ങാന്‍ യോഗ്യതയില്ലാത്തയാള്‍ എന്ന നിലയിലാണ് റോള്‍സ് റോയ്സ് ഷോറൂമിലെ ജീവനക്കാരന് ജോയ് ആലുക്കാസിനെ അപമാനിച്ചത്.
അടുത്തിടെ സിഎന്‍ബിസി ടിവി18 യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജോയ് ആലൂക്കാസ് ഇക്കാര്യം തുറന്ന് പറഞ്ഞത്. റോള്‍സ് റോയ്സ് ഷോറൂം ജീവനക്കാരന്റെ പെരുമാറ്റത്തില്‍ അപമാനിതനായ ജോയ് ആലുക്കാസ് വാശിക്ക് ഒരു റോള്‍ റോയ്സ് കാര്‍ വാങ്ങി. കാര്‍ വാങ്ങിയ ശേഷമാണ് തനിക്ക് ആ കാറിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും തനിക്ക് ഇതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞത്. ഈ ഒരു കാര്‍ എങ്ങനെ തന്റെ ജ്വല്ലറിയുടെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താം എന്നതായി പിന്നീടുള്ള ചിന്ത. അപ്പോഴാണ് നറുക്കെടുപ്പിലൂടെ ഈ കാര്‍ സമ്മാനം നല്‍കാമെന്ന ആശയം മനസ്സില്‍ ഉദിച്ചത്.
നറുക്കെടുപ്പുകള്‍ അക്കാലത്തേ ദുബായില്‍ വളരെ പ്രസിദ്ധമായിരുന്നു. നറുക്കെടുപ്പ് നടത്താനും ബമ്പര്‍ സമ്മാനമായി റോള്‍സ് റോയ്സ് സമ്മാനം നല്‍കാനും ജോയി ആലുക്കാസ് തീരുമാനിച്ചു. ഉപഭോക്താക്കള്‍ക്ക് റോള്‍സ് റോയ്സ് സമ്മാനമായി നല്കിയ യുഎഇയിലെ ആദ്യത്തെ ജ്വല്ലറികളില്‍ ഒന്നാണ് ജോയ് ആലുക്കാസ്. ഏതായാലും ഈ മാര്‍ക്കറ്റിംഗ് തന്ത്രം ജ്വല്ലറിയുടെ വളര്‍ച്ചക്ക് ഗുണം ചെയ്തു.
അക്കാലത്ത് റോള്‍സ് റോയ്സ് കാറുകള്‍ തനിക്ക് ആവശ്യമില്ലെന്ന് കരുതിയെങ്കിലും ഇന്ന് റോള്‍സ് റോയ്സ് ഗോസ്റ്റ്, റോള്‍സ് റോയ്സ് കലനന്‍ എന്നിവയുള്‍പ്പെടെയുള്ള കാറുകള്‍ ജോയ് ആലുക്കാസിന്റെ ഗരാജിലുണ്ട്. അടുത്തിടെയാണ് റോള്‍സ് റോയ്സ് കലനന്‍ വാങ്ങിയത്. റോള്‍സ് റോയ്സ് ആദ്യമായി നിര്‍മിച്ച എസ്യുവിയാണ് കലനന്‍. ഇന്ത്യയിലെ സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ പ്രശസ്തമാണ് ഈ കാര്‍. 6.95 കോടി രൂപയാണ് കലനന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: