ന്യൂദല്‍ഹി: പുതിയ ഭാരതത്തില്‍ വികസനത്തിന് പണം പ്രശ്നമല്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ജനം ടിവിയുടെ നാലാമത് ഗ്ലോബല്‍ എക്സലന്‍സ് പുരസ്കാരങ്ങള്‍ സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികള്‍ക്കാണ് ഓരോ ദിവസവും അനുമതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ന് ഭാരതത്തിന്റേത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉള്ളവരുണ്ടായാല് ഇതെല്ലാം സാധ്യമാണ്. സ്വാശ്രയഭാരതം എന്നതിനൊപ്പം തന്നെ ഭാരതത്തെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുക എന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനായി വ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ നല്കുന്ന സംഭാവനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. സാങ്കേതികവിദ്യ, വിഭവങ്ങള്‍ എന്നിവയ്ക്ക് തുല്യപ്രധാന്യമുണ്ട്. എന്നാല്‍ അതിനെക്കാള്‍ പ്രധാനപ്പെട്ടവരാണ് സംരംഭകര്‍. ചിലര്‍ വ്യവസായികള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവരെ വിമര്‍ശിക്കാറുണ്ട്. അവര്‍ പണം സമ്പാദിക്കുന്നവര്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരുമാണ്. രാജ്യത്തിന്റെ വികസനത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടത് ആവശ്യമാണ്. സംരംഭകരും വ്യവസായികളും പണം നിക്ഷേപിക്കുന്നതിലൂടെയാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് ജനങ്ങളുടെ താല്പര്യവും നിരന്തര പരിശ്രമവും സംഭാവനയും ഉണ്ടാവേണ്ടതുണ്ട്.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ അവരുടെ റോള്‍ കൃത്യമായി നിര്‍വ്വഹിക്കണം. എല്ലാത്തിനെയും നെഗറ്റീവായി കാണാതെ, എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങളെ പ്രധാന്യത്തോടെ തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക്, വികസനത്തിന് സംഭാവന നല്കുന്ന വ്യവസായികളെയും സംരംഭകരെയും ആദരിച്ച ജനം ടിവിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദി അശോക ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജനം ടിവി ചെയര്‍മാനും സംവിധായകനുമായ പ്രിയദര്ശന് അധ്യക്ഷനായി. ഐശ്വര്യ നന്തിലത്ത് (ഡയറക്ടര്‍, ഗോപു നന്തിലത്ത് ഗ്രൂപ്പ്), സിദ്ദിഖ് അഹമ്മദ് (സിഎംഡി, ഇറാം ഹോള്‍ ഡിംഗ്സ്), പീറ്റര്‍ പോള്‍ പിട്ടാപ്പള്ളി (എംഡി, പിട്ടാപ്പള്ളില്‍ ഏജന്‍സീസ്), സുഗതന് ജനാര്ദ്ദനന് (സിഎംഡി, റോയല്‍ ഫര്‍ണിച്ചര്‍ ഗ്രൂപ്പ്), എന്‍.എം. പണിക്കര്‍ (ചെയര്മാന്, എക്സ്പേര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വ്വീസസ് എല്‍എല്‍സി & ഗ്രൂപ്പ് ഓഫ് കമ്പനീസ്), അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് (സിഎംഡി, റിച്ച് മാക്സ് ഗ്രൂപ്പ്), ദീപക് രാധാകൃഷ്ണന് (സിഇഒ, ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) എന്നിവര്‍ നിതിന്‍ ഗഡ്കരിയില്‍ നിന്ന് നാലാമത് ഗ്ലോബല്‍ എക്സലന്‍സ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ജനം ടിവി എക്സിക്യുട്ടീവ് ചെയര്മാന് ജി. സുരേഷ്കുമാര്‍, എംഡി എസ്. രാജശേഖരന്‍നായര്‍, ജനം ടിവി പ്രഭാരി എ. ജയകുമാര്‍, ഡയറക്ടര്‍ എസ്.ജെ.ആര്. കുമാര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: