കൊച്ചി: ലൈംഗിക ആരോപണ കേസില്‍ സംവിധായകന് വി.കെ. പ്രകാശ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ വ്യക്തികള്‍ക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
2022 ഏപ്രിലില്‍ ഒരു സിനിമാക്കഥ വിവരിക്കുന്നതിനായി സമീപിച്ചപ്പോള്‍ പ്രകാശ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിതാ തിരക്കഥാകൃത്ത് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക എന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്ത അവസരത്തില്‍ അറസ്റ്റിനെതിരെയാണ് പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കയാണെന്ന് പ്രകാശ് ജാമ്യാപേക്ഷയില്‍ പറയുന്നു. യുവതിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയെന്നും ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാന പോലീസ് മേധാവിക്കും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ തലവനും പരാതി നല്‍കിയിട്ടുണ്ടെന്ന് ഹര്ജിക്കാരന് വ്യക്തമാക്കുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: