കോട്ടയം: ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകള്‍ വെളിപ്പെടാനും പീഡന പരാതികള്‍ തുറന്നു പറയാന്‍ പീഡിതര്‍ക്ക് ധൈര്യം പകരാനും ഇടയാക്കിയ ഹേമാ കമ്മിറ്റിയെപ്പോലെ ചാനലുകള്‍ ഉള്‍പ്പെട്ട മാധ്യമ മേഖലയിലും രാഷ്‌ട്രീയ രംഗത്തും ഉള്ള ഇത്തരം പ്രവണതകളെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രാപിക്കുന്നു. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകളില്‍ രണ്ടു തൂണുകള്‍ക്ക് താങ്ങായ രാഷ്‌ട്രീയത്തിലും നാലാം തൂണെന്നു മേനി പറയുന്ന മാധ്യമ മേഖലയിലും നീതികേടുകള്‍ കൊടികുത്തി വാഴുകയാണെന്നും ആ യാഥാര്‍ത്ഥ്യം പൊതുസമൂഹത്തില്‍ വെളിപ്പെടണമെന്നുമാണ് ആവശ്യം.
സിനിമ കേവലമൊരു വിനോദോപാധി മാത്രമായതിനാല്‍ അതിലെ പുഴുക്കുത്തുകളെ മാത്രം നശിപ്പിച്ചത് കൊണ്ട് പൊതുസമൂഹം ശുദ്ധീകരിക്കപ്പെടുന്നില്ല. രാഷ്‌ട്രീയത്തിന്റെയും മാധ്യമമേഖലയുടെയും സ്ഥിതി അതല്ല. രാഷ്‌ട്രീയരംഗം ഇതിനകം ഒട്ടേറെ അനാശാസ്യ സംഭവങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ്. സ്ത്രീകള്‍ക്ക് ഇപ്പോഴും രാഷ്‌ട്രീയത്തിലേക്ക് സധൈര്യം ഇറങ്ങിച്ചെല്ലാന്‍ പരിമിതികളുണ്ട്. ആദ്യകാലത്ത് സ്ത്രീകള്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. പല രാഷ്‌ട്രീയ നേതാക്കളും സന്മാര്‍ഗ വിഷയത്തില്‍ ആരോപണ വിധേയരാണ്. മാധ്യമ മേഖലയിലെയും സ്ഥിതി സമാനമാണ്. ഏതാനും ചാനലുകളുടെ ഉന്നത പദവിയിലിരിക്കുന്നവര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയതിന് നിലവില്‍ കേസുകളുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ മാധ്യമ രാഷ്‌ട്രീയ മേഖലകളിലുള്ള ദുഷ് പ്രവണതകള്‍ പഠിക്കാന്‍ കമ്മിറ്റിയെ വയ്‌ക്കണമെന്ന ആവശ്യമുയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: