പാലക്കാട്: കൊല്ലങ്കോട് – തൃശൂര്‍ റെയില്‍വേ ലൈന്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇതുസംബന്ധിച്ച് നെന്മാറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി. കൂടാതെ നിലവിലെ അവസ്ഥ സംബന്ധിച്ച് സെക്രട്ടറിക്ക് ഇ-മെയിലും ലഭിച്ചു.
വിഷയത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് അപ്പീല്‍ നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടാവുമെന്നും ഉറപ്പുനല്‍കി. അടുത്തിടെ പാലക്കാടെത്തിയ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും, ജോര്‍ജ് കുര്യനും കൊല്ലങ്കോട്-തൃശൂര്‍ റെയില്‍വേ ലൈന്‍ വിഷയം സംബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഗിരിജ വല്ലഭനും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
കൊല്ലങ്കോട് – തൃശൂര്‍ റെയില്‍വേ ലൈനിന് 301 കോടി രൂപ വേണ്ടിവരുമെന്ന് 2004-05 കാലയളവില്‍ നടന്ന സര്‍വേയില്‍ പറഞ്ഞു. എന്നാല്‍ 2012-13 വര്‍ഷത്തില്‍ വീണ്ടും നടത്തിയ സര്‍വേയില്‍ 480 കോടി വേണമെന്നാണ് കണക്കാക്കിയത്. 2013 ആഗസ്തിലെ സര്‍വേ പ്രകാരം 492 കോടിയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ചെന്നൈ റെയില്‍വെ ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേയില്‍ 548 കോടി രൂപ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച ഇ-മെയില്‍ സന്ദേശത്തിലില്ലെന്ന് സെക്രട്ടറി അറിയിച്ചു.
1942ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് 54 കിലോമീറ്റര്‍ ദൂരമുള്ള കൊല്ലങ്കോട് – തൃശൂര്‍ ലൈന്‍ പദ്ധതിയുടെ സര്‍വെ നടന്നത്. തുറമുഖ നഗരങ്ങളായ കൊച്ചിയെയും തൂത്തുകുടിയെയും ബന്ധിപ്പിക്കുന്ന ദൂരക്കുറവുള്ള ഈ പാത കൊല്ലങ്കോട്, പല്ലശന, നെന്മാറ, ആലത്തൂര്‍, വടക്കഞ്ചേരി, മണ്ണുത്തി വഴിയാണ് കടന്നുപോകുന്നത്.
തമിഴ്നാട്ടിലെ പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, ഒട്ടന്‍ഛത്രം തുടങ്ങി കാര്‍ഷിക മേഖലയിലെ ഉത്പന്നങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റിലേക്ക് ചുരുങ്ങിയ ചെലവില്‍ എത്തിക്കാനാകും. കൂടാതെ അതിരപ്പിള്ളി, പീച്ചി, മംഗലംഡാം, പോത്തുണ്ടി, നെല്ലിയാമ്പതി, ടോപ് സ്ലിപ്പ്, പറമ്പിക്കുളം, ആനമല, വാള്‍പ്പാറ, കൊടൈക്കനാല്‍ തുടങ്ങിയ ഹില്‍ സ്റ്റേഷനുകളെയും ഇക്കോ ടൂറിസം പദ്ധതി പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും.
പഴനി, മധുര, ഏര്‍വാടി, രാമേശ്വരം, തിരുചെന്തൂര്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ പൊള്ളാച്ചി വഴി തൃശൂരുമായി ബന്ധിപ്പിക്കും. ഗുരുവായൂര്‍, ആലുവ, ചോറ്റാനിക്കര, ശബരിമല യാത്രകള്‍ക്കും ഏറെ ഉപകാരമാകും.
നിലവിലെ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവര്‍ക്കും, ഐടി മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ ഗുണംചെയ്യുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഉടന്‍ തുടര്‍ നടപടികള്‍ ഉണ്ടാവണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പ്രസി: അലാവുദീന്‍, സെക്രട്ടറി എം. ഗിരിജാവല്ലഭന്‍, പൊതുവായി പൊന്നും, ആര്. ചന്ദ്രന്, ആര്. ഉണ്ണികൃഷ്ണന്, രാജീവ് മേനോന്,വി. രാധാകൃഷ്ണന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: