തൃശൂർ: അരിമ്പൂരില്‍ നിര്‍മാണ തൊഴിലാളിയായി എത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി സാമ്രാട്ട് ഘോഷ് എന്ന ഇരുപതുകാരന് തൊഴിലിനൊപ്പം ശരീര സൗന്ദര്യം സംരക്ഷിച്ച് മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കേരള പട്ടം വരെ നേടി. ഇനിയിപ്പോ അതും ബംഗാളി കൊണ്ടു പോയി എന്നു പറയണ്ട. സ്വദേശത്തേക്ക് മടങ്ങാന്‍ താല്പര്യമില്ലാത്തതിനാല് മലയാള മണ്ണിനെ സ്നേഹിച്ച് തുടര്‍ന്നുള്ള കാലം അരിമ്പൂരില്‍ തന്നെ കഴിയാനാണ് സാമ്രാട്ടിന് ഇഷ്ടം.
അരി വിളയുന്ന നാട് എന്നറിയുന്ന അരിപുരത്തിന്റെ ഇപ്പോഴത്തെ പേരാണ് അരിമ്പൂര്‍. ഈ നാട്ടിലേക്ക് 5 വര്‍ഷം മുന്‍പ് കെട്ടിടം പണികള്‍ക്കായി എത്തിയതാണ് വെസ്റ്റ് ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സാമ്രാട്ട് ഘോഷ്. കുന്നത്തങ്ങാടിയിലെ വാട്ടര്‍ ടാങ്കിന് സമീപമാണ് താമസം. ജോലിക്കിടയില്‍ ശരീര സൗന്ദര്യം സംരക്ഷിക്കാനും യുവാവ് കഠിന ശ്രമം നടത്തി. പ്രദേശത്തുള്ള ജിമ്മില്‍ ചേര്‍ന്നു. ട്രെയിനര്‍ അഖിലിന്റെ നേതൃത്വത്തില്‍ ചിട്ടയായ പരിശീലനം. ജോലി സമയത്തെ ഇടവേളകള്‍ ഇതിനായി ഉപയോഗിച്ചു. കാപ്പാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ 65 കിലോ സബ്. ജൂനിയര്‍ വിഭാഗത്തില്‍ സാമ്രാട്ട് ഘോഷ് മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കേരള പട്ടവും കരസ്ഥമാക്കി.
സൗത്ത് ഇന്ത്യയില്‍ നടന്ന സബ് ജൂനിയര്‍ ബോഡി ബില്‍ഡിങ്ങ് മത്സരത്തില്‍ സെക്കന്റഡ് റണ്ണറപ്പും സാമ്രാട്ടായിരുന്നു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പും ഇദ്ദേഹം തുടങ്ങി കഴിഞ്ഞു. ഇതിനിടയില്‍ മേസ്തിരിയായി നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ സാമ്രാട്ട് ഘോഷ് പണിക്കു പോകുന്നുണ്ട്. സ്വന്തം നാട്ടില്‍ 300 രൂപ മാത്രമായിരുന്നു ഒരു ദിവസത്തെ വേതനമെന്ന് യുവാവ് പറഞ്ഞു. ഇവിടെ 1000 രൂപയാണ് കൂലി. മാന്യമായ ശമ്പളം സമ്പാദ്യമാക്കിയും ശരീര സൗന്ദര്യം സംരക്ഷിച്ച് അംഗീകാരം നേടിയും മനംനിറഞ്ഞ് നില്ക്കുന്ന സാമ്രാട്ട് ഘോഷിന് സ്വദേശത്തേക്ക് മടങ്ങാന്‍ ഇനി താല്‍പ്പര്യമില്ല.
മലയാള മണ്ണ് തന്നെ ചേര്‍ത്ത് പിടിച്ചെന്നും ഇവിടം വിട്ട് മടങ്ങാന്‍ ഉദ്ദേശവുമില്ലെന്നാണ് യുവാവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: