ന്യൂദല്‍ഹി: ഗുരുഗ്രന്ഥ സാഹിബ് കസ്റ്റഡിയിലെടുത്ത ഖത്തര്‍ പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. ദോഹയിലെ സിഖ് സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി ഖത്തറിലെ ഭാരത എംബസി.
കഴിഞ്ഞ ഡിസംബറിലാണ് ഖത്തര്‍ പോലീസ് ഗുരുഗ്രന്ഥ സാഹിബിന്റെ രണ്ട് പകര്‍പ്പുകള്‍ പിടിച്ചെടുത്തത്. വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം ഖത്തര്‍ അധികൃതരെ പ്രതിഷേധവും ആശങ്കയും അറിയിച്ചതായി വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
2023 ഡിസംബറില്‍, ഗുരുദ്വാരകളിലെ പ്രാര്‍ത്ഥന തടഞ്ഞുകൊണ്ടാണ് ഖത്തര്‍ പോലീസ് അതിക്രമം കാട്ടിയത്. ഖത്തര്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗുരുദ്വാരകള്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചായിരുന്നു നടപടി. എംബസി പ്രാദേശിക നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിയില്‍ സാധ്യമായ എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു.
ശിരോമണി അകാലിദള്‍ (എസ്എഡി) നേതാവും ഭട്ടിന്‍ഡ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി എന്നിവര്‍ ഖത്തറുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. പൊതുസ്ഥലത്ത് മറ്റ് മതാരാധനകള്‍ നടത്തുന്നതാണ് ഖത്തറില്‍ കുറ്റകരമായിട്ടുള്ളത്. ഗുരുദ്വാരകള്‍ പൊതുസ്ഥലമല്ല.
35 വര്‍ഷമായി ഖത്തറില്‍ത്തന്നെ രണ്ടിടങ്ങളില്‍ ആരാധന നടന്നുവരുന്നുണ്ട്. യുഎഇ പോലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ സിഖുകാര്‍ക്ക് ആരാധന നടത്താനും ഗുരുദ്വാരകള്‍ സ്ഥാപിക്കാനും അനുവദിക്കണമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: