കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന അമ്മ സ്വീകരിച്ച മൃദു സമീപത്തിനെതിരെ നടി ഉർവശി. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ‘അമ്മ’ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് നടി ഉർവശി. ഒഴുകിയും തെന്നി മാറിയും ആലോചിക്കാം എന്നുമെല്ലാം പറയാതെ വളരെ ശക്തമായി സംഘടന നിലകൊള്ളണം. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണം. സിനിമയിൽ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉർവശി പറഞ്ഞു.
രഞ്ജിത്തിനെതിരെ ബംഗാളി നടി ഉന്നയിച്ച ആരോപണം ഗൗരവതരമാണെന്നും അവർ പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്നും അല്ലാത്തപക്ഷം അത് നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍
പറഞ്ഞു. സിനിമയുടെ എല്ലാ മേഖലയിലുമുള്ള പുരുഷന്മാർക്കും അപമാനകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടന ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉർവശി പറഞ്ഞു.
അന്യഭാഷയിലെ ഒരു നടിയാണ് പരാതി പറഞ്ഞിരിക്കുന്നത്. എല്ലാ ഭാഷയിലും അതിന്റെ ചലനങ്ങളുണ്ടാകും. സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടെന്നും അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു.
‘സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്’. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണെന്നും ഉര്‍വശി പറഞ്ഞു.
സ്ത്രീകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നെങ്കിലും പുരുഷന്മാരെയും ബാധിക്കുന്നതാണെന്ന് ഉർവശി വ്യക്തമാക്കി. ഒരു വ്യക്തിയെ കുറിച്ച് ഏതെങ്കിലും രീതിയിലുള്ള ആരോപണം ഉയർന്നുവന്നാല്‍ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ആ വ്യക്തി ആയിരിക്കണം. മാറി നിന്നതിന് ശേഷം അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതല്‍ പക്വത. അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ലയെന്നും നടി പറഞ്ഞു.
ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നില്‍ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാനാണെങ്കില്‍ അവർക്ക് കാര്യങ്ങള്‍ പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നില്ലേ? ഇത് അങ്ങനെയല്ല. ആ സ്ത്രീകള്‍ക്കൊപ്പം ഞാൻ എന്നുമുണ്ട്. വിഷയത്തില്‍ സർക്കാറിനേക്കാള്‍ മുമ്പ് നിലപാടെടുക്കേണ്ടത് അമ്മയാണെന്നും ഉർവശി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: