കീവ്: യുദ്ധം അശാന്തി വിതച്ച ഉക്രൈനില്‍ സാന്ത്വനത്തിന്റെ തലോടലായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തില്‍ ജീവന് നഷ്ടമായ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ഓര്‍മ്മകള്‍ ഉറങ്ങാത്ത സ്മൃതിഭൂമിയില്‍ അദ്ദേഹം നിശബ്ദനായി നിന്നു. കളിപ്പാട്ടം സമര്‍പ്പിച്ച് ആദരവ് അര്‍പ്പിച്ചു. ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കിയുടെ ചുമലില്‍ കരം വച്ച് ആശ്വസിപ്പിച്ചു. വികാര നിര്‍ഭരമായിരുന്നു പ്രധാനമന്ത്രിയുടെ ഉക്രൈന് സന്ദര്‍ശനം.
മേരിന്‍സ്കി കൊട്ടാരത്തിലെത്തിയ മോദിയെ സെലന്‍സ്കി ആലിംഗനത്തോടെയാണ് വരവേറ്റത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ സമഗ്രതയും പരസ്പര താത്പര്യമുള്ള പ്രാദേശിക- ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളും ഇരുവരും കൈമാറി. കാര്‍ഷിക-ഭക്ഷ്യ വ്യവസായ മേഖലയിലെ സഹകരണം, മെഡിക്കല്‍ ഉത്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം, സാമൂഹ്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഭാരതത്തിന്റെ മാനുഷിക ധനസഹായം സംബന്ധിച്ച ധാരണാപത്രം, 2024-2028 വര്‍ഷങ്ങളിലേക്കുള്ള സാംസ്കാരിക സഹകരണത്തിനുള്ള പരിപാടി എന്നീ നാല് കരാറുകള്‍ ഇരു നേതാക്കളുടേയും സാന്നിധ്യത്തില്‍ ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈന് സര്‍ക്കാരിന് നാല് ബിഎച്ച്ഐഎസ്എം (ഭാരത് ഹെല്‍ത്ത് ഇനിഷ്യേറ്റിവ് ഫോര്‍ സഹയോഗ് ഹിത ആന്‍ഡ് മൈത്രി) ക്യൂബുകള്‍ സമ്മാനിച്ചു. പരിക്കേറ്റവരെ വേഗത്തില്‍ ചികിത്സിക്കാനും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനും ക്യൂബുകള്‍ സഹായിക്കും. സഹായത്തിന് സെലന്‍സ്കി നന്ദി പറഞ്ഞു. ഓരോ ക്യൂബിലും എല്ലാത്തരം പരിക്കുകള്‍ക്കും പ്രാഥമിക പരിചരണത്തിനുള്ള മരുന്നുകളും ഉപകരണങ്ങളുമുണ്ട്. പ്രതിദിനം 10- 15 ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അടിസ്ഥാന ശസ്ത്രക്രിയാമുറിക്കുള്ള ഉപകരണങ്ങളും ഉള്‍പ്പെടുന്നു. ആഘാതം, രക്തസ്രാവം, പൊള്ളല്‍, ഒടിവുകള്‍ മുതലായ അടിയന്തര സാഹചര്യങ്ങളില്‍ വൈവിധ്യമാര്‍ന്ന 200 ഓളം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ക്യൂബിന് ശേഷിയുണ്ട്. പരിമിതമായ അളവില്‍ സ്വയം വൈദ്യുതിയും ഓക്സിജനും ഉത്പാദിപ്പിക്കാനും ഇതിന് കഴിയും. ക്യൂബ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഉക്രൈന് സംഘത്തിനു പരിശീലനം നല്കാന് ഭാരതത്തില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ കീവിലെ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സന്ദര്‍ശനത്തിന് മോദി തുടക്കമിട്ടത്. യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതില്‍ മഹാത്മാഗാന്ധിയുടെ സമാധാന സന്ദേശത്തിന്റെ കാലാതീതമായ പ്രസക്തി മോദി ചൂണ്ടിക്കാട്ടി. ഗാന്ധിജി കാണിച്ചു തന്ന പാത ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമേകുന്നതാണെന്ന് മോദി അഭിപ്രായപ്പെട്ടു. കീവിലെ ‘ഒയാസിസ് ഓഫ് പീസ്’ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമ, മനുഷ്യരാശിയുടെ പ്രത്യാശയുടെയും സമാധാനത്തിന്റെയും വിളക്കായാണ് നിലകൊള്ളുന്നത്. കീവിലെ സ്കൂള്‍ ഓഫ് ഓറിയന്റല്‍ സ്റ്റഡീസില്‍ ഹിന്ദി ഭാഷ പഠിക്കുന്ന ഉക്രൈന് വിദ്യാര്‍ത്ഥികളുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. മൂന്നുദിവസത്തെ നീണ്ടുനിന്ന പോളണ്ട്- ഉക്രൈന് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോദി ഇന്ന് രാവിലെയോടെ ദല്‍ഹിയില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: