ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് വിശ്വസിക്കുന്നതെങ്കില്‍ എന്തിനാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അദാനിയുമായി കരാറില്‍ ഒപ്പിടുന്നത് എന്ന ചോദ്യവുമായി തെലുങ്കാനയിലെ ബിജെപി എംപി എം. രഘുനന്ദന് റാവു. നേരത്തെ രാഹുല്‍ ഗാന്ധിയ്ക്ക് രണ്ട് വിദേശ ഭാര്യമാരുണ്ടെന്നും അതില്‍ ഒരുവള്‍ക്ക് രണ്ട് മക്കളുണ്ടായി എന്നും ആരോപിച്ചുകൊണ്ട് ബ്ലിറ്റ്സ് മാസിക പ്രസിദ്ധീകരിച്ച ലേഖനം രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ കൊണ്ടുപോയി കൊടുക്കുക വഴി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് മേഡക് മണ്ഡലത്തിലെ എംപിയായ രഘുനന്ദന് റാവു.വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കെതിരെ രഘുനന്ദന് റാവു പൊട്ടിത്തെറിച്ചത്.
“ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കയിലെ ധനകാര്യ ഗവേഷണ സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിയേയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സ്വന്തം നാട്ടിലെ സ്ഥാപനങ്ങളേക്കാള്‍ വിദേശ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളിലാണ് രാഹുല്‍ ഗാന്ധിയ്ക്ക് കൂടുതല്‍ താല്പര്യം. അദാനി അത്രയ്ക്കും വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണെങ്കില്‍ എന്തിനാണ് അദാനിയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കരാര്‍ ഒപ്പിടുന്നത്?”- എം.രഘുനന്ദന് റാവു ചോദിക്കുന്നു.
തെലുങ്കാന സര്‍ക്കാരിന് വേണ്ടി അദാനി ഒട്ടേറെ പുതിയ ബിസിനസ് സംരംഭങ്ങള്‍ തുറക്കുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ ബിസിനസ് മീറ്റിലാണ് അദാനി കോടികളുടെ ബിസിനസ് തെലുങ്കാനയില്‍ പ്രഖ്യാപിച്ചത്.
തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയാണ് രഘുനന്ദന് റാവു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ തെലുങ്കാനയിലെ മേഡക്കില്‍ നിന്നുള്ള ഈ ബിജെപി എംപി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ഈയിടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനിയ്ക്കെതിരെയും സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും എതിരെ വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ആരോപണങ്ങള്‍ ഉന്നയിക്കുക എന്നല്ലാതെ കൃത്യമായ തെളിവുകള്‍ നിരത്താന്‍ കഴിയുന്നില്ലെന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളുടെ പോരായ്മ. ഒരു പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ് കഴിയുന്നത്. അദാനിയ്ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആദ്യ വട്ടം വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അദാനി കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ അമേ്രിക്കന് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഫണ്ട് കൈപ്പറ്റിക്കൊണ്ടുള്ള കരുനീക്കങ്ങളാണെന്ന വാദത്തിന് ബലം കൂടിയിരിക്കുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളെ പിന്തുണച്ച് മോദിയെയും അദാനിയെയും കടന്നാക്രമിക്കല്‍ രാഹുല്‍ ഗാന്ധി പതിവാക്കിയിട്ടുണ്ട്. കാര്യമറിയാതെ ആട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ഈ സ്വഭാവത്തെയാണ് തെലുങ്കാന എംപി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും അദാനിയുടെ പദ്ധതികളെ സ്വാഗതം ചെയ്യുന്നുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടാണ് വിശ്വാസമെങ്കില്‍ കോണ്‍ഗ്രസ് ഇത് ചെയ്യരുതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: