ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പുറത്തിറക്കിത്തുടങ്ങി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഫൗണ്ടേഷന് സ്റ്റേജിലെ സിലബസ് കഴിഞ്ഞവര്‍ഷം എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം ബാലവാടി തലത്തിലേക്ക് (മൂന്ന് വയസ് മുതല്‍ ആറ് വരെ) വേണ്ട അധ്യാപക സഹായിയും കുട്ടികള്‍ക്ക് പ്രവര്‍ത്തനത്തിലൂടെ പഠിക്കാന്‍ സാധിക്കുന്ന പഠന സാമഗ്രിയായ – ”ജാദുയി പിടാര” എന്ന മാന്ത്രിക പെട്ടി എന്നിവയും പുറത്തിറക്കിയിരുന്നു. അതിന്റെ പ്രായോഗിക ക്ഷമത തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങളിലൂടെ പരിശോധിക്കുകയും ഈ വര്‍ഷം മുതല്‍ റഗുലര്‍ ആയി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. തുടര്‍ന്ന് ഒന്ന്, രണ്ട് ക്ലാസുകളിലേക്കുള്ള ഗണിതം, ഭാഷാ പുസ്തകങ്ങള്‍ പുറത്തിറക്കി. അങ്ങനെ ആദ്യത്തെ അഞ്ചു വര്‍ഷം വരുന്ന അടിസ്ഥാന തലം (ഫൗണ്ടേഷന് സ്റ്റേജ്) പാഠപുസ്തകങ്ങള്‍, അധ്യാപക സഹായികള്‍, പഠന സാമഗ്രികള്‍ എന്നിവ സജ്ജമാക്കിയാണ് ഈ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്.
അടുത്ത വര്‍ഷം മുതല്‍ അടുത്ത രണ്ട് തലങ്ങളില്‍-പ്രിപ്പറേറ്ററി സ്റ്റേജ്, മിഡില്‍ സ്റ്റേജ് എന്നിവയുടെ പുസ്തകങ്ങളാണ് പ്രയോഗത്തില്‍ കൊണ്ടുവരിക. അതിനായി 3, 6 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. മൂന്നാം ക്ലാസിലെ ഭാഷ, ഗണിതം, പരിസരപഠനം എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആറാം ക്ലാസില്‍ എത്തുന്നതോടുകൂടി വിഷയാടിസ്ഥാനത്തിലുള്ള പഠനത്തിലേക്ക് പ്രവേശിക്കുകയാണ്. ഇവിടെ മൂന്ന് ഭാഷകളും മറ്റു ആറു വിഷയങ്ങളുമാണുള്ളത്. ഭാഷകളില്‍ രണ്ടെണ്ണം നിര്‍ബന്ധമായും ഭാരതീയ ഭാഷകള്‍ ആയിരിക്കും. വിഷയങ്ങള്‍ സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നിവയ്ക്ക് പുറമേ കലാ, ശാരീരിക വിദ്യാഭ്യാസം, ആരോഗ്യവും തൊഴിലും. ഇതില്‍ ഇപ്പോള്‍ സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുടെയും സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളുടെയും പുസ്തകങ്ങളാണ് ഡിജിറ്റലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിഷയാടിസ്ഥാനത്തിലുള്ള പഠനം ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് പാഠപുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിലെ സമീപനം, ഉള്ളടക്കം, ഘടന തുടങ്ങി എല്ലാ വിഷയങ്ങളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല, ഇനി വരാന്‍ പോകുന്ന പാഠപുസ്തകങ്ങളുടെ സൂചനകള്‍ കൂടിയാണ് ഈ പുസ്തകങ്ങള്‍. ഭാരതീയതയില്‍ ഊന്നിയ സമീപനം, കുട്ടികള്‍ക്ക് അനുഭവജ്ഞാനം നല്കുന്ന പഠനരീതി, ശാശ്വത ജീവിത മൂല്യങ്ങളായി ശാസ്ത്രീയ വീക്ഷണവും യുക്തിചിന്തയും, പ്രായോഗിക തലത്തില്‍ സന്നിവേശിപ്പിക്കാനുള്ള സാധ്യതകള്‍ എന്നിവയാണ് പുതിയ പാഠപുസ്തകത്തിലൂടെ വരുത്തേണ്ട പ്രധാന മാറ്റമായി എന്‍.സി.എഫ് (നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക്) മുന്നോട്ടുവച്ചിരുന്നത്. പാഠപുസ്തകങ്ങള്‍ ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ എന്സിഎഫിനോട് 100 ശതമാനം നീതിപുലര്‍ത്തുന്നു. കാലഹരണപ്പെട്ടതും അബദ്ധ ജഡിലവുമായിരുന്ന മാതൃകയ്ക്ക് പകരം ആധുനിക ഭാരതീയ മാതൃക കൊണ്ടുവരാന്‍ ഏറെ ആഗ്രഹിച്ചവരുടെ ഏറ്റവും പ്രധാന ആവശ്യവും ഇതുതന്നെയായിരുന്നു. ഈ പശ്ചാതലത്തില്‍ പാഠപുസ്തകങ്ങള്‍ ഒറ്റയടിക്ക് നോക്കുമ്പോള്‍ ആവേശവും ആശ്വാസവും തരുന്നു.
സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളെയാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നത്. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി നിലവിലെ പാഠപുസ്തകങ്ങളുടെ ചില മാറ്റങ്ങള്‍ വരുത്തുന്ന സന്ദര്‍ഭത്തില്‍ വലിയ വിമര്‍ശനങ്ങളും കോലാഹലങ്ങളുമാണ് സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഇതില്‍ മാധ്യമങ്ങള്‍ക്കും സ്വയം പ്രഖ്യാപിത പുരോഗമന-മതേതര മുഖംമൂടി അണിഞ്ഞ ചിലരുടെയും കുത്സിത ശ്രമങ്ങള്‍ പൊതുവേ സമൂഹം തള്ളിക്കളയുകയാണുണ്ടായത്. ഭാരതത്തിന്റെ ചരിത്ര പഠനത്തിലേക്ക് വാതില്‍ തുറക്കുന്ന ആറാം ക്ലാസിലെ പാഠപുസ്തകത്തില്‍ ആദ്യമായി ആര്യന് ആക്രമണ സിദ്ധാന്തം യുക്തി രഹിതമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.
ചരിത്ര പഠനത്തെ ശാസ്ത്രീയവും സമഗ്രവുമായി സമീപിക്കുന്ന രീതി പാഠഭാഗങ്ങള്‍ ക്രമീകരിച്ചതിലും കാണാന്‍ സാധിക്കും. ചരിത്രം, ചരിത്ര പഠനം, മാനവചരിത്രം, ഭാരത ചരിത്രം എന്നിങ്ങനെയാണ് ചരിത്രപാഠഭാഗങ്ങള്‍ ചുരുളഴിഞ്ഞുവരുന്നത്. ഇപ്രകാരം ചരിത്രത്തെ സമഗ്രതയില്‍ അടയാളപ്പെടുത്താനും അതില്‍ ഭാരതത്തിന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് പാഠപുസ്തകത്തിന്റെ സമീപനം. എല്ലാ പാഠഭാഗങ്ങളുടെ ആരംഭത്തിലും ഭാരതീയ ചിന്ത അവതരിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളില്‍ പ്രേരണയും സ്വാഭിമാനവും ജനിപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം എന്നത് പുസ്തക അറിവിനപ്പുറം അനുഭവിച്ചറിയേണ്ടതാണെന്ന തിരിച്ചറിവ് ഓരോ പാഠഭാഗവും ക്രമീകരിക്കുമ്പോള്‍ പുസ്തക നിര്‍മാതാക്കള്‍ പുലര്‍ത്തിയിട്ടുണ്ട്. ജനാധിപത്യം, സംവാദ സംസ്കാരം, സത്യാന്വേഷണത്വര, അനുഭവജ്ഞാനം എന്നിവയാണ് പഠന രീതികളായി ഇവിടെ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കുട്ടികളില്‍ ജിജ്ഞാസയും പ്രായോഗിക ജ്ഞാനവും നല്കുന്ന രീതിയിലാണ് മിക്കവാറും എല്ലാ പാഠഭാഗങ്ങളും അവതരിപ്പിക്കുന്നത്.
വ്യക്തിയുടെ ശാരീരിക, പ്രാണിക ,മാനസിക, ബൗദ്ധിക, ആധ്യാത്മികങ്ങളായ പഞ്ചതലങ്ങളെയും സ്പര്‍ശിക്കുന്ന, പൂര്‍ണമായും ഭാരതീയ വിദ്യാഭ്യാസ ചിന്തയില്‍ ഊന്നിയാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഫൗണ്ടേഷന്, പ്രിപ്പറേറ്ററി സ്റ്റേജുകള്‍ കടന്ന് സെക്കന്‍ഡറി സ്റ്റേജിലേക്ക് കടക്കുന്നതിനിടയിലുള്ള പാലം എന്ന രീതിയില്‍ ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ പഠന സമീപനവും ഉള്ളടക്കവും എത്രത്തോളം പ്രാധാന്യത്തോടെ കണ്ടിരിക്കുന്നു എന്നുള്ളത് ഇപ്പോള്‍ ലഭ്യമായിട്ടുള്ള പുസ്തകങ്ങളെ വിലയിരുത്തുമ്പോള്‍ ബോധ്യമാകും.
സാമൂഹ്യശാസ്ത്ര പാഠപുസ്തകം പൊതുവില്‍ ചരിത്രം, ഭൂമിശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സാമ്പത്തിക ശാസ്ത്രം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന രീതിയിലാണ് ആദ്യ ക്ലാസുകളില്‍ അവതരിപ്പിക്കുന്നത് എന്ന് നമുക്കറിയാം. ഇവിടെയും ഉള്ളടക്കം ആ രീതിയില്‍ തന്നെയാണ് ഉള് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ എല്ലാ പാഠഭാഗങ്ങളും പ്രധാനമായും അഞ്ചു ആധാരഭൂത ചിന്തകളിലൂടെ കടന്നു പോകുന്നു. ഒന്ന്, ഭൂമിശാസ്ത്രപരവും രണ്ട് ചരിത്രവുമാണ്. മൂന്നാമത്, സാംസ്കാരിക പൈതൃകത്തെയും അതിന്റെ പ്രത്യേകതകളെയും ഒരു സമൂഹമെന്ന നിലയ്ക്ക് അതിനെ മുന്നോട്ടുനയിക്കുന്ന മൂല്യങ്ങളെന്താണെന്നും, ആ മൂല്യങ്ങള്‍ എങ്ങനെ ആവിഷ്കരിക്കപ്പെട്ടു എന്നും ഇന്ന് അതിന്റെ പ്രസക്തി എന്താണെന്നുമുള്ള അന്വേഷണങ്ങളിലൂടെയാണ് ഓരോ ഭാഗവും കടന്നുപോകുന്നത്. അതിലൂടെ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ചുള്ള അറിവു ലഭിക്കുക മാത്രമല്ല, അതിനെ അഭിനന്ദിക്കാന്‍ അവസരവും പുതിയ തലമുറയ്ക്ക് ലഭിക്കുന്നു. തീര്‍ച്ചയായും അവരില്‍ ആത്മാഭിമാനത്തെ ആയിരിക്കും സൃഷ്ടിക്കുക. ഓരോ തലത്തിലും ഒരു സമൂഹമെന്ന രീതിയില്‍ കടന്നുപോകുമ്പോള്‍ വ്യക്തിയെന്ന നിലയ്ക്ക് തന്റെ പങ്കിനെ കുറിച്ച് തിരിച്ചറിയാനും അതില്‍ തന്റെ കടമകളും കര്‍ത്തവ്യങ്ങളും അവകാശ ബോധത്തോടൊപ്പം മനസ്സിലാക്കാനും ഉത്തമ പൗരനായി ജനാധിപത്യ സംവിധാനത്തെ മനസ്സിലാക്കാനും കുട്ടിക്ക് അവസരം ഒരുക്കുന്നു. ഈ പൗരബോധം പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ബോധ്യവും ചെറുപ്രായത്തില്‍ തന്നെ സൃഷ്ടിക്കാന്‍ പാഠപുസ്തകം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രകൃതി – മനുഷ്യ വിഭവങ്ങളെ പരസ്പര പോഷണത്തോടെ ഉപയോഗിച്ച് സര്‍വ്വ ക്ഷേമം നേടുക എന്ന ഭാരതീയ കാഴ്ചപ്പാടിലൂടെയാണ് സാമ്പത്തിക രംഗത്തെ പാഠപുസ്തകം കൈകാര്യം ചെയ്യുന്നത്. അത് ചരിത്രത്തിലൂടെയും ഭൂമിശാസ്ത്രപരമായ സമ്പത്തിലൂടെയും ആധുനിക കാലഘട്ടം നേരിടുന്ന വെല്ലുവിളികളിലൂടെയും കടന്നുപോകുന്നുണ്ട്. ഈ സന്ദര്‍ഭങ്ങള്‍ക്കെല്ലാം ആവശ്യമായിട്ടുള്ള ദാര്‍ശനിക പിന്തുണ ലഭിക്കുന്നതിന് വേണ്ടി ഭാരതീയ മനീഷികളുടെ ഉദ്ബോധനങ്ങളും മഹാഗ്രന്ഥങ്ങളിലെ ഉദ്ധരണികളും ഒട്ടും അധികപ്പറ്റോ അരോചകമോ ആവാത്ത രീതിയില്‍ സന്നിവേശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ സംസ്കാരം അതിന്റെ മൂലതത്വമായ എല്ലാത്തിന്റെയും ഏകത്വത്തെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ (ഏകം സദ് വിപ്ര ബഹുതാ വദന്തി), അത് ആവിഷ്കരിക്കപ്പെട്ടത് വ്യത്യസ്ത തലങ്ങളിലൂടെയാണ് എന്ന് കൂടി കുട്ടി തിരിച്ചറിയുന്നു. ഭാരതത്തിന്റെ ജ്ഞാന പൈതൃകം അതുകൊണ്ടുതന്നെ കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും വൈദ്യം, യോഗ, മതം, ഭരണ വ്യവസ്ഥ, ആയോധനകല, വാസ്തുവിദ്യ, ശില്പം, കരകൗശലം,ചിത്രം എന്നിങ്ങനെ വ്യത്യസ്തമായ രൂപഭാവത്തിലാണ് ആവിഷ്കരിക്കപ്പെട്ടത് എന്നും ചര്‍ച്ചചെയ്യുന്നുണ്ട്. ഈ ആവിഷ്കാരത്തിന്റെ പുറത്ത് ഭാരതത്തില്‍ ഉണ്ടായ വൈവിധ്യമാര്‍ന്ന ദാര്‍ശനികങ്ങളായ സാംഖ്യ-ന്യായ-യോഗ-ദൈ്വത-അദൈ്വത ചിന്തകളെ പരിചയപ്പെടാനും ജിജ്ഞാസ ഉളവാക്കാനും പറ്റുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാരതത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ ശൈവ-വൈഷ്ണവ- ബുദ്ധ-ജൈന-സിഖ്-സൂഫി സമ്പ്രദായടെ സമന്വയത്തിലൂടെ ഭാരതം മുന്നോട്ടു പോയതിന്റെ ഉള്‍ക്കാഴ്ചയും, വരാന്‍ പോകുന്ന ലോകക്രമത്തിന്റെ നിര്‍മാണത്തില്‍ ഭാരതത്തിനും ഭാരതീയര്‍ക്കും നിര്‍വഹിക്കാനുള്ള ദൗത്യ ബോധത്തിന്റെ ബീജാവാപനവും ഈ പാഠപുസ്തകങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.
(ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: