മൂന്നാം തവണയും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം പുതുയാത്രകളിലേക്ക് കുതിക്കുകയാണ് മോദി. ബുധനാഴ്ച മോദി പോളണ്ടില്‍ എത്തിയിരിക്കുകയാണ്. 45 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടില്‍ എത്തുന്നു.
ഇന്ത്യന്‍ കമ്പനികള്‍ പോളണ്ടില്‍ അവരുടെ ബിസിനസ് വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ഐടി, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, പാക്കേജിംഗ് വ്യവസായം എന്നീ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ പോളണ്ടില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. 2023ല്‍ മാത്രം ഇന്ത്യന്‍ കമ്പനികള്‍ 300 കോടി ഡോളര്‍ പോളണ്ടില്‍ മുതല്‍മുടക്കിയെന്ന് മാത്രമല്ല, ഏകദേശം 10,000 പോളണ്ട് സ്വദേശികള്‍ക്ക് ജോലി നല്‍കുകയും ചെയ്തു. മധ്യ യൂറോപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് പോളണ്ട്. വ്യാപാരം, പ്രതിരോധം, സാംസ്കാരിക ബന്ധം എന്നിവയാണ് ഇപ്പോഴത്തെ മോദിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചാവിഷയമാവുക. ആഗസ്ത് 21, 22 തീയതികളില്‍ മോദി പോളണ്ടിലെ വാര്‍സോവില്‍ ചെലവഴിക്കും. ഇവിടെ പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്, പോളണ്ട് പ്രസിഡന്‍റ് ആന്ദ്രെ ഡ്യൂഡ എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തും. ഐടി, സൈബര്‍ സുരക്ഷാ, പ്രതിരോധം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പോളണ്ടിലെ വിദേശകാര്യമന്ത്രി ബര്‍ടോസെവ്സ്കി പ്രകടിപ്പിക്കുന്നത്.
അതുപോലെ ആഗസ്ത് 23ന് മോദി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ ക്ഷണപ്രകാരം ഉക്രൈന്‍ ദേശീയ തീവണ്ടിയായ റെയില്‍ ഫോഴ്സ് വണില്‍ യാത്ര ചെയ്ത് പോളണ്ടില്‍ നിന്നും ഉക്രൈനില്‍ എത്തിച്ചേരും. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ നിഷ്പക്ഷ നിലപാടുള്ള രാജ്യമായാണ് ഇന്ത്യ നിലകൊള്ളുന്നത്. അതേ സമയം ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യയുമായി ബിസിനസ് നടത്തുന്നുമുണ്ട്. അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് വിലക്കുറവില്‍ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിനാല്‍ മോദിക്ക് പൊതുതെരഞ്ഞെടുപ്പ് കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കാനായി. പുതിയ വിലക്കയറ്റം തടയാനുമായി.
അതേ സമയം കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ചതിന്റെ പേരില്‍ മോദിയെ ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി പരസ്യമായി വിമര്‍ശിച്ചിരുന്നു. റഷ്യയെ അപലപിക്കാതെ ഇരുരാജ്യങ്ങളും സമാധാനഉടമ്പടിയില്‍ ഏര്‍പ്പെടണമെന്ന നിലപാടാണ് മോദിയ്‌ക്കുള്ളത്. എന്തായാലും സെലന്‍സ്കിയെ നയതന്ത്രത്തിലൂടെ തണുപ്പിക്കുക എന്നതും ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: